---
title: "ഇനിയെങ്കിലും ഉണരണം; വടകരയുടെ തീരത്ത് കടലിൽ ജീവനുകൾ പൊലിയുന്നത് പതിവാകുന്നു"
english_title: "At least wake up; It is common to lose lives in the sea along the coast of Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/98382/at-least-wake-up-it-is-common-to-lose-lives-in-the-sea-along-the-coast-of-vadakara"
published_at: "2023-02-20T15:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f33fdf6074b_death_vadakara.jpg"
keywords: []
---

# ഇനിയെങ്കിലും ഉണരണം; വടകരയുടെ തീരത്ത് കടലിൽ ജീവനുകൾ പൊലിയുന്നത് പതിവാകുന്നു

> **Lead Summary:** **വടകര: **കടൽ തീരത്ത് സുരക്ഷ സംവിധാനങ്ങളില്ല, പൊലിയുന്നത് നിരവധി ജീവനുകൾ. ഇനിയും ഹാരിസിനേയോ അനുചന്ദിനേയും പോലുള്ള നാളെയുടെ മക്കളെ മരണച്ചുഴിയിലേക്ക് നടത്തുന്നത് തടയാൻ ശക്തമായ മുൻകരുതലുകളാണ് വേണ്ടത്.

## Article Content

**വടകര: **കടൽ തീരത്ത് സുരക്ഷ സംവിധാനങ്ങളില്ല, പൊലിയുന്നത് നിരവധി ജീവനുകൾ. ഇനിയും ഹാരിസിനേയോ അനുചന്ദിനേയും പോലുള്ള നാളെയുടെ മക്കളെ മരണച്ചുഴിയിലേക്ക് നടത്തുന്നത് തടയാൻ ശക്തമായ മുൻകരുതലുകളാണ് വേണ്ടത്.

അതിന് അധികാരികൾക്ക് ഉണരണം. വടകരയിൽ കടലിൽ വീണും, കടൽത്തിരമാലകളുടെ ഒഴുക്കിൽപെട്ടും അപകടങ്ങൾ വർദ്ധിക്കുന്നു. ഇന്നലെ വൈകിട്ട് അഞ്ചര മണിയോടെ കടൽത്തീരത്ത് ഫുട്ബോൾ കളിക്കുന്നതിനിടെ കടലിലേക്ക് വീണ പന്തെടുക്കാൻ പോയ ബാലൻ ഇന്ന് ഉച്ചയോടെ മരണപ്പെട്ട വാർത്ത വടകര കേട്ടു.

മടപ്പള്ളി ഹയർസെക്കൻഡറി സ്കൂൾ വിദ്യാർത്ഥിയായ മടപ്പള്ളി അറക്കൽ ക്ഷേത്രത്തിനു സമീപം പള്ളിപ്പറമ്പത്ത് മജീഷിന്റെ മകൻ അനുചന്ദാ(14)ണ് മരണപ്പെട്ടത്.

ഇന്നലെ വൈകിട്ട് മുതൽ തന്നെ നാട്ടുകാരുടെയും പൊലീസിന്റെയും, അഗ്നിരക്ഷാ കോസ്റ്റൽ പൊലീസ് ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിലും വ്യാപകമായി തിരച്ചിൽ നടത്തിയിരുന്നു. നാദാപുരം റോഡിന് സമീപമുള്ള മാളിയേക്കൽ ബീച്ച് ഇന്നലെ ഉറങ്ങിയിട്ടില്ല.

നാളെ സമൂഹത്തിനു മുതൽക്കൂട്ടാക്കേണ്ട ഒരു വിദ്യാർത്ഥി കൂടെ നഷ്ടപ്പെട്ടു. ഫെബ്രുവരി 16ന് വ്യാഴാഴ്ച ചോമ്പാല ഹാർബറിൽ ചൂണ്ടയിടാൻ പോയ യുവാവ് അബദ്ധത്തിൽ കാൽവഴുതി കടലിൽ വീണു മരണപ്പെട്ട വാർത്തയും ഞെട്ടലോടെയാണ് വടകര കേട്ടത്.

