---
title: "മാഹിയുടെ അതിഥി; പച്ചക്കറികൃഷിയിറക്കി മാതൃകയായി ഉത്തരേന്ത്യൻ  യുവാവ് "
english_title: "North Indian youth set an example by starting green farming"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/98651/north-indian-youth-set-an-example-by-starting-green-farming-new"
published_at: "2023-02-21T19:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f4cc1e9b563_MAHI_KRISHI.jpg"
keywords: []
---

# മാഹിയുടെ അതിഥി; പച്ചക്കറികൃഷിയിറക്കി മാതൃകയായി ഉത്തരേന്ത്യൻ  യുവാവ് 

> **Lead Summary:** **മാഹി:** ഉത്തരേന്ത്യൻ യുവാവ് കോപ്പാലത്ത് 'കദു' പച്ചക്കറികൃഷിയിറക്കി മാതൃകയായി. കോപ്പാലം ചവക്ക മുക്കിലെ മുക്കം മെറ്റൽസ് എന്ന സ്ഥാപനത്തിലെ ജെ.സി.ബി.ഓപ്പറേറ്ററാണ് ബീഹാർ കടിയാർ ജില്ലയിലെ 'തുഫാനി കുമാർ റായി' എന്ന 28 കാരൻ.

## Article Content

**മാഹി:** ഉത്തരേന്ത്യൻ യുവാവ് കോപ്പാലത്ത് 'കദു' പച്ചക്കറികൃഷിയിറക്കി മാതൃകയായി. കോപ്പാലം ചവക്ക മുക്കിലെ മുക്കം മെറ്റൽസ് എന്ന സ്ഥാപനത്തിലെ ജെ.സി.ബി.ഓപ്പറേറ്ററാണ് ബീഹാർ കടിയാർ ജില്ലയിലെ 'തുഫാനി കുമാർ റായി' എന്ന 28 കാരൻ.

കദു എന്ന് ബീഹാറിൽ അറിയപ്പെടുന്ന പച്ചക്കറി നട്ടു പടർത്തിയത്. തുഫാനി തൻ്റെ ജോലി കഴിഞ്ഞാൽ ഓഫീസിനോട് ചേർന്നുള്ള മുറിയിലാണ് താമസം. തൊട്ടു താഴെ പൊന്ന്യം പുഴയിൽ സുലഭമായി വെള്ളം കിട്ടും.

സ്ഥാപനത്തിൽ ഒഴിഞ്ഞു കിടക്കുന്ന സ്ഥലം ഇതെല്ലാം മനസിലാക്കിയ തുഫാനി പച്ചക്കറി കൃഷി ചെയ്യുവാൻ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ വർഷം നാട്ടിൽ പോയി തിരിച്ചു വന്നത് കദു കായയുടെ വിത്തുമായാണ്.

10 രൂപയ്ക്ക് നാല് വിത്താണ് വാങ്ങി വന്നത്.കഴിഞ്ഞ നവമ്പറിൽ വിത്ത് പാകി ചെടികൾക്ക് പടരുവാൻ 10 അടി ഉയരത്തിൽ മുള ഉപയോഗിച്ച് പന്തലൊരുക്കി. സ്ഥാപനത്തിൻ്റെ ഉടമ മനു ചമ്പാട് ആവശ്യമായ ജൈവവളവും എത്തിച്ച് കൊടുത്തു.

കഴിഞ്ഞ മാസം മുതൽ 5 കിലോ ഭാരമുള്ള കായ്കൾ വിളവെടുപ്പ് തുടങ്ങി. ബീഹാറിൽ ഈ കായ്കൾക്ക് കിലോവിന് മാർക്കറ്റിൽ 25 രൂപ വില വരുമെന്ന് തുഫാനി പറയുന്നു. നാട്ടിലെ പടവലങ്ങയുടെ രുചിയാണിതിന്.

ഓലൻ, വറവ്, പരിപ്പ് ചേർത്ത് കറിയും വെക്കാം. ഈ കർഷകൻ പരിസര വാസികൾക്കും, സ്ഥാപനത്തിൽ പൂഴി വാങ്ങുവാൻ വരുന്നവർക്കും സൗജന്യമായാണ് ഇത് നൽകിയത്. 100 ഓളം കായകൾ വിളവെടുത്തു.10 കിലോ ഭാരമുള്ള രണ്ട് കായകൾ പറിക്കാതെ വിത്തിന് വെച്ചിരിക്കുകയാണ്.

ഒരു മാസം കൊണ്ട് കായകൾ വിളവെടുപ്പിന് പാകമാകും .ഇത് കൂടാതെ വെണ്ടയ്ക്കയും, ചീരയും ഈ വളപ്പിൽ തുഫാനി കൃഷി ചെയ്യുന്നുണ്ട്. നാട്ടിൽ നിന്ന് കൃഷിക്കാരനായ തൻ്റെ അച്ഛനിൽ നിന്നാണ് കൃഷിയുടെ ബാലപാഠം പഠിച്ചതെന്ന് തുഫാനി പറഞ്ഞു. തുഫാനിയുടെ ഭാര്യയും രണ്ട് മക്കളും ബീഹാറിലാണ്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/98651/north-indian-youth-set-an-example-by-starting-green-farming-new)