മൈമൂനയെ വിറ്റ് മജിസിയ ഭാനു ഡിവൈഎഫ്‌ഐ ടി വി ചലഞ്ചില്‍ പങ്കാളിയായി

By | Monday June 8th, 2020

SHARE NEWS

വടകര: ഏറെ ഇഷ്ടമായ മൈമൂനയെ കൈയൊഴിയുമ്പോള്‍ മജിസിയ ഭാനുവിന് മനസ്സ് ഏറെ വേദനച്ചെങ്കിലും എന്നാല്‍ അതൊരു കുട്ടിയുടെ ജീവിതത്തില്‍ മാറ്റം കൊണ്ടുവരാന്‍ കഴിയുമെന്ന് ഉറപ്പുണ്ടായിരുന്നു. ലോക പവര്‍ലിഫ്റ്റിങ് താരമായ മജിസിയ ഭാനു നിര്‍ധന വിദ്യാര്‍ഥികള്‍ക്കുള്ള ഡിവൈഎഫ്‌ഐ ടി വി ചലഞ്ചിന്റെ ഭാഗമായ അനുഭവം പങ്കുവച്ച ഫേസ് ബുക്ക് പോസ്റ്റ് വൈറലായി.

ഓര്‍ക്കാട്ടേരി സ്വദേശിനിയായ കായികതാരത്തെ അയല്‍വാസിയായ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ഫോണിലൂടെ ടിവി ചലഞ്ച് വിവരം അറിയിക്കുകയായിരുന്നു. വാട്‌സ് ആപ് സ്റ്റാറ്റസില്‍ ഇക്കാര്യം പോസ്റ്റ് ചെയ്തപ്പോള്‍ തോമസ് എന്ന സുഹൃത്ത് രണ്ടായിരം രൂപ അയച്ചുകൊടുത്തു. ഉമ്മയോട് കാര്യം പറഞ്ഞു വീട്ടിലെ അംഗത്തെ പോലെ കരുതുന്ന മൈമൂന എന്ന ആടിനെ വില്‍ക്കാന്‍ തിരുമാനിച്ചു. സുഹൃത്ത് അയച്ച രണ്ടായിരവും ചേര്‍ത്ത് പുതുപുത്തന്‍ ടിവി വാങ്ങി. വീട് പണിക്കായി വില്‍ക്കാന്‍ വച്ചതായിരുന്നു ആടിനെ. ഞാന്‍ പിന്നിട്ടുവന്ന വഴികളില്‍ ഒരുപാട് തവണ സഹായിച്ച നാട്ടുകാര്‍ തിരിച്ചും എന്നോട് ഒരു സഹായം അഭ്യര്‍ഥിച്ചപ്പോള്‍ കൂടുതലെന്താണ് ചിന്തിക്കാനുള്ളത് . മജിസിയയുടെ കുറിപ്പ് നീളുന്നു.

‘ഈ ചെറിയ തുക എന്റെ വീടിന് വലിയ മാറ്റമൊന്നു വരുത്തില്ല. എന്നാല്‍ കുട്ടിയുടെ ജീവിതത്തില്‍ വലിയ മാറ്റം വരുത്തും, തീര്‍ച്ച’. 2018-19 വര്‍ഷങ്ങളില്‍ പവര്‍ലിഫ്റ്റിങ്ങില്‍ സ്വര്‍ണമെഡല്‍ ജേതാവാണ് മജിസിയ. പഞ്ചഗുസ്തിയില്‍ ലോക ആറാംനമ്പര്‍ താരവും. പവര്‍ലിഫ്റ്റിങ് രംഗത്ത് മുസ്ലിം പെണ്‍കുട്ടികള്‍ കടന്നുവരാത്തതിനാല്‍, വലിയ എതിര്‍പ്പുകളെ അതിജീവിച്ചാണ് മജിസിയ ലോക നേട്ടം കൊയ്തത്. റഷ്യയില്‍ നടന്ന മത്സരത്തില്‍ പങ്കെടുക്കാന്‍ നാടും കുടുംബാംഗങ്ങളും കൈകോര്‍ത്തു.

മാഹി ഡെന്റല്‍ കോളേജില്‍ ബിഡിഎസ് ഇന്റേണ്‍ഷിപ്പ് ചെയ്യുകയാണ് ഇപ്പോള്‍. നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമാണ് മജിസിയ ഭാനു

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്