---
title: "അപകട മരണങ്ങൾ; ആശങ്കയോടെ മത്സ്യത്തൊഴിലാളികൾ"
english_title: "accidental deaths; Concerned fishermen"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/98426/accidental-deaths-concerned-fishermen"
published_at: "2023-02-20T19:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f37924e9be4_beach.jpg"
keywords: []
---

# അപകട മരണങ്ങൾ; ആശങ്കയോടെ മത്സ്യത്തൊഴിലാളികൾ

> **Lead Summary:** **വടകര:** മടപ്പള്ളി മാളിയേക്കൽ ബീച്ചിൽ കഴിഞ്ഞദിവസം ബോൾ എടുക്കുന്നതിനിടെ വിദ്യാർത്ഥി മരിച്ചത് നാടിനെയാകെ ദുഃഖത്തിലാഴ്ത്തി. ഇന്നലെ വൈകിട്ട് അഞ്ചരമണിയോടെ കടൽത്തീരത്ത് ഫുട്ബോൾ കളിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.

## Article Content

**വടകര:** മടപ്പള്ളി മാളിയേക്കൽ ബീച്ചിൽ കഴിഞ്ഞദിവസം ബോൾ എടുക്കുന്നതിനിടെ വിദ്യാർത്ഥി മരിച്ചത് നാടിനെയാകെ ദുഃഖത്തിലാഴ്ത്തി. ഇന്നലെ വൈകിട്ട് അഞ്ചരമണിയോടെ കടൽത്തീരത്ത് ഫുട്ബോൾ കളിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.

കടലിലേക്ക് വീണ പന്തെടുക്കാൻ പോയതായിരുന്നു അനുചന്ദ്(14) എന്ന ഒമ്പതാം ക്ലാസ് വിദ്യാർത്ഥി. സന്ധ്യാസമയത്ത് ചന്ദ്രന്റെ ആകർഷണം ഭൂമിയിൽ വർദ്ധിക്കുന്ന സമയമാണ്. കടൽ ഉൾവലിയുന്ന ഈ സമയത്ത് തിരമാലകളിൽ അകപ്പെട്ടാൽ ഉൾവലിഞ്ഞു പോകാനുള്ള സാധ്യത വളരെ കൂടുതലാണ്, മത്സ്യ തൊഴിലാളികൾ പറയുന്നു.

ഇന്നലെ അനുചന്ദിന് സംഭവിച്ചതും ഇതായിരിക്കാം. കടലിലേക്ക് പോയ ബോൾ എടുക്കുന്നതിനിടെ ശക്തമായ വേലിയിറക്കത്തിൽ അകപ്പെട്ടു പോയതായിരിക്കാം. സന്ധ്യ സമയത്ത് മാത്രം ഉണ്ടാകുന്ന ഈ ഒരു പ്രതിഭാസം വളരെ വേഗതയിലാണ് സംഭവിക്കുന്നത് എന്നത് ഇതിന്റെ ഗൗരവം വർധിപ്പിക്കുന്നു.

കുട്ടികളാണ് ഇത്തരത്തിൽ അപകടത്തിൽപ്പെടുന്നത്. മുതിർന്നവരെക്കാളും കുട്ടികൾക്ക് ഇതിനെ പ്രതിരോധിച്ചു നിർത്താനുള്ള കരുത്ത് ഉണ്ടാവില്ല. വൈകീട്ട് നാലുമണി മുതലാണ് ഇത്തരത്തിലുള്ള പ്രതിഭാസം ആരംഭിക്കുന്നത്. പിന്നീട് ഏകദേശം 8 മണി വരെ കടലിന്റെ സ്വഭാവത്തിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടാകും.

ഈ സമയത്ത് കടലിൽ ഇറങ്ങുന്നത് പ്രത്യേകിച്ച് കുട്ടികൾക്ക് വലിയ അപകടം സംഭവിക്കാനുള്ള സാധ്യതണ്ടെന്ന് മത്സ്യ തൊഴിലാളികൾ പറയുന്നു. വൈകുന്നേരങ്ങളിൽ വടകരയിലെ തീരദേശ മേഖലകളിൽ കോസ്റ്റൽ ഗാർഡിന്റെയോ കോസ്റ്റൽ പൊലീസിന്റെയോ സഹായ സംവിധാനം വേണം.

ചോമ്പാൽ ഹാർബറിൽ ചൂണ്ട ഇടുന്നതിനിടെ കടലിൽ വീണു ഹാരിസ് എന്ന വ്യക്തി ഏതാനും ദിവസങ്ങൾക്കു മുമ്പാണ് മരണപ്പെട്ടത്. മാസങ്ങൾക്ക് മുമ്പ് മുട്ടുങ്ങൽ ബീച്ചിലും ഫുട്ബോൾ കളിക്കിടെ വിദ്യാർത്ഥി കടലിൽ അകപ്പെടുന്ന സംഭവം ഉണ്ടായി. ഇത്തരത്തിലുള്ള ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ ശക്തമായ മുൻകരുതലുകളും, ബോധവൽക്കരണവും സ്കൂളിലും പൊതുസമൂഹത്തിലും ആവശ്യമാണ്.

കോസ്റ്റൽ ഗാർഡോ കോസ്റ്റൽ പൊലീസിന്റേയോ സംരക്ഷണമില്ലാത്ത സ്ഥലങ്ങളിൽ വൈകുന്നേരങ്ങളിലുള്ള പ്രത്യേകിച്ച് കുട്ടികളുടെ കളി എത്രയും പെട്ടെന്ന് ഒഴിവാക്കേണ്ടതായിട്ടുണ്ട്.

മാത്രമല്ല, കാലാവസ്ഥ വ്യതിയാനം കടൽത്തീരത്തിന്റെയും കടൽ തിരമാലകളുടെയും വേഗതയിൽ കാര്യമായ മാറ്റം സംഭവിച്ചിട്ടുണ്ട്. അധികൃതർ ഇക്കാര്യത്തിൽ കൂടുതൽ ജാഗ്രത വിദ്യാർത്ഥികളിൽ പകർന്നു നൽകാനുള്ള നടപടി എത്രയും പെട്ടെന്ന് സ്വീകരിക്കണമെന്ന് മത്സ്യ തൊഴിലാളികൾ നിർദ്ദേശിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/98426/accidental-deaths-concerned-fishermen)