വടകരയിലെ ഊണ്‍വില കുറയ്ക്കാന്‍ ധാരണയായി

By | Friday January 10th, 2020

SHARE NEWS

വടകര: വടകരയിലെ ഹോട്ടലുകളില്‍ ഊണിന്റെ വിലകുറയ്ക്കാന്‍ തഹസില്‍ദാര്‍ വിളിച്ചുകൂട്ടിയ യോഗത്തില്‍ തീരുമാനമായി. ഇതേ കുറി്ച്ചുള്ള തീരുമാനം ജനവരി 13-ന് അറിയിക്കുമെന്ന് ഹോട്ടലുടമകളുടെ സംഘടനാപ്രതിനിധികള്‍ യോഗത്തില്‍ ഉറപ്പുനല്‍കി. ഹോട്ടല്‍ വ്യാപാരി സംഘടന പ്രതിനിധികളുടെയും താലൂക്ക് വികസനസമിതി അംഗങ്ങളുടെയും ഉദ്യോഗസ്ഥരുടെയും സംയുക്ത യോഗത്തിലാണ് തീരുമാനം.

40 രൂപയുണ്ടായിരുന്ന ഊണിന് 50 രൂപയാക്കി വര്‍ധിപ്പിച്ചതിനെതിരെ വ്യാപകമായ പരാതികള്‍ ഉയര്‍ന്നിരുന്നു. തുടര്‍ന്നാണ് തഹസില്‍ദാര്‍ കെ.കെ. രവീന്ദ്രന്‍ ഹോട്ടലുടമകളുടെയും വ്യാപാരികളുടെയും പ്രതിനിധി യോഗം വിളിച്ചുകൂട്ടാന്‍ തീരുമാനിച്ചത്. വിവിധ ഭക്ഷണ സാധനങ്ങളുടെ വില കൂടിയതിനാലാണ് ഊണിന് വില കൂട്ടേണ്ടി വന്നതെന്ന് ഹോട്ടലുടമ സംഘടനാ ഭാരവാഹികള്‍ അറിയിച്ചു. എന്നാല്‍ സമീപ പ്രദേശങ്ങളില്‍ ഇത്ര വിലയില്ലെന്ന് യോഗത്തില്‍ പങ്കെടുത്ത രാഷ്ട്രീയസംഘടനാ നേതാക്കളായ ബാബു ഒഞ്ചിയം, എ.എം. മുസ്തഫ, ആര്‍. സത്യനാഥ്, പുറന്തോടത്ത് സുകുമാരന്‍, പ്രദീപ് ചോമ്പാല എന്നിവര്‍ പറഞ്ഞു.

പരിമിതികള്‍ക്കുള്ളില്‍നിന്നും വിലകുറയ്ക്കുന്ന കാര്യം പരിഗണിക്കണമെന്ന് തഹസില്‍ദാരും താലൂക്ക് സപ്ലൈ ഓഫീസര്‍ ടി.സി. സജീവനും പറഞ്ഞു. അപ്പോഴാണ് വിലകുറയ്ക്കുന്ന കാര്യം അംഗീകരിക്കുന്നതായും തീരുമാനം 13ന് അറിയിക്കാമെന്നും ഹോട്ടലുടമകള്‍ സമ്മതിച്ചത്. ദേശീയ പാതയോരത്ത് അനധികൃതമായി നടത്തുന്ന പെട്ടിക്കടകള്‍ക്കെതിരേ നടപടി വേണമെന്നും യോഗത്തില്‍ ഉന്നയിച്ചു.

മുനിസിപ്പല്‍ ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍ മുഹമ്മദ് അഷ്റഫ്, ഫുഡ് സേഫ്റ്റി ഓഫീസര്‍ ഡോ.പി. ജിതിന്‍ രാജ്, ഡെപ്യൂട്ടി തഹസില്‍ദാര്‍ പി. ഉണ്ണി, ലീഗല്‍ മെട്രോളജി ഇന്‍സ്പെക്ടര്‍ ഷീജ അടിയോടി, അസിസ്റ്റന്റ് താലൂക്ക് സപ്ലൈ ഓഫീസര്‍ പി. സീമ പി, റേഷനിംഗ് ഇന്‍സ്പെക്ടര്‍മാരായ കെ.ടി. സജീഷ്, ടി.വി. നിജിന്‍, കെ.പി. കുഞ്ഞിക്കൃഷ്ണന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്