വടകര : തിരക്കുപിടിച്ച ആതുരസേവനത്തിനിടയിലും അഭിനയകലയെ നെഞ്ചോട് ചേര്‍ത്തുനിര്‍ത്തിയ ഡോ. സി.കെ. അരവിന്ദാക്ഷന് ഓര്‍മ്മയായി.

ഇന്നലെ അന്തരിച്ച ഡോ. സി.കെ. അരവിന്ദാക്ഷന്

നാടകവും സീരിയലും സിനിമയും പാട്ടുമെല്ലാം ജീവതത്തിന്റെ ഭാഗമാക്കിയിരുന്നു. കലാജീവതത്തിനിടയിലും ഔദ്യോഗിക കര്‍ത്തവ്യവും ഭംഗിയായി നിര്‍വഹിച്ചു. വടകരയിലും പാനൂരിലും നാദാപുരത്തുമെല്ലാം സര്‍ക്കാര്‍ ആശുപത്രിയിലെത്തിയ സാധാരണക്കാരായ രോഗികള്‍ക്ക് കൈപ്പുണ്യമുള്ള ഡോക്ടറായിരുന്നു.

വില്യാപ്പള്ളി പൊന്മേരിയിലായിരുന്നു ജനനം. ചെറുപ്പത്തില്‍തന്നെ കളരി അഭ്യസിച്ചതിനാല്‍ വടക്കന്‍പാട്ടുകളിലെയും പുരാണങ്ങളിലെയും ധീരയോദ്ധാക്കള്‍ മനസ്സില്‍ കുടിയേറിയിരുന്നു. അങ്ങനെയാണ് തച്ചോളി ഒതേനനും പയ്യമ്പള്ളി ചന്തുവുമെല്ലാം സീരിയലാക്കാന്‍ ഡോക്ടര്‍ മുന്നിട്ടിറങ്ങിയത്. ഒതേനനായും പയ്യമ്പള്ളി ചന്തുവായും രംഗത്തെത്തിയതും ഡോക്ടര്‍ തന്നെ.
അമൃത ടി.വി.യിയില്‍ തച്ചോളി ഒതേനന് സീരിയല്‍ കുറെക്കാലം സംപ്രേഷണം ചെയ്തിരുന്നു. ഈ സീരിയല്‍ നിര്‍മിച്ചതും ഡോക്ടറാണ്. പയ്യമ്പള്ളി ചന്തു കുറച്ചുഭാഗം മാത്രമേ ചിത്രീകരിച്ചിരുന്നുള്ളൂ. സംവിധായകന് പപ്പന് നരിപ്പറ്റ സംവിധാനം ചെയ്ത മുത്തപ്പന് എന്ന സീരിയലില്‍ വാഴുന്നോര്‍ എന്ന പ്രധാനപ്പെട്ട കഥാപാത്രത്തെയും അവതരിപ്പിച്ചു. പയ്യമ്പള്ളി ചന്തുവിന്റെ കഥ സിനിമയാക്കാനും ഡോക്ടര്‍ ആഗ്രഹിച്ചിരുന്നു. ഇതിന്റെ ഒരുക്കങ്ങള്‍ നടക്കുന്നതിനിടെയാണ് മരണം കവര്‍ന്നത്. പൊന്മേരിയിലെ സൂര്യകലാക്ഷേത്ര കലാസമിതിയിലൂടെയാണ് അരിവിന്ദാക്ഷന് അഭിനയകലയുടെ ഹരിശ്രീ കുറിക്കുന്നത്.
ശക്തന് തമ്പുരാന്, കര്ണന്, ശംഭോ മഹാദേവ തുടങ്ങിയ നാടകങ്ങള്‍ നിര്‍മിച്ചു. ഇതിലെല്ലാം പ്രധാനകഥാപാത്രമായി. വിജയന് ആയാടത്തിലാണ് ഈ നാടകങ്ങള്‍ സംവിധാനം ചെയ്തത്. ക്ഷേത്രോത്സവങ്ങളിലും മറ്റും ഈ നാടകങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തു. വൈഷ്ണവി ക്രിയേഷന്‍സ് എന്ന ബാനറിലാണ് ഇദ്ദേഹം നാടകങ്ങള്‍ നിര്‍മിച്ചത്. ശരണാഞ്ജലി എന്ന പേരില്‍ ഭക്തിഗാന ആല്‍ബവും പുറത്തിറക്കിയിരുന്നു. എസ്.പി. ബാലസുബ്രഹ്മണ്യം, ശ്രീനിവാസ് എന്നിവരെക്കൊണ്ടാണ് ഇതിലെ ഗാനങ്ങള്‍ പാടിപ്പിച്ചത്.
പൊന്മേരി ശിവക്ഷേത്രത്തിന്റെ ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാനായി ഭരണരംഗത്തും മികവ് തെളിയിച്ചിരുന്നു ഡോ. അരവിന്ദാക്ഷന്.

News from our Regional Network
RELATED NEWS
