“കൊല്ലപ്പെട്ടെന്നും ഹര്‍ത്താലും” ; ആശങ്ക പടര്‍ത്തി വ്യാജവാര്‍ത്ത

By | Saturday May 21st, 2016

SHARE NEWS

policeനാദാപുരം : നിട്ടൂരില്‍ പരിക്കേറ്റ ബി.ജെ.പി.പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടെന്നും ഞായറാഴ്ച ഹര്‍ത്താലാണെന്നുമുള്ള വ്യാജവാര്‍ത്ത നാട്ടില്‍ ആശങ്ക പടര്‍ത്തി. നാട്ടില്‍ നിന്നും വിദേശത്ത് നിന്നും നിരവധി കോളുകളാണ് മാധ്യമസ്ഥാപനങ്ങളിലേക്കും പോലീസ് സ്റ്റേഷനിലേക്കും വന്നുകൊണ്ടിരിക്കുന്നത്. അജ്ഞാത കേന്ദ്രങ്ങളാണ് വാര്‍ത്ത പടര്‍ത്തിയതിന് പിന്നില്‍. ഇതിനിടയില്‍ താലൂക്കിലെ നാദാപുരം,വളയം,വടകര, എടച്ചേരി, കുറ്റിയാടി, തൊട്ടില്‍പാലം പോലീസ്റ്റേഷന്‍ പരിധിയില്‍ പോലീസ് ആക്ട്‌ പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചതും ഊഹാപോഹം പരത്തുന്നവര്‍ക്ക് ആവേശമായി. ചിലയിടത്ത് പോലീസ് സ്വകാര്യ ജീപ്പുകളിലാണ് നിരോധനാജ്ഞ അനൌണ്‍സ് ചെയ്തത്. പോലീസ് വാഹങ്ങളെല്ലാം കുറ്റിയാടി ഭാഗത്ത്‌ പോയതാണെന്ന പ്രചാരണവും ഉണ്ടായി.

വെള്ളിയാഴ്ച നിട്ടൂരില്‍ ബി.ജെ.പി. പ്രവര്‍ത്തകര്‍ക്കുനേരേ അക്രമം നടന്നിരുന്നു. ഒരാളുടെ വീട്ടില്‍ കയറിയും മറ്റൊരാളെ ഓടിച്ചിട്ട് അക്രമിക്കുകയുമാണുണ്ടായത്. ഗുരുതരമായി പരിക്കേറ്റ വടക്കെ വിലങ്ങോട്ടില്‍ മണി(34) തേക്കുള്ളതില്‍ പ്രേമന്‍ (35) എന്നിവരെ കോഴിക്കോട് മെഡിക്കല്‍കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പല ഭാഗത്തു നിന്നുമെത്തിയ സംഘം വീടുവളഞ്ഞ ശേഷം ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷമുണ്ടാക്കി വീടിനകത്ത് കടന്ന് മണിയെ വെട്ടുകയായിരുന്നുവെന്ന് സംഭവത്തിന്ന് ദൃക്‌സാക്ഷിയായ മണിയുടെ സഹോദരന്‍ പറഞ്ഞു. ബോംബേറില്‍ വീടിന്റെ ഭിത്തിയും, അടുക്കളഭാഗവും തകര്‍ന്നു. ശബരിമല ദര്‍ശനം കഴിഞ്ഞ് വെള്ളിയാഴ്ച രാവിലെ തിരിച്ചെത്തിയ പ്രേമന്‍, അടുത്ത ബന്ധു വീട്ടില്‍ ക്ഷേത്രത്തിലെ പ്രസാദം കൊടുക്കാന്‍ പോവുകയായിരുന്നു. സംഭവം കണ്ട് അടുത്ത പറമ്പില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിന്നിടയില്‍ സംഘം പ്രേമനെ ബോംബെറിഞ്ഞ് വീഴ്ത്തുകയായിരുന്നു. ശക്തമായ ബോംബേറില്‍ പറമ്പിലെ ഒരു കവങ്ങിന്‍ തടി ചിതറിപ്പോയി. അക്രമം നടത്തിയശേഷം വീട്ടില്‍ മുളക് പൊടി വിതറിയാണ് സംഘം രക്ഷപ്പെട്ടത്. സമീപവാസികളെക്കൂടാതെ പുറത്തു നിന്നെത്തിയവരും അക്രമി സംഘത്തിലുള്‍പ്പെട്ടതായും  ക്രമത്തിന്നുപിന്നില്‍ സി.പി.എമ്മുകാരാണെന്നും വീട്ടുകാര്‍ ആരോപിച്ചിരുന്നു.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
Loading...