കാലത്തിന്‍റെ കുത്തൊഴുക്കില്‍ വടകരക്ക് ഓര്‍മ്മയാകുന്നു കയറുപിരിച്ച കാലം

By അനുശ്രീ സത്യൻ | Saturday June 23rd, 2018

SHARE NEWS

മണ്മറയുന്ന തൊഴിൽ പാരമ്പര്യം….

 

കയറു പിരിച്ച് കുടുംബങ്ങള്‍ ജീവിതത്തിന്‍റെ ഒരു കാലത്ത് വടകര പാക്കയിൽ നിവാസികളുടെ ഉപജീവന മാർഗങ്ങളിൽ പ്രധാനമായിരുന്നു കയർ  നിർമ്മാണവും പാത്ര നിർമ്മാണവും. സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയും ചിലർ പാതി വഴിയിൽ നിർത്തിയും തങ്ങൾക്ക് സുപരിചിതമായ കയർ നിർമ്മാണത്തിലേക്കും പാത്രം, പൂച്ചട്ടി, സിമെന്റ് കട്ടിലകൾ തുടങ്ങിയവയുടെ നിർമ്മാണത്തിലേക്കും തിരിയുന്നു.

സാഹചര്യം അവർക്ക് അനുകൂലവും അനുഗ്രഹവും ആയിരുന്നു. കാരണം തോടുകളുടെയും വെള്ള കെട്ടുകളുടെയും നടുവിലുള്ള പ്രദേശമായിരുന്നു പാക്കയിൽ. കൂടാതെ നല്ലൊരു വരുമാനവും ലഭിച്ചിരുന്നു. എന്നാൽ ഇന്ന് ഇവരെ സംബന്ധിച്ചിടത്തോളം ഈ രണ്ട് തൊഴിലുകളും അന്യമായി കൊണ്ടിരിക്കുകയാണ്.

അനുശ്രീ സത്യൻ

ഒപ്പം ഒരു പ്രദേശത്തിന്റെ തനത് സാംസ്കാരിക തൊഴിൽ പാരമ്പര്യവും.
കയർ വ്യവസായം അവർക്ക് ഉപജീവന മാർഗത്തിൽ  കവിഞ്ഞു ജീവിതത്തിന്റെ ഭാഗമായിരുന്നു എന്നതിന്റെ തെളിവാണ് ചിലരുടെയെങ്കിലും കൈകളിലെ പരുക്കൻ തഴമ്പ്. കയർ നിർമ്മിക്കുന്ന ഒന്നോ രണ്ടോ കേന്ദ്രങ്ങൾ അല്ല പാക്കയിൽ ഉണ്ടായിരുന്നത്.

വര്‍ഷങ്ങളായി തോട്ടിൽ പൊതിർത്തിവച്ചു കുതിർന്ന ചകിരി ഉടച്ചു കൊണ്ടായിരുന്നു അവരുടെ ഒരു ദിവസം തന്നെ തുടങ്ങുന്നത്.ചകിരി ഉടച്ചു നേർത്ത നാരുകളാക്കുന്ന ജോലി പ്രധാനമായും സ്ത്രീകളായിരുന്നു ചെയ്തിരുന്നത്. നാടൻ പാട്ടുകൾ ആവർത്തിച്ചു പാടിയും നാട്ടു വിശേഷങ്ങൾ പറഞ്ഞും അവർ ജോലിയുടെ ഭാരം കുറച്ചു.

ഇതിലൂടെ സാമാന്യം ഭേദപ്പെട്ട വരുമാനവും അവർക്കു ലഭിച്ചിരുന്നു.നേർത്ത ചകിരി പിരിച്ചു കയറുകളും കമ്പകളും ഉണ്ടാക്കി കരവിരുത് തെളിയിക്കുന്നതിലും സ്ത്രീകൾ പിന്നിലായിരുന്നില്ല. ഇത് കെട്ടുകൾ ആക്കി ചന്തയിൽ എത്തിക്കുന്നതോടെ അവർ സന്തുഷ്ടരായി. .ചകിരി ഉപയോഗിച്ച് കയരുകള്‍ക്ക് പുറമെ ചവിട്ടി,തെരുവ തുടങ്ങിയവയും അവര്‍ നിര്‍മ്മിച്ചിരുന്നു.

ആദ്യകാലത്ത് കൈകള്‍ കൊണ്ടായിരുന്നു  കയര്‍ പിരിച്ചിരുന്നതെങ്കില്‍ പിന്നീട് ചെറിയ ചക്രങ്ങള്‍ കൊണ്ടു നിര്‍മ്മിച്ച യന്ത്രങ്ങളിലേക്ക് മാറി.കുറഞ്ഞ സമയം കൊണ്ട് കൂടുതല്‍ കയറുകള്‍ നിര്‍മ്മിക്കാം എന്നതുകൊണ്ടു തന്നെ വരുമാനവും ഗണ്യമായ് വര്‍ധിച്ചു.

