---
title: "മുത്തശ്ശിയുടെ കരുതൽ;  'രാധേ ശ്യാം'  കൃഷ്ണഭക്തിയുടെ നിദാനം - വിനീത വേണുഗോപാൽ"
english_title: "Grandmother Care; 'Radhe Shyam' An Epitome of Krishna Bhakti - Vineeta Venugopal"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/99187/grandmother-care-radhe-shyam-an-epitome-of-krishna-bhakti-vineeta-venugopal"
published_at: "2023-02-23T21:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f7943964750_vineeth_venugopal.jpg"
keywords: []
---

# മുത്തശ്ശിയുടെ കരുതൽ;  'രാധേ ശ്യാം'  കൃഷ്ണഭക്തിയുടെ നിദാനം - വിനീത വേണുഗോപാൽ

> **Lead Summary:** **വടകര: **'രാധേ ശ്യാം' എന്ന കാവ്യാ സമാഹാര പുസ്തകത്തിന്റെ രചയിതാവ് വിനീത വേണുഗോപാലിന്റെ പുസ്തക രചനയുടെ പിന്നിൽ തന്റെ മുത്തശ്ശി. കുഞ്ഞുനാൾ മുതൽ തന്നെ മുത്തശ്ശിയുടെ അടുത്ത് നിന്നും കർക്കടകമാസത്തിൽ രാമായണവും, ചിങ്ങമാസത്തിൽ കൃഷ്ണഭക്തിയുടെ ഗീതങ്ങളും ശ്രവിക്കുവാൻ ഇടയായി.

## Article Content

**വടകര: **'രാധേ ശ്യാം' എന്ന കാവ്യാ സമാഹാര പുസ്തകത്തിന്റെ രചയിതാവ് വിനീത വേണുഗോപാലിന്റെ പുസ്തക രചനയുടെ പിന്നിൽ തന്റെ മുത്തശ്ശി. കുഞ്ഞുനാൾ മുതൽ തന്നെ മുത്തശ്ശിയുടെ അടുത്ത് നിന്നും കർക്കടകമാസത്തിൽ രാമായണവും, ചിങ്ങമാസത്തിൽ കൃഷ്ണഭക്തിയുടെ ഗീതങ്ങളും ശ്രവിക്കുവാൻ ഇടയായി.

മാത്രമല്ല, താൻ ജനിച്ചു വളർന്ന ചേന്ദമംഗലം ഗ്രാമവും അതിന്റെ പശ്ചാത്തലവും എല്ലാം ഭക്തിസാന്ദ്രമായിരുന്നു. പുരാതനമായ ചേന്ദമംഗലം ക്ഷേത്രത്തിൽ മുത്തശ്ശിയോടൊപ്പം തൊഴാൻ പോയ രംഗങ്ങളും കാലഘട്ടങ്ങളും ഇന്നും വളരെ നന്മയോടെയാണ് ഓർക്കുന്നത്.

ഈശ്വര ഭക്തിയും ക്ഷേത്ര വിശ്വാസവും ചെറുപ്പകാലം മുതൽ തന്നെ ആത്മാർത്ഥതയോടെയാണ് മുന്നോട്ടു കൊണ്ടുപോയത്. പക്ഷേ, ആ സമയത്തൊന്നും ഒരു കവിതാ രചന ആലോചിച്ചിട്ട് പോലുമില്ല. എന്നാൽ കവിതാലാപനത്തോടും നൃത്തത്തോടും ചെറുപ്പം മുതലേ താല്പര്യമുണ്ടായിരുന്നു.

വടകര കോൺവെന്റിലായിരുന്നു ഹൈസ്കൂൾ പഠനം, മടപ്പള്ളി കോളേജിൽ നിന്നും പ്രീഡിഗ്രി പഠനം പൂർത്തിയാക്കി. അക്കാലത്ത് മടപ്പള്ളി കോളേജിലെ പഠനകാലയളവിൽ ഒരു നാല് വരി കവിതാ സ്വന്തമായി എഴുതി. അതിപ്രകാരമാണ്. ' 'എവിടേക്ക് പോകുന്നു നാം, എന്തിനായ് കൊതിക്കുന്നു നാം. അഹങ്കാരത്തിന്റെ കളരിയിലേയ്ക്കോ അതോ രക്തക്കൊതി പൂണ്ട രണഭൂവിലേയ്ക്കോ? തുടർന്ന് വടകര മേഴ്സി കോളേജിൽ വെച്ചായിരുന്നു ഡിഗ്രി പഠനം.

ബി.എ ഹിസ്റ്ററി ആയിരുന്നു പഠിച്ചത് അന്ന് മലയാളം ക്ലാസിൽ സോണിയ ടീച്ചർ എന്ന അധ്യാപിക പഠിക്കാൻ ഉണ്ടായിരുന്ന കവിതയിലെ സാരാംശം ഗദ്യ രൂപത്തിൽ എഴുതാൻ ആവശ്യപ്പെട്ടു. ഏറ്റവും മികച്ച ഗദ്യത്തിന് പ്രത്യേക സമ്മാനം നൽകുമെന്ന ഉറപ്പും വാഗ്ദാനം ചെയ്തു.

