വടകര: പ്രതിഭാധനരായ വടകരയിലെ രണ്ട് കലാകാരന്മാര്ക്ക് കേരള സംഗീതനാടക അക്കാദമി പുരസ്കാരം. ലാളിത്യമാര്‍ന്ന ഈണങ്ങള്‍ കൊണ്ട് ആസ്വാദക ഹൃദയങ്ങളില്‍ പെയ്തിറങ്ങിയ സംഗീത സംവിധായകന് പ്രേംകുമാര്‍ വടകരക്കും ഗൃഹാതുര സ്മരണകള്‍ ഉണര്‍ത്തുന്ന ഒട്ടേറെ ഗാനങ്ങള്‍ രചിച്ച് അനുവാചകരെ വിസ്മയിപ്പിച്ച ഇ.വി.വത്സനും സംഗീതനാടക അക്കാദമി പുരസ്കാരം ലഭിച്ചത് കടത്തനാടിന് അഭിമാനമായി.

ഒരേകാലത്ത് തന്നെ ഇരുവര്‍ക്കും പുരസ്കാരം ലഭിച്ചത് വടകരക്കാര്‍ക്ക് ഇരട്ടി മധുരമായി. ഇ.വി.വത്സന് രചിച്ച ഒട്ടേറെ വരികള്‍ക്കു പ്രേംകുമാര്‍ സംഗീതം പകര്ന്നിട്ടുണ്ടെന്നത് പുരസ്കാരത്തിന്റെ തിളക്കം കൂട്ടുന്നു.
കലാരംഗത്തെ നിസ്തുലമായ സംഭാവനകള്‍ പരിഗണിച്ചാണ് 2020ലെ പുരസ്കാരത്തിന് ഇവര്‍ അടക്കമുള്ളവരെ അക്കാദമി തെരഞ്ഞെടുത്തത്. പ്രശസ്തിപത്രവും ഫലകവും കാഷ് അവാര്‍ഡും അടങ്ങുന്നതാണ് പുരസ്കാരം. പ്രേംകുമാറിനു സംഗീത സംവിധാനത്തിനും ഇ.വി.വത്സനു ലളിതസംഗീതത്തിനുമാണ് അവാര്‍ഡ്.

ഗാന ഗന്ധര്വ്വന് കെ.ജെ യേശുദാസ് മുതല്‍ മലയാള ചലച്ചിത്ര ലോകത്തെ പ്രശസ്ത പിന്നണി ഗായകര്‍ക്കായി ഈണമൊരുക്കിയ സംഗീത സംവിധായകനാണ് പ്രേംകുമാര്‍ വടകര. മലയാള സിനിമയിലും നാടകത്തിലും സീരിയലുകളിലും മികച്ച ഈണങ്ങളൊരുക്കിയ പ്രേംകുമാര്‍ ലളിതഗാനശാഖയിലും ഭക്തിഗാന രംഗത്തും ഒപ്പം വിപഌ ഗാനങ്ങള്‍ ഒരുക്കുന്നതിലും ശ്രദ്ധേയനായിരുന്നു.

വശ്യമായ ലളിതഗാനങ്ങളുടെ മേന്മയിലൂടെ ഇ.വി.വത്സനെ ശ്രദ്ധേയനാക്കിയത്. നാടിന്റെ നന്മയും സൗഹൃദവും ചേര്‍ത്ത് കൊണ്ട് മണ്ണിന്റെ മണമുള്ള വരികള്‍ തീര്‍ത്തു ഇ.വി.വത്സന്. പതിറ്റാണ്ടുകള്‍ മുമ്പെഴുതിയ വരികള്‍ ഇന്നും ആസ്വാദകരില്‍ നൊമ്പരവും വിഷാദവും സൃഷ്ടിച്ച് ഗാനവീചികളാല്‍ അലയടിക്കുന്നുണ്ട്. സംഗീത മേഖലയുടെ അഭിമാനമായ ഇരുവരും വടകര നഗരത്തിന്റെ സന്തതികളാണ്. പ്രേംകുമാര്‍ നാരായണനഗരത്തും ഇ.വി.വത്സന് അറക്കിലാടുമാണ് താമസം. സംഗീതാധ്യാപകവൃത്തിക്കു ശേഷം യെസ്ദാസ് എന്ന സംഗീത വിദ്യാലയം നടത്തുന്ന പ്രേംകുമാര്‍ സംഗീതരംഗത്ത് സജീവമാണ്. അധ്യാപകനായി തിളങ്ങിയ ഇ.വി.വത്സനും ഗാനരംഗത്ത് സജീവ സാന്നിധ്യമാണ്.

News from our Regional Network
RELATED NEWS
