ഈ പുസ്തകം പറയും എം സി വടകരസി എച്ചിനെ എത്ര മാത്രം സ്‌നേഹിച്ചിരുന്നു

By | Thursday September 26th, 2019

SHARE NEWS

വടകര: ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗിലെ ജനപ്രിയ നേതാവും മുന്‍ മുഖ്യമന്ത്രിയായിരുന്ന സി എച്ച് മുഹമ്മദ് കോയയുടെ ഈ മാസം 28ന്് ലീഗിന്റെയും വിവിധ സംഘടനകളുടെയും ആഭിമുഖ്യത്തില്‍ നടക്കും. സി എച്ചിന്റെ കുറിച്ചോര്‍ക്കുമ്പോള്‍ വടകരകാര്‍ക്കും ഏറെ അഭിമാനിക്കാം. സിഎച്ച് മുഹമ്മദ് കോയുടെ രാഷ്ട്രീയ ജീവചരിത്രം ഏഴുതിയത് ലീഗിന്റെ ചരിത്രകാരന്‍ എന്ന്‌റിയപ്പെടുന്ന എം സി വടകരയാണ് . പുതിയ പതിപ്പിന്റെ പ്രകാശനം കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സെമിനാര്‍ കോംപ്ലകസില്‍ നടക്കുന്ന ചടങ്ങില്‍ പ്രകാശനം ചെയ്യും.

സി എച്ച് അനുസ്മരണത്തിനുള്ള അനുസ്മരണത്തിനുള്ള ഒരുക്കങ്ങള്‍ നാടെങ്ങും നടന്നു കൊണ്ടിരിക്കുമ്പോള്‍ എം സിയുടെ സിഎച്ചിന്റെ ജീവചരിത്രവും ശ്രദ്ധേയമാവുകയാണ്. സി.എച്ചുമായി എം.സിക്കുള്ള വൈകാരികവും വൈചാരികവുമായ ആഭിമുഖ്യം പുസത്കത്തില്‍ കാണാന്‍ കഴിഞ്ഞതായി പുസ്തകത്തിന് പ്രൂഫ് റീഡറായിരുന്ന നൗഷാദ് കുനിയില്‍ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് നൗഷാദ് കുനിയില്‍ എഴുതിയ ഫെയ്‌സ് ബുക്ക് കുറിപ്പും ഏറെ ശ്രദ്ധേയമായി.

 

നൗഷാദിന്റെ എഫ് ബി കുറിപ്പ്

എം.സി. വടകരയെ കാണണമെന്ന് നിനച്ചിരക്കവേ, ആകസ്മികതയുടെ അത്യപൂര്‍വ്വ സുന്ദരമായ അകമ്പടിയോടെ വടകരയിലെയൊരു പീടികവരാന്തയില്‍ കൂടിനിന്ന ചങ്ങാതിമാര്‍ക്ക് കുമാരനാശാന്റെ ‘കരുണ’ വിവരിച്ചുകൊടുക്കുന്ന എം.സി.യെ കണ്ടതിനെക്കുറിച്ച് ഒരിക്കല്‍ പറഞ്ഞുതന്നിട്ടുണ്ട്, പ്രിയങ്കരനായ ഉമ്പാച്ചി. ആ ആനന്ദത്തിന്റെ വേലിയേറ്റത്തിനിടയില്‍ എം.സിയെ, ‘വടകരയുടെ ഉല്‍പം (ഇനിഷ്യല്‍)’ എന്നു വിശേഷിപ്പിച്ചു Rafeek Umbachy!

വടകരയുടെ ഏറ്റവും സവിശേഷമായ ആ ‘ഉല്പ’ന്നത്തിന്റെ, ആദരണീയനായ എം.സി.യുടെ, കസ്തൂരിതോല്ക്കുന്ന സുഗന്ധംപെയ്യുന്ന അക്ഷരങ്ങളിലൂടെ യാത്രചെയ്യുകയായിരുന്നു കഴിഞ്ഞദിവസങ്ങളില്. ഭാഷയിലെ ഏറ്റവും സുന്ദരമായ വാക്കുകള് വാത്സല്യപൂര്വ്വം, അതീവശ്രദ്ധയോടെ പറിച്ചെടുത്ത് സൂക്ഷ്മതയോടെ വിന്യസിച്ച് വാക്യങ്ങള് സൃഷ്ടിക്കുന്ന ആ ഇന്ദ്രജാലം അനുഭവിച്ചുകൊണ്ടിരിക്കുകയായിരുന്നു, ഇക്കഴിഞ്ഞ ദിവസങ്ങളില്. ‘സി.എച്ച്.മുഹമ്മദ് കോയ – ഒരു രാഷ്ട്രീയ ജീവചരിത്ര’മെന്ന, എം.സി.യുടെ മാസ്റ്റര്പീസെന്നു വിശേഷിപ്പിക്കാവുന്ന സമ്മോഹനമായൊരു കൃതിയുടെ പുതിയപതിപ്പിന്റെ പ്രൂഫ് വായനയ്ക്കിടെ ലാവണ്യമേറിയ എത്രയെത്ര അക്ഷരദേശങ്ങളിലൂടെയാണ് സഞ്ചരിക്കാനായത്! എത്രദശം കാലസന്ധികളിലൂടെയാണ് നടക്കാനായത്!

