---
title: "പ്രതിഷേധം ശക്തം; വ്യാപാരി നേതാവിനെ ആക്രമിച്ചു "
english_title: "The protest is strong; The merchant attacked the leader"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/97744/the-protest-is-strong-the-merchant-attacked-the-leader"
published_at: "2023-02-17T17:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ef6744048ef_akramanam.jpg"
keywords: []
---

# പ്രതിഷേധം ശക്തം; വ്യാപാരി നേതാവിനെ ആക്രമിച്ചു 

> **Lead Summary:** ** വടകര: **വടകര കൂട്ടങ്ങാരത്ത് വ്യാപാരി നേതാവിനെ ആക്രമിച്ചതിൽ പ്രതിഷേധം ശക്തമായി. പിരിച്ചുവിട്ട വിതരണ വ്യാപാരിയെ തിരിച്ചെടുക്കുക എന്ന ആവശ്യവുമായി കഴിഞ്ഞ രണ്ടു മൂന്നു മാസങ്ങളായി നിസ്സഹകരണത്തിൽ ആയിരുന്ന കെ.പി നമ്പൂതിരിസ് വിഷയവുമായി ബന്ധപ്പെട്ടുള്ള കാര്യമാണ് മർദ്ദനത്തിൽ കലാശിച്ചത്.

## Article Content

** വടകര: **വടകര കൂട്ടങ്ങാരത്ത് വ്യാപാരി നേതാവിനെ ആക്രമിച്ചതിൽ പ്രതിഷേധം ശക്തമായി. പിരിച്ചുവിട്ട വിതരണ വ്യാപാരിയെ തിരിച്ചെടുക്കുക എന്ന ആവശ്യവുമായി കഴിഞ്ഞ രണ്ടു മൂന്നു മാസങ്ങളായി നിസ്സഹകരണത്തിൽ ആയിരുന്ന കെ.പി നമ്പൂതിരിസ് വിഷയവുമായി ബന്ധപ്പെട്ടുള്ള കാര്യമാണ് മർദ്ദനത്തിൽ കലാശിച്ചത്.

കേരള വ്യാപാര വ്യവസായി ഏകോപനസമിതി വടകര മണ്ഡലം ജനറൽ സെക്രട്ടറിയും, ഓൾ കേരള ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ ജില്ലാ ജനറൽ സെക്രട്ടറിയുമായ ഹരീഷ് ജയരാജന് നേരെയാണ് കെ പി നമ്പൂതിരീസ് പ്രതിനിധികൾ അക്രമണം നടത്തിയത്.

ഇതിനെ തുടർന്ന് ശക്തമായ ഭാഷയിലാണ് വ്യാപാരി സമൂഹം പ്രതിഷേധിച്ചത്. ഈ അക്രമത്തിന് നേതൃത്വം കൊടുത്ത കമ്പനി പ്രതിനിധികൾക്കെതിരെ നടപടിയെടുക്കുകയും സമരത്തിൽ പിരിച്ചുവിട്ട് ഡിസ്ട്രിബ്യൂട്ടറെ തിരിച്ചെടുക്കുന്നത് വരെ അതിശക്തമായ നിസ്സഹകരണവുമായി വ്യാപാരികൾ ഉണ്ടാവുമെന്നും അറിയിച്ചു.

ഇത്തരം അക്രമത്തിലൂടെ നിസ്സഹകരണ സമരത്തെ ചോരയിൽ മുക്കിക്കൊല്ലാൻ സാധിക്കില്ല. ഇതിനെ അടിച്ചമർത്താൻ ശ്രമിക്കുന്ന കമ്പനിയെയും കമ്പനി ഉദ്യോഗസ്ഥന്മാരെയും കേരള വ്യാപാരി സമൂഹം ഒറ്റക്കെട്ടായി നേരിടുമെന്നും വ്യാപാരി നേതാക്കൾ അറിയിച്ചു.

പ്രതിഷേധത്തിന് വ്യാപാര സമിതി വടകര നിയോജക മണ്ഡലം കമ്മിറ്റി, വടകര മർച്ചന്റ്സ് അസോസിയേഷൻ, കേരള വ്യാപാരി വ്യവസായ ഏകോപന സമിതി യൂത്ത് വിംഗ്, വ്യാപാരി വ്യവസായി സമിതി നാരായണ നഗർ യൂണിറ്റ്, എ.കെ.ഡി.എ വടകര യൂണിറ്റ് തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/97744/the-protest-is-strong-the-merchant-attacked-the-leader)