ഒരു നിമിത്തമെന്ന് പറയട്ടെ എന്റെ ഗദ്യത്തിനായിരുന്നു, ഏറ്റവും മികച്ച സ്ഥാനവും ഒന്നാം സമ്മാനവും ലഭിച്ചത്. കൃഷ്ണന്റെയും രാധയുടെയും വിരഹമായിരുന്നു അതിലെ പ്രമേയം. പഠനത്തിനുശേഷം, വടകര താലൂക്കിലെ പ്രധാനപ്പെട്ട ചില സ്കൂളുകളിൽ അധ്യാപികയായി ജോലി ചെയ്ത് വന്നു.

ജീവിതത്തിൽ താൻ അനുഭവിച്ച ദുഃഖങ്ങളാണ് ഭഗവാനുമായി കൂടുതൽ അടുപ്പിച്ചത്. ഒരുകാലത്ത് നിസ്സാര കാര്യം പോലും മനസ്സിനെ വല്ലാതെ വേദനിപ്പിച്ചിരുന്നു. എന്നാൽ മറ്റുള്ളവരുടെ ദുഃഖങ്ങൾ കാണുമ്പോൾ അവർ തന്നെക്കുറിച്ച് ചിന്തിക്കാറുണ്ടായിരുന്നു. ഇവരുടെ സ്ഥാനത്ത് ഞാനായിരുന്നെങ്കിൽ എനിക്കും ഇവരെപ്പോലെ വേദനിക്കേണ്ടി വരില്ലേ എന്ന്.

അതുകൊണ്ടുതന്നെ എൻ്റെ കൺമുന്നിൽ എത്തിപ്പെടുന്ന ഏതൊരു വ്യക്തിക്കും മറ്റു ജീവജാലങ്ങൾക്കും വേണ്ടി അവരൊരു വിഷമാവസ്ഥയിൽ ആണെങ്കിൽ, ഭഗവാനോട് അവരുടെ ദുഃഖം ഇല്ലാതാക്കാൻ വേണ്ടി പ്രാർത്ഥിക്കാറുണ്ട്. ഒരുപക്ഷേ മനസ്സിന്റെ ഈ ഒരു നന്മയായിരിക്കാം തന്നെ 'രാധേ ശ്യാ'മിന്റെ രചയിതാവാക്കി മാറ്റിയത്.

രാധേ ശ്യാമിലെ ഏതാണ്ട് 8 ഓളം ഗാനങ്ങൾ ചേർത്ത് 'രാധാമാധവം' എന്ന ഒരു സംഗീത ശിൽപം സ്കൂൾ ടീച്ചറായി ജോലി ചെയ്യുന്ന സമയത്ത് കുട്ടികളെ പഠിപ്പിച്ച് സ്കൂൾ വാർഷികത്തിന് അവതരിപ്പിച്ചിരുന്നു. അന്ന് ഈ ഗാനങ്ങൾ സ്റ്റുഡിയോയിൽ പോയി പാടാൻ തന്നെ സഹായിച്ചത് വടകരയിലെ വത്സൻ മാസ്റ്ററായിരുന്നു. പുതിയ ബസ് സ്റ്റാൻഡിന് അടുത്തുള്ള മ്യൂസിക് ഹട്ടിൽ വെച്ചാണ് റെക്കോർഡിങ് നടത്തിയത്.

ചെറുപ്പം മുതലേ നാമജപവുമായി പൂജാമുറിയിൽ കുറെ സമയം ചെലവഴിക്കാറുണ്ടായിരുന്നു. കണ്ണന്റെയും മറ്റ് ദൈവങ്ങളുടെയും മുന്നിൽ പുഷ്പങ്ങളും തുളസീദളവും അർപ്പിക്കാറുണ്ടായിരുന്നു. കണ്ണന് തുളസീ മാല കെട്ടി ചാർത്തുകയെന്നത് തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു. വീട്ടിൽ ഉണ്ടാക്കുന്ന മുല്ലപ്പൂക്കൾ, കോർത്തു മാലയാക്കി കണ്ണന് ചാർത്താറുണ്ടായിരുന്നു.

അമ്മയാണ് മാലകോർക്കാൻ പഠിപ്പിച്ചത്. കൂടാതെ താൻ ആദ്യമായി പാചകം ചെയ്യാൻ തുടങ്ങിയപ്പോൾ, ഉണ്ടാക്കുന്ന വിഭവങ്ങളായ പായസം, അവൽ കുഴച്ചത്, ലഡു, മറ്റു മധുര പലഹാരങ്ങൾ, വെണ്ണ , പഴങ്ങൾ, മിഠായി എന്നിവയെല്ലാം കണ്ണന്റെ മുന്നിൽ വെയ്ക്കുന്ന പതിവുണ്ടായിരുന്നു. മാത്രമല്ല ആരെങ്കിലും സമ്മാനം തന്നാൽ അത് കണ്ണന്റെ മുമ്പിൽ കാണിച്ച് നന്ദി പറയാറുമുണ്ട്.

