---
title: "കണ്ണീരോടെ പ്രണാമം; ചേതനയറ്റ ശരീരത്തിന് മുന്നിൽ വിതുമ്പി കുടുംബം"
english_title: "Prostrate with tears; Vithumpi family in front of the lifeless body"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/99148/prostrate-with-tears-vithumpi-family-in-front-of-the-lifeless-body"
published_at: "2023-02-23T18:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f767060cedf_amal.jpg"
keywords: []
---

# കണ്ണീരോടെ പ്രണാമം; ചേതനയറ്റ ശരീരത്തിന് മുന്നിൽ വിതുമ്പി കുടുംബം

> **Lead Summary:** **നന്തി: ** മൂന്നുമാസത്തിനുശേഷം സതീഷും കുടുംബവും അമലിനെ കണ്ടു ചേതനയറ്റ നിലയിൽ. ദുബായിലെ റാഷിദയ്യയിൽ മരിച്ച നിലയിൽ കണ്ടെത്തിയ നന്തി സ്വദേശി പുത്തലത്ത് വീട്ടിൽ അമൽ സതീഷിന്റെ മൃതദേഹം സംസ്കരിച്ചു. ഇന്ന് രാവിലെ 11:30 യോടെയാണ് മൃതദേഹം നന്തിയിലെ വീട്ടിലെത്തിച്ചത്.

## Article Content

**നന്തി: ** മൂന്നുമാസത്തിനുശേഷം സതീഷും കുടുംബവും അമലിനെ കണ്ടു ചേതനയറ്റ നിലയിൽ. ദുബായിലെ റാഷിദയ്യയിൽ മരിച്ച നിലയിൽ കണ്ടെത്തിയ നന്തി സ്വദേശി പുത്തലത്ത് വീട്ടിൽ അമൽ സതീഷിന്റെ മൃതദേഹം സംസ്കരിച്ചു. ഇന്ന് രാവിലെ 11:30 യോടെയാണ് മൃതദേഹം നന്തിയിലെ വീട്ടിലെത്തിച്ചത്.

അധികം വൈകാതെ തന്നെ സംസ്കാര ചടങ്ങുകളും നടന്നു. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ഇന്നലെയാണ് മൃതദേഹം ദുബായിലെ സോനാപൂർ ഹെൽത്ത് സെന്ററിൽ നിന്നും ആംബുലൻസിൽ എയർപോർട്ടിൽ എത്തിച്ചത്. രാവിലെ 9 മണിയോടെ എയർപോർട്ടിൽ എത്തിയ മൃതദേഹം നന്തിയിലെ വീട്ടിലേക്ക് കൊണ്ടുവരികയായിരുന്നു.

നിരവധി ആളുകളാണ് അമലിനെ അവസാനമായി ഒരു നോക്ക് കാണാൻ നന്തിയിലെ വീട്ടിലെത്തിയത്. അമലിന്റെ മൃതദേഹം കണ്ടെത്തി എന്ന വാർത്ത വരുന്നതുവരെ മകൻ ജീവനോടെ തിരിച്ചെത്തും എന്ന് പ്രതീക്ഷയിൽ കാത്തിരിപ്പിലായിരുന്നു അച്ഛൻ സതീഷും ബന്ധുക്കളുമെല്ലാം.

മൂന്നര മാസംമുമ്പ് ദുബായിൽ നിന്നുമാണ് അമലിനെ കാണാതായത്. തുടർന്ന് അമലിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയെങ്കിലും യുവാവിനെ കണ്ടെത്താൻ സാധിച്ചിരുന്നില്ല. റാഷിദയ്യയിലെ ആളൊഴിഞ്ഞ വീട്ടിൽ രണ്ടാഴ്ച മുമ്പാണ് മൃതദേഹം കണ്ടെത്തിയത്.

തുടർന്ന് പൊലീസ് മൃതദേഹം മോർച്ചറിയിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ വെച്ചാണ് മൃതദേഹം അമൽ സതീഷിന്റേതാണെന്ന് തിരിച്ചറിഞ്ഞത്. ഒക്ടോബർ 20നാണ് നന്തി സ്വദേശി അമൽ സതീഷിനെ ദുബായിൽ വച്ച് കാണാതാവുന്നത്.

ദുബായ് സിറ്റിയിലെ പ്രമുഖ ഷോറൂമിലെ ജീവനക്കാരൻ ആയിരുന്നു അമൽ. വടകരയിലെ കമ്പനി ഇൻറർവ്യൂയിൽ സെലക്ഷൻ കിട്ടിയതിനെ തുടർന്നാണ് എട്ടുമാസം മുമ്പ് അമൽ ദുബായിൽ എത്തുന്നത്. ഇന്റർവ്യൂ ടൈമിൽ പറഞ്ഞതിനേക്കാൾ കൂടുതൽ സമയം ജോലി ചെയ്യേണ്ടി വന്നതുമൂലം കൃത്യമായി ഉറക്കം പോലും ഇല്ലായിരുന്നു. ശാരീരിക പരമായും, മാനസിക പരമായും അവശനായതായി അമൽ പറഞ്ഞിരുന്നായി ബന്ധുക്കൾ പറഞ്ഞു.

തുടർന്ന് നാട്ടിലേക്ക് പോകാൻ കമ്പനിയോട് ലീവ് ചോദിച്ചെങ്കിലും അനുവദിച്ചില്ല. രണ്ടു വർഷത്തെ കരാർ ഉള്ളതിനാൽ ലീവ് അനുവദിക്കാൻ ആവില്ലെന്നാണ് കമ്പനി പറഞ്ഞത്. ഇതോടെ അമൽ മാനസികമായി വീണ്ടും തളർന്നെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു.

അമലിന്റെ അച്ഛൻ കമ്പനി അധികൃതരുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിൽ ഒക്ടോബർ 20ന് നാട്ടിലേക്ക് അയക്കാം എന്ന് ഉറപ്പു നൽകിയിരുന്നു. എന്നാൽ പാസ്പോർട്ടിനായി അമൽ കമ്പനിയെ സമീപിച്ചപ്പോൾ നൽകാൻ കമ്പനി തയ്യാറായില്ല. ഒക്ടോബർ 20ന് അവസാനമായി അമൽ വീട്ടിലേക്ക് വിളിച്ചപ്പോൾ ഇക്കാര്യം വീട്ടുകാരോട് പറയുകയും ചെയ്തിരുന്നു.

എന്നാൽ പിന്നീട് കാര്യങ്ങളെല്ലാം വശളാവുകയായിരുന്നു. പിന്നീട് അമലിനെ കുറിച്ച് ഒരു വിവരവുമില്ല. മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. അമലിനെ തിരഞ്ഞ് അച്ഛൻ സതീഷും ബന്ധുക്കളും രണ്ടുമാസത്തിലേറെയായി ദുബായിലായിരുന്നു.

രണ്ടാഴ്ച മുമ്പാണ് ഇവർ നാട്ടിലേക്ക് വന്നത്. ഇതിന് പിന്നാലെയാണ് അമലിന്റെ മൃതദേഹം കണ്ടെത്തിയത്. സതീഷിന്റെയും പ്രമീളയുടെയും ഏക മകനാണ് അമൽ. സഹോദരി അമൃത. കൂട്ടുകാരന്റെ അപ്രതീക്ഷിത വിയോഗത്തിൽ തേങ്ങുകയാണ് നന്തിയിലെ സുഹൃത്തുക്കൾ.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/99148/prostrate-with-tears-vithumpi-family-in-front-of-the-lifeless-body)