സി.എച്ചിനെക്കുറിച്ച് പറയുമ്പോൾ വാക്കുകള് എന്നെ സ്വീകരിക്കണേയെന്ന് നിലവിളിച്ച് അദ്ദേഹത്തിന്റെ പിന്നാലെ ഓടുന്നതുകാണാം… ഇത്ര മധുരിക്കുമോ മലയാളമെന്ന് അതിശയപ്പെടുമാറ്, ഇവയൊക്കെ മലയാളം തന്നെയോയെന്ന് ശങ്കിക്കുമാറ്, ആലിസിന്റെ വണ്ടര്ലാന്റിലെത്തിയ പ്രതീതി കെെവരുന്നു. അദൃശ്യമായൊരു പാശത്താല് വായനക്കാരന് ആ അക്ഷരങ്ങള്ക്കിടയില് സുഖദായകമായൊരു കെട്ടിയിടലിനു വിധേയമാകുന്നു. നോക്കൂ, അദ്ദേഹം സി.എച്ചിനെക്കുറിച്ച് പറയുകയാണ്:

”ബാല്യം സ്വപ്നങ്ങളുടെ പൂചൊരിയുന്ന ജീവിതത്തിന്റെ വസന്തമാണ്. പില്ക്കാലത്ത് വടവൃക്ഷമായി പടര്ന്ന് പരിലസിക്കുകയും പാരിജാതപ്പൂവിന്റെ പരിമളം പരത്തുകയും ചെയ്യുന്ന ഉത്തുംഗപ്രതിഭകളുടെയെല്ലാം രസബിന്ദുക്കള് രൂപപ്പെട്ടുവരുന്നത്, ‘വിശ്വം മുഴുവന് വെളുത്തുകാണുന്ന’ ഈ ബാല്യകാല സ്വപ്നങ്ങളില് നിന്നാണ്. വെള്ളാരം കുന്നിന്റെ നെറുകയില്നിന്ന് വെള്ളില്പറവകള് ചിറകടിച്ചുയരുമ്പോൾ, നിലാവുള്ള നിശീഥിനികളില്, നീലപ്പൊയ്കയില് നിന്നും നീര്മുത്തുകള് മൊത്തിക്കുടിക്കുന്ന രാജഹംസങ്ങള് പുഞ്ചിരിക്കുമ്പോൾ, കുനിയപ്പുഴയുടെ കുഞ്ഞോളങ്ങളില് നിന്നു കുണുങ്ങിയെത്തുന്ന കുളിര്ക്കാറ്റില്, ഈറനണിഞ്ഞ പ്രഭാതവേളകളില്, തുഷാരബിന്ദുക്കള് പ്രതിബിംബിച്ചുനിന്ന പ്രപഞ്ചമനോഹാരിതയില് നിര്വൃതിപൂണ്ടു വിസ്മയാധീനനായി നിന്ന ഒരു കൊച്ചു മാപ്പിളക്കുട്ടിയെപ്പറ്റി അന്നശ്ശേരിയിലെ കാരണവന്മാര് ഇന്നുമോര്ക്കുന്നു…”

വായിച്ചുതുടങ്ങിയാല്, തീരാതെ താഴെവയ്ക്കാനാവാത്തയത്രയും അക്ഷരലാവണ്യംകൊണ്ടു തീര്ക്കപ്പെട്ടൊരു പുസ്തകമാണിത്. മുന്പതിപ്പുകളെല്ലാം പ്രകാശനങ്ങള്ക്കുടനെത്തന്നെ പ്രകാശവേഗതയില് തീര്ന്നുപോയൊരു അക്ഷരക്കൂട്ടാണിത്!