കുഞ്ഞിപ്പള്ളി ബ്ലോക്ക് ഓഫീസിന് സമീപം സിദ്ദീഖ് മഹലിൽ അബൂബക്കർ ഹാജിയുടെ മകൻ ഹാരിസ് (34) ആയിരുന്നു അന്ന് മരണപ്പെട്ടത്. കടലിൽ നിന്ന് പുറത്തെടുത്ത സമയത്ത് ഹാരിസിന് ജീവൻ ഉണ്ടായിരുന്നുവെന്ന് അഴിയൂർ ഗ്രാമപഞ്ചായത്ത് അംഗമായ പ്രമോദ് നേരത്തെ പറഞ്ഞിരുന്നു.

ഉടൻതന്നെ വടകര സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ആ സമയത്തും ഹാരിസിന് ജീവനുണ്ടായിരുന്നു. ചികിത്സയിൽ ആയിരിക്കെയാണ് യുവാവിന്റെ മരണം. കാലാവസ്ഥ വ്യതിയാനം കൊണ്ട് കടൽത്തിരമാലകളുടെ വേഗത ക്രമാതീതമായി വർദ്ധിച്ചുവരുന്നതായി മത്സ്യത്തൊഴിലാളികളും നാട്ടുകാരും പറയുന്നു.

അതുകൊണ്ടുതന്നെ കടലിൽ എന്തെങ്കിലും ആവശ്യത്തിന് ഇറങ്ങിക്കഴിഞ്ഞാൽ ശക്തമായ തിരമാലകളും വൈകീട്ടുള്ള വേലിയേറ്റവും കാരണം വലിയ അപകട സാധ്യതയാണ് വടകരയിലെ തീര മേഖല അനുഭവപ്പെട്ടു വരുന്നത്.

നേരത്തെ, ചോമ്പാല ഹാർബറിനു സമീപം പ്രാഥമിക ചികിത്സ കേന്ദ്രം വേണമെന്ന് അഴിയൂർ ഗ്രാമപഞ്ചായത്ത് മെമ്പർ പ്രമോദ് ആവശ്യപ്പെട്ടിരുന്നു. വൈകുന്നേരങ്ങളിൽ തീരദേശ പൊലീസിന്റെ നേതൃത്വത്തിൽ ശക്തമായ പെട്രോളിംഗ് നടത്തേണ്ടതായിട്ടുണ്ട്.

അഴിത്തല മുതൽ പൂഴിത്തല വരെ വ്യാപിച്ചുകിടക്കുന്ന വടകരയിലെ തീരദേശ പ്രദേശത്ത് യാതൊരുവിധ സുരക്ഷാ മാനദണ്ഡവും ഇല്ലാതെയാണ് വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർ വ്യത്യസ്തമായ കായിക ഇനങ്ങളിൽ ഏർപ്പെടുന്നത്. ഏതൊക്കെ പ്രദേശത്താണ് കൂടുതൽ അപകട സാധ്യത എന്ന് മുൻകൂട്ടി കണ്ടുകൊണ്ട് അവിടെ കോസ്റ്റൽ പൊലീസ് സേവനം ഉറപ്പാക്കേണ്ടത് നാടിന്റെ ആവശ്യമാണ്.

വടകരയിൽ ഇത് ആദ്യമല്ല ബോൾ എടുക്കുന്നതിനിടെ അപകടത്തിൽ പെടുന്നതും മരണപ്പെടുന്നതും. നേരത്തെ കൈനാട്ടി മുട്ടുങ്ങൽ ബീച്ചിലും സമാനമായ അനുഭവം ഉണ്ടായിരുന്നു. വടകരയിലെ തീരദേശ മേഖലകൾ അനുഭവപ്പെടുന്ന പ്രശ്നങ്ങളെ കുറിച്ച് സമഗ്രമായ ഒരു സർവ്വകക്ഷി യോഗത്തിനുള്ള സ്ഥിതിഗതിയിലേക്കാണ് കാര്യങ്ങൾ പോകുന്നത്.

ഇനിയൊരു ഹാരിസോ, അനുചന്ദോ മരണച്ചുഴിയിലേക്ക് അകപ്പെടാതിരിക്കാനുള്ള ശക്തമായ മുൻകരുതലുകളും. അതിന് അധികാരികൾക്ക് സാധ്യമാകട്ടെ എന്ന പ്രത്യാശയിലാണ് തീരദേശവാസികൾ.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/98382/at-least-wake-up-it-is-common-to-lose-lives-in-the-sea-along-the-coast-of-vadakara)