ഇവര്‍ പടുത്തുയര്‍ത്തി സ്നേഹ തണല്‍ ;പ്രളയത്തെ ചെറുക്കുന്ന 600 വീടുകളെന്ന സ്വപ്നനേട്ടത്തിലേക്ക് തണൽ

By | Tuesday June 4th, 2019

SHARE NEWS

വടകര: സർവം നശിപ്പിച്ച പ്രളയത്തിന്റെ ഭീകരത നേരിൽ കണ്ടപ്പോൾതന്നെ വടകര തണൽ പ്രവർത്തകർ തീരുമാനമെടുത്തു. കഴിയാവുന്നത്ര സഹായം എത്തിക്കണം. ആദ്യം അവശ്യസാധനങ്ങൾ നൽകി, പിന്നെ വീട് വൃത്തിയാക്കാൻ പോയി, ചിലത് അറ്റകുറ്റപ്പണി നടത്തി.

ഇതുകൊണ്ടൊന്നും ഒന്നുമാവില്ലെന്നുവന്നതോടെ എല്ലാം നഷ്ടപ്പെട്ടവർക്ക് വീടുവെച്ചുകൊടുക്കാൻ തീരുമാനിച്ചു. ആദ്യം കുറച്ചുവീടുകൾ. പിന്നെ എണ്ണം കൂടിക്കൂടിവന്നു… സഹായങ്ങളുമായി വ്യക്തികളും സംഘടനകളും എത്തിയതോടെ 600 വീടുകളെന്ന സ്വപ്നനേട്ടത്തിലേക്ക് തണൽ എത്തിനിൽക്കുന്നു.

പ്രളയദുരന്തം കഴിഞ്ഞ് 10 മാസം പിന്നിടുമ്പോൾ കേരളത്തിലും കുടകിലുമായി 300-ഓളം വീടുകൾ പൂർത്തിയായി. നിർമാണം നടക്കുന്ന വീടുകളും അത്രതന്നെ വരും. അഗതികൾക്കും പാവപ്പെട്ട രോഗികൾക്കും ആശ്രയമേകി ഒരു പതിറ്റാണ്ടുകാലമായി വടകരയിലും പരിസരങ്ങളിലും പ്രവർത്തിക്കുന്ന സ്ഥാപനമാണ് തണൽ.

ഇത്രയും വീടുകൾ നിർമിച്ചുകൊടുക്കാൻ തുടക്കത്തിൽ കരുതിയിരുന്നില്ലെന്ന് തണൽ ചെയർമാൻ ഡോ. ഇദ്രിസ് പറഞ്ഞു. തണൽ പ്രവർത്തകർ പ്രളയബാധിത മേഖലകളിൽ സർവേ നടത്തിയിരുന്നു. ഇതുപ്രകാരം വീട് വേണ്ടവരുടെ വിവരങ്ങളും എസ്റ്റിമേറ്റും ഉൾപ്പെടെ വിശദമായ ബ്രോഷർ ഇറക്കി. ഇതിന് വലിയ പ്രതികരണമാണ് കിട്ടിയതെന്ന് ഡോക്ടർ പറഞ്ഞു. അമേരിക്കൻ മലയാളികളിൽനിന്നും വലിയ സഹായം കിട്ടി.

തിരുവല്ല കടപ്ര വില്ലേജിൽ 20 വീടുകൾ കഴിഞ്ഞദിവസമാണ് കൈമാറിയത്. തണലിനൊപ്പം ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻ ഓഫ് അമേരിക്ക (ഫോമ) യുമായി സഹകരിച്ചാണ് പദ്ധതി. 12 വീടുകൾ കൂടി നിർമാണത്തിന്റെ അന്തിമഘട്ടത്തിലാണ്. മൊത്തം ഏഴുലക്ഷം രൂപയാണ് ഒരുവീടിന് ചെലവ്. 11 വീടുകൾക്ക് സർക്കാരിന്റെ ലൈഫ് പദ്ധതിപ്രകാരം നാലുലക്ഷം കിട്ടി. ഒന്നരലക്ഷം വീതം തണലും ഫോമയും വഹിച്ചു. ബാക്കിയുള്ള 21 വീടുകൾക്ക് അഞ്ചരലക്ഷം രൂപ ഫോമയും ബാക്കി തണലുമാണ് വഹിച്ചത്.

വയനാട്ടിൽ 60 വീടുകളുടെ നിർമാണം പൂർത്തിയായിക്കഴിഞ്ഞു. പനമരം പഞ്ചായത്തിൽ 37 എണ്ണം നിർമിച്ചു. പൊഴുതനയിൽ 18 വീടുകളും. ഇടുക്കിൽ 16 വീടുകളും മാളയിൽ ഒമ്പത് വീടുകളുമുണ്ട്. തിരുനെല്ലിയിലെ 24 ആദിവാസി കുടുംബങ്ങൾക്ക് വീടുവെക്കാൻ ഭൂമി ഇല്ലാത്തതിനാൽ ഒന്നരയേക്കർ തണൽ വാങ്ങി അഞ്ചുസെന്റ് വീതം ഓരോരുത്തർക്കും നൽകി. ഇവിടെ വീടുവെക്കാൻ സർക്കാർ നാലുലക്ഷം രൂപവീതം അനുവദിച്ചു.

അഞ്ചരലക്ഷം രൂപയാണ് വീടിന്റെ എസ്റ്റിമേറ്റ്. ബാക്കിതുക തണൽ വഹിക്കും. കുടകിൽ 200-ഓളം വീടുകൾ നിർമിച്ചുകഴിഞ്ഞു. നൂറെണ്ണം ഉടൻ പൂർത്തിയാകും. പ്രളയത്തെ നേരിടാൻതക്ക വിധത്തിലാണ് എല്ലാവീടുകളും നിർമിച്ചത്. തറനിരപ്പിൽ നിന്ന് അഞ്ചടിയോളം ഉയരം വീടുകൾക്കുണ്ട്. അല