സി.എച്ചുമായി എം.സിക്കുള്ള വെെകാരികവും വെെചാരികവുമായ ആഭിമുഖ്യം ഒരഭിനിവേശത്തോളം വളര്ന്നു നില്ക്കുന്നതാണ്. എന്റെ പ്രിയ സുഹൃത്ത് അര്ഷദ്ജി Arshad Chemmadan ഒരിക്കല്‍ പറഞ്ഞതോര്‍ക്കുന്നു. എം.സി.യെ ഹൃദയത്തില്‍ കാതുകള്‍ ഘടിപ്പിച്ചു കേള്‍ക്കുവാനാണ് കാതങ്ങള്‍ താണ്ടി അര്‍ഷു എം.സി.യെ കാണാന്‍ ചെന്നത്. മധുവൂറുന്ന ആ നാവില്‍നിന്നും ചരിത്രത്തിലെ ത്രസിപ്പിക്കുന്ന സംഭവങ്ങളുടെ കഥാകഥനം നിര്‍ഗളിച്ചുകൊണ്ടേയിരുന്നു. സ്വാഭാവികമായും ആ ചരിത്രവഴികള്‍ എത്തിച്ചേര്‍ന്നത് സി.എച്ചിലേക്കായിരുന്നു. എം.സി.യുടെ കണ്ണുകള്‍ സജലമായി, ആ തുടുത്തമുഖം ചുവന്നു. ഒരു മൗനം ആകൃതിപ്പെട്ടു. എം.സി. തിടുക്കപ്പെട്ട് അകത്തേക്കുപോയി വസ്ത്രംമാറി വന്നു. അദ്ദേഹം അര്‍ഷദിനോടു പറഞ്ഞു: വരൂ, നമുക്കൊരിടുവരെ പോകാനുണ്ട്…

നടന്നുനടന്ന് അവരെത്തിയത് ഒരു കൊച്ചു ചായക്കടയ്ക്കു മുന്നിലായിരുന്നു. വയോധികനായൊരു മനുഷ്യന്‍ നടത്തുന്നൊരു കട. അവിടുത്തെ ചില്ലലമാരയില്‍ ‘കല്ലുമ്മക്കായ’യുണ്ടായിരുന്നു. എം.സി. അതിലൊന്നെടുത്ത് അര്‍ഷുവിനു നല്കി. വേറൊന്നെടുത്ത് അദ്ദേഹവും കഴിച്ചു. കഴിച്ചുകഴിഞ്ഞെന്നു കണ്ടപ്പോള്‍ ഒന്നുകൂടെയെടുത്ത് അര്‍ഷുവിനു കൊടുത്തു. ഇടറുന്ന ശബ്ദത്തില്‍, നിറയുന്നകണ്ണുകളെ മറയ്ക്കാനൊന്നും നില്ക്കാതെ എം.സി. പറഞ്ഞു:
‘സി.എച്ചിന് കല്ലുമ്മക്കായ വല്ലാത്ത ഇഷ്ടമായിരുന്നു… അദ്ദേഹം ഈ വഴിക്ക് വരുംനേരത്തൊക്കെയും ഈ കടയില്‍നിന്നും കല്ലുമ്മക്കായ കഴിക്കുമായിരുന്നു…എന്റെ സി.എച്ചിന് കല്ലുമ്മക്കായ വല്ലാത്ത ഇഷ്ടമായിരുന്നു…’

അവര്‍ തിരിച്ചുനടന്നു. ആ നടത്തത്തിനിടയില്‍ സുദീര്‍ഘമായൊരു മൗനം ഉരുവംകൊണ്ടു..

അറുന്നൂറോളം പേജുകളുള്ള ഈ പുസ്തകം എം.സി.യുടെ സുദീര്‍ഘമായ അക്ഷരോപാസനയുടെ ഫലമാണ്. തന്റെ രാഷ്ട്രീയ ഗുരുവിനുള്ള ഗുരുദക്ഷിണയാണ്. ചരിത്രകുതുകികള്‍ക്ക് ഒരു കാലഘട്ടത്തിന്റെ ചരിത്രം പറഞ്ഞുകേള്‍ക്കാന്‍ സാധിക്കുന്ന ആധികാരികമായൊരു റെഫറന്‍സ് ആണ്.

പുസ്തകത്തിന്റെ പുതിയ പതിപ്പ് സെപ്തംബര്‍ 28 ന് പ്രകാശനം ചെയ്യപ്പെടുകയാണ്. ഗ്രെയ്സ് ബുക്സ് ആണ് പ്രസാധകര്‍. കാലിക്കറ്റ് യൂ.സിറ്റിയിലെ സെമിനാര്‍ കോംപ്ളക്സ് ആണ് വേദി. എല്ലാവര്‍ക്കും സ്വാഗതം.

– നൗഷാദ് കുനിയില്‍.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്