---
title: "പ്രതിഷേധ വിജയം; പൊലീസ് പിൻമാറി, വടകര പുതിയ സ്റ്റാൻഡിലെ നടപ്പാതയുടെ സ്ലാബ് നന്നാക്കും"
english_title: "Protest Victory; Police withdrew, Vadakara will repair the pavement slab at the new stand"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/99517/protest-victory-police-withdrew-vadakara-will-repair-the-pavement-slab-at-the-new-stand"
published_at: "2023-02-25T11:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f99f383a58b_vadakara_town.jpg"
keywords: []
---

# പ്രതിഷേധ വിജയം; പൊലീസ് പിൻമാറി, വടകര പുതിയ സ്റ്റാൻഡിലെ നടപ്പാതയുടെ സ്ലാബ് നന്നാക്കും

> **Lead Summary:** ** വടകര:** വ്യാപാരികളുടെ പ്രതിഷേധം വിജയം കണ്ടു. ഒടുവിൽ പൊലീസ് പിൻമാറി, വടകര പുതിയ സ്റ്റാൻഡിലെ നടപ്പാതയുടെ സ്ലാബ് നന്നാക്കാൻ നടപടി തുടങ്ങി.

## Article Content

** വടകര:** വ്യാപാരികളുടെ പ്രതിഷേധം വിജയം കണ്ടു. ഒടുവിൽ പൊലീസ് പിൻമാറി, വടകര പുതിയ സ്റ്റാൻഡിലെ നടപ്പാതയുടെ സ്ലാബ് നന്നാക്കാൻ നടപടി തുടങ്ങി.

വടകര പുതിയ സ്റ്റാൻഡിനു പിറകിലെ നടപ്പാതയുടെ സ്ലാബ് പൊട്ടിയതുമൂലം സ്റ്റാൻഡിലൂടെ ഇരുചക്രവാഹനം ഓടിച്ചവരിൽനിന്ന്‌ പൊലീസ് പിഴ ഈടാക്കുന്നതിനെതിരേ വ്യാപാരികളുടെ പ്രതിഷേധം.

ഇന്നലെ ഉച്ചയ്ക്കാണ് വ്യാപാരികൾ പൊലീസ് ജീപ്പിനരികെയെത്തി മുദ്രാവാക്യം വിളിച്ചത്. ദേശീയപാതയിൽനിന്ന്‌ സ്റ്റാൻഡിന്റെ ഒരുവശത്തുകൂടി നടപ്പാതയിലേക്കു കടന്നാണ് പുതിയ സ്റ്റാൻഡിന്റെ പടിഞ്ഞാറുഭാഗത്തുള്ള കടകളിലേക്ക് സാധാരണ ഇരുചക്രവാഹനങ്ങൾ പോകുന്നത്.

ഒട്ടേറെ വ്യാപാരസമുച്ചയങ്ങളുള്ള ഭാഗമാണിത്. സ്ലാബ് പൊട്ടിയതിനാൽ നടപ്പാതവഴി പോകാൻ കഴിയില്ല. ഇതോടെ സ്റ്റാൻഡിന്റെ ഒരുവശത്തുകൂടി കുറച്ചുകൂടി മുന്നോട്ടുപോയാണ് ആളുകൾ ഇവിടേക്ക് പോകുന്നത്.

അല്ലാതെ മറ്റു വഴിയില്ല. എന്നാൽ, കഴിഞ്ഞദിവസങ്ങളിലെല്ലാം പൊലീസ് ഇങ്ങനെ പോകുന്നവരെ പിടികൂടി പിഴ ഈടാക്കിയിരുന്നു. വെള്ളിയാഴ്ച രാവിലെ 11 മുതൽ ഇത് തുടർന്നു.

ഇതോടെയാണ് വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തിൽ വ്യാപാരികൾ പൊലീസിന്റെ അരികിലെത്തി പ്രതിഷേധിച്ചത്. വെള്ളിയാഴ്ച രാവിലെ ചേർന്ന നഗരസഭാ കൗൺസിൽ യോഗത്തിൽ കൗൺസിലർ സി.വി. പ്രദീശൻ ഈ വിഷയം ഉന്നയിച്ചിരുന്നു.

വിഷയം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും രാത്രിതന്നെ യു.എൽ.സി.സി.എസ്. സ്സാബിന്റെ പണി തുടങ്ങുമെന്നും ചെയർപേഴ്‌സൺ കെ.പി. ബിന്ദു വ്യക്തമാക്കി. അതുവരെ നടപടിയെടുക്കരുതെന്ന് പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ചെയർപേഴ്‌സൺ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/99517/protest-victory-police-withdrew-vadakara-will-repair-the-pavement-slab-at-the-new-stand)