എന്നാല്‍ കാലക്രമേണ ഈ തൊഴിലിന് അപചയം സംഭവിച്ചു.പ്ലാസ്റ്റിക്ക് കയരുകളുടെ അമിതമായ ഉപയോഗവും കയര്‍ നിര്‍മ്മാണ സൊസൈറ്റികളുടെ കടന്ന് വരവും കുടില്‍ വ്യവസായം എന്ന രീതിയില്‍ ഈ തൊഴില്‍ ഉപജീവനമാര്‍ഗമാക്കിയവരുടെ വരുമാനത്തില്‍ വലിയ കുറവ് ഉണ്ടാക്കി.

ഒപ്പം പുതുതലമുറയുടെ തൊഴിൽ സങ്കല്പങ്ങൾക്കും മാറ്റം വന്നു കഴിഞ്ഞിരുന്നു. ഇന്ന് ഇവിടെയുള്ള ഒന്നോ രണ്ടോ വീടുകളില്‍ മാത്രമാണ് കയര്‍ നിര്‍മ്മിക്കുന്നത്. അതിരാവിലെ ജോലി തുടങ്ങിയാല്‍ ഉച്ചയ്ക്ക് മുമ്പേ അവസാനിപ്പിക്കും.

കയര്‍ നിര്‍മ്മാണത്തിനുള്ള ചകിരി ഇവര്‍ പുറത്തു നിന്ന് വില കൊടുത്തു വാങ്ങുന്നതുകൊണ്ടു തന്നെ വരുമാനത്തില്‍ വലിയ ലാഭമൊന്നുമില്ല. ഈ തൊഴിലിൽ പരിചയം ഉള്ള കുറച്ചു സ്ത്രീകള്‍ കയര്‍ സൊസൈറ്റിലും ജോലി ചെയ്യുന്നുണ്ട്. മറ്റു ജോലികളിലെ പരിചയക്കുറവും ഈ തൊഴിലിനോടുള്ള ആത്മാര്‍ത്ഥതയും ചുരുക്കം ചിലരെയെങ്കിലും ഇതില്‍ പിടിച്ചു നിര്‍ത്തുന്നു എന്ന് വേണം പറയാന്‍.

ഇതുതന്നെയാണ് പാത്രനിര്‍മ്മാണ മേഖലയുടെയും അവസ്ഥ.സിമന്റ് കട്ടിലകള്‍ക്കും,വെള്ളം നിറച്ചു വെക്കുന്ന ജാടികള്‍ക്കും ,പൂച്ചട്ടികള്‍ക്കും മുമ്പ് ആവശ്യക്കാര്‍ ഏറെ ഉണ്ടായിരുന്നെങ്കില്‍ ഇന്ന് അത് ഗണ്യമായ് കുറഞ്ഞു.

പ്ലാസ്റ്റിക്ക് ഉല്‍പ്പന്നങ്ങളുടെ കടന്നു വരവ് തന്നെയായിരിക്കാം ഇവിടെയും പ്രതിസന്ധി സൃഷിടിച്ചത്.വിപണിയിൽ വ്യത്യസ്ത നിറത്തിലും രൂപത്തിലും ഉള്ള ഉൽപ്പങ്ങൾ പ്രത്യക്ഷപെട്ടതോടു   കൂടി സിമെന്റ് പാത്രങ്ങൾ ആവശ്യപ്പെട്ടു വരുന്നവരുടെ എണ്ണം ഗണ്യമായി  കുറഞ്ഞു.  ഇത് ഇവരുടെ വരുമാനത്തിൽ വലിയ ഇടിവ് ഉണ്ടാക്കി.

ഇത്തരത്തില്‍ കാലം മാറുന്നതിനനുസരിച്ച് മനുഷ്യന്റെ രുചിയിലും സൗന്ദര്യ സങ്കല്പത്തിലും ജീവിത രീതിയിലും  ഉണ്ടായ മാറ്റം ഒരു നാടിന്റെ തൊഴിൽ പാരമ്പര്യത്തെ വെറും അവശേഷിപ്പുകളാക്കി തീർത്തു.

പ്ലാസ്റ്റിക്ക് ഉല്‍പ്പന്നങ്ങള്‍ക്ക് പിറകെ പായുമ്പോള്‍ പ്രകൃതിയെ മുറിവേല്‍പ്പിക്കുന്നതിനോടൊപ്പം ഒരു ജനതയെ തന്നെയാണ്  മണ്ണില്‍ അടക്കം ചെയ്യപ്പെടുന്നത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
Loading...