---
title: "ചരിത്രം സൃഷ്ടിച്ചു; ചിത്രകലയിൽ ചരിത്രം സൃഷ്ടിച്ച് അഞ്ച് യുവതികൾ"
english_title: "History was made; Five young women have created history in painting"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/98877/history-was-made-five-young-women-have-created-history-in-painting"
published_at: "2023-02-22T17:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f5ff5fdd809_karthika_palli_kshethram.jpg"
keywords: []
---

# ചരിത്രം സൃഷ്ടിച്ചു; ചിത്രകലയിൽ ചരിത്രം സൃഷ്ടിച്ച് അഞ്ച് യുവതികൾ

> **Lead Summary:** **വടകര: **ക്ഷേത്ര ചിത്രകലയിൽ ചരിത്രം സൃഷ്ടിച്ച് അഞ്ച് യുവതികൾ. വടകര കാർത്തികപ്പള്ളിയിലെ മണ്ണമ്പ്രത്ത് ദേവീക്ഷേത്രത്തിലെ മുഖപ്പിൽ ചരിത്രം പിറന്നു. ക്ഷേത്രച്ചുവരിൽ നിറങ്ങൾ കൊണ്ട് വിസ്മയം തീർത്തിരിക്കുകയാണ് അഞ്ച് സ്ത്രീകൾ.

## Article Content

**വടകര: **ക്ഷേത്ര ചിത്രകലയിൽ ചരിത്രം സൃഷ്ടിച്ച് അഞ്ച് യുവതികൾ. വടകര കാർത്തികപ്പള്ളിയിലെ മണ്ണമ്പ്രത്ത് ദേവീക്ഷേത്രത്തിലെ മുഖപ്പിൽ ചരിത്രം പിറന്നു. ക്ഷേത്രച്ചുവരിൽ നിറങ്ങൾ കൊണ്ട് വിസ്മയം തീർത്തിരിക്കുകയാണ് അഞ്ച് സ്ത്രീകൾ.

ക്ഷേത്രത്തിന്റെ മുഖപ്പ് വരയ്ക്കുക എന്ന ഉത്തരവാദിത്വമാണ് ഇവർ ഏറ്റെടുത്തത്. ക്ഷേത്രത്തിന്റെ മുഖപ്പ് വരയ്ക്കാമോ എന്ന ചോദ്യം ആദ്യം വെല്ലുവിളി ആയിരുന്നെങ്കിലും വടകര സ്വദേശിയായ അമ്പിളി രാജീവ് പതറാതെ ആ ഉത്തരവാദിത്വം ഏറ്റെടുക്കുകയായിരുന്നു.

കൂട്ടുകാരിയും ചിത്രകാരിയുമായ രജിതാ രാധാകൃഷ്ണനും ഒപ്പം ചേർന്നു. ചിത്രമെഴുത്തിന് കൂട്ടായി തലശ്ശേരി സ്കൂൾ ഓഫ് ആർട്സ് വിദ്യാർത്ഥികളായ അനശ്വരയും, സ്വാതിയും, ഹരിതയുമുണ്ടായിരുന്നു. അനുമതി നൽകുമോ എന്നതായിരുന്നു അടുത്ത കടമ്പ.

സ്ത്രീകൾ തയ്യാറാണെങ്കിൽ അവർ വരക്കട്ടെ എന്ന് ക്ഷേത്ര കമ്മിറ്റിയും തീരുമാനമെടുത്തതോടെ കാർത്തികപ്പള്ളിയിലെ മണ്ണമ്പ്രത്ത് ദേവീക്ഷേത്രത്തിലെ മുഖപ്പിൽ ചരിത്രം പിറന്നു. കൊത്തുപണിയിൽ ചിത്രങ്ങൾ വരച്ച് അക്രിലിക് പെയിന്റ് ചെയ്താണ് അമ്പലത്തിന്റെ മുഖപ്പ് സുന്ദരമാക്കി തീർക്കുന്നത്.

ചുമരിലെയും സീലിങ്ങിലെയും ചിത്രം ആരെയും ആകർഷിക്കും. ക്ഷേത്ര വിശ്വാസവും ആചാരങ്ങളും സംവദിക്കുന്നതാണ് ചിത്രങ്ങൾ. 20 ദിവസം കൊണ്ടാണ് ചിത്ര പണികൾ പൂർത്തീകരിച്ചത്. മറ്റു ക്ഷേത്ര കമ്മിറ്റികളും ഇവരെ മ്യൂറൽ പെയിന്റിങ്ങിനായി സമീപിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/98877/history-was-made-five-young-women-have-created-history-in-painting)