---
title: "വടകര ഒരുങ്ങി; പ്രതിരോധ ജാഥയെ വരവേൽക്കാൻ "
english_title: "Vadakara is ready; To meet the resistance march"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/99163/vadakara-is-ready-to-meet-the-resistance-march"
published_at: "2023-02-23T20:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f77b6738de9_mv_govindan.jpg"
keywords: []
---

# വടകര ഒരുങ്ങി; പ്രതിരോധ ജാഥയെ വരവേൽക്കാൻ 

> **Lead Summary:** **വടകര:** ജനകീയ പ്രതിരോധ ജാഥയെ വരവേൽക്കാൻ വടകര ഒരുങ്ങി. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയുടെ സ്വീകരണ ഒരുക്കങ്ങൾ വടകരയിൽ പൂർത്തിയായതായി സംഘാടകസമിതി ഭാരവാഹികൾ അറിയിച്ചു.

## Article Content

**വടകര:** ജനകീയ പ്രതിരോധ ജാഥയെ വരവേൽക്കാൻ വടകര ഒരുങ്ങി. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയുടെ സ്വീകരണ ഒരുക്കങ്ങൾ വടകരയിൽ പൂർത്തിയായതായി സംഘാടകസമിതി ഭാരവാഹികൾ അറിയിച്ചു.

ജാഥയ്ക്ക് ശനിയാഴ്ച വൈകുന്നേരം 3 മണിക്ക് കോട്ടപ്പറമ്പിൽ ഉജ്ജ്വല സ്വീകരണം നൽകും. സ്വീകരണ പരിപാടി വിജയിപ്പിക്കുന്നതിന്റെ മുന്നോടിയായി മണ്ഡലത്തിലെ 148 ബൂത്തുകളിലും, കുടുംബയോഗങ്ങളും, വിളംബര ജാഥകളും നടന്നു.

കുറ്റ്യാടി മണ്ഡലത്തിലെ ആയഞ്ചേരിയിലെ സ്വീകരണത്തിനു ശേഷം ജാഥ കോട്ടപ്പറമ്പിൽ എത്തിച്ചേരും. കോട്ടപ്പറമ്പിലെ പ്രത്യേകം സജ്ജമാക്കിയ വേദിയിൽ രണ്ടു മണിയോടെ മേമുണ്ട ഹയർ സെക്കൻഡറി സ്കൂൾ മ്യൂസിക് ടീമിന്റെ സംഗീത വിരുന്ന് ആരംഭിക്കും.

17 ലോക്കലുകളിൽ നിന്നായി 500 ഓളം റെഡ് വളണ്ടിയർമാരിൽ നിന്നും ജാഥാ ലീഡർ ഗാർഡ് ഓഫ് ഓണർ സ്വീകരിക്കും. അഞ്ചു വിളക്ക് ജംഗ്ഷനിൽ നിന്ന് ജാഥയെ കോട്ടപ്പറമ്പിലേക്ക് ആനയിക്കും.

ഒഞ്ചിയം രക്തസാക്ഷി കുടുംബാംഗങ്ങൾ ഉൾപ്പെടെ 15 രക്തസാക്ഷി കുടുംബാംഗങ്ങളും മുതിർന്ന സിപിഎം നേതാക്കളും വേദിയിൽ സമരസാന്നിധ്യമാകും.

കലാസാംസ്കാരിക രംഗത്തെ പ്രമുഖരും ജാഥയ്ക്ക് അഭിവാദ്യം അർപ്പിച്ച് വേദിയിലെത്തും. വടകരയിലെ സ്വീകരണത്തിന് 15,000 ലേറെ പേർ അഭിവാദ്യം നേരാനെത്തും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/99163/vadakara-is-ready-to-meet-the-resistance-march)