അതുപോലെ വീട്ടിൽ നിന്ന് എഴുതിയ കവിതകൾ കുറച്ചുനേരം കണ്ണന്റെ മുമ്പിൽ വയ്ക്കും. ഗുരുവായൂർ ക്ഷേത്രത്തിലും കവിതകൾ ഇതേപോലെ സമർപ്പിച്ചിട്ടുണ്ട്. ഈ അടുത്തകാലത്തായി വടകര നായർ സർവീസ് സൊസൈറ്റി ഓഫീസിലെ ജീവനക്കാരിയായി ജോലിയിൽ പ്രവേശിച്ചു. അതിനിടയിൽ ശ്രീ മൂകാംബിക ക്ഷേത്രത്തിൽ പോയി തൊഴുതിരുന്നു. ശ്രീകൃഷ്ണ ഭഗവാന് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹം അന്നുമുതൽ ഉണ്ടായിരുന്നു. 

പല ശ്രീകൃഷ്ണ കാവ്യഗീതങ്ങളും തൻ്റെ ഫേസ്ബുക്കിലൂടെ പുറം ലോകത്തേക്കെത്തിച്ചു. കഴിഞ്ഞവർഷം വടകര എം.എൽ.എ കെ.കെ രമയായിരുന്നു വടകരയിൽ വെച്ച് നടന്ന എൻഎസ്എസ് പരിപാടിക്കിടെ 'രാധേ ശ്യാം' എന്ന 40 കവിതാ സമാഹാര പുസ്തകം പ്രകാശനം ചെയ്തത്. ഇക്കഴിഞ്ഞ 'ഹരിതാമൃതം 23' ജൈവമേളയിൽ പുസ്തകത്തെക്കുറിച്ച് വിനീതാ വേണുഗോപാലിന് വേദിയിൽ വെച്ച് സംസാരിക്കുവാൻ അവസരമുണ്ടായി.

വടകര ടൗൺഹാളിലേക്കുള്ള പ്രവേശന കവാടത്തിൽ തന്നെയായിരുന്നു പുസ്തക വിപണന കേന്ദ്രവും. ഏകദേശം 75 ലധികം പുസ്തകങ്ങളാണ് വിറ്റു പോയത്. ഇപ്പോഴും കാവ്യ രചനയിൽ മുഴുകിയിരിക്കുകയാണ് വിനീത. വീട്ടുജോലിയുടെ തിരക്കിനിടയിൽ മിച്ചം കിട്ടുന്ന സമയം കണ്ടെത്തിയാണ് ഈ വീട്ടമ്മ കവിതാ രചനയിൽ മുഴുകിയിരിക്കുന്നത്.

ഇപ്പോൾ വടകര പൊന്മേരി ക്ഷേത്രത്തിന് സമീപമാണ് താമസം. വ്യക്തി ജീവിതത്തിൽ നിരവധി പ്രതിസന്ധി ഘട്ടങ്ങളിലൂടെയും, അതീവ വിഷമാവസ്ഥയിലും കടന്നു പോയിട്ടുണ്ട്. ജീവിതത്തിൽ പല അപ്രതീക്ഷിത തിരിച്ചടികളും നേരിടേണ്ടി വന്നിട്ടുണ്ട്.അത്ര ശുഭകരമായിരുന്നില്ല, കഴിഞ്ഞ കാലഘട്ടത്തിലെ ജീവിതം.

സമാധാനവും സന്തോഷവും അന്യം നിന്ന സമയത്ത് താൻ സ്വീകരിച്ച ഭക്തിമാർഗത്തിലൂടെയാണ് തനിക്ക് സന്തോഷം ലഭിച്ചത്. ജീവിതത്തിൽ പല സ്ത്രീകളും പ്രതിസന്ധി ഘട്ടങ്ങൾ അഭിമുഖീകരിക്കേണ്ടി വന്നാൽ ഒരുപക്ഷേ അത് തരണം ചെയ്യാൻ സാധിക്കാറില്ല.

എന്നാൽ സ്വയം വിശ്വാസം അർപ്പിച്ചുകൊണ്ട്, ഈ പ്രതിസന്ധി ഘട്ടങ്ങളെ തനിക്ക് അഭിമുഖീകരിക്കാൻ സാധിക്കും തരണം ചെയ്യാൻ സാധിക്കും എന്ന ആത്മവിശ്വാസം ഉണ്ടായാൽ ഏത് പ്രതിസന്ധിഘട്ടങ്ങളും, അപ്രതീക്ഷിത തിരിച്ചടികളും സ്ത്രീകൾക്കും മറികടക്കാൻ സാധിക്കും. ഇക്കാര്യത്തിൽ തന്റെ ജീവിതം ഒരു ഉദാഹരണമാണ്. വിനീത വേണുഗോപാൽ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/99187/grandmother-care-radhe-shyam-an-epitome-of-krishna-bhakti-vineeta-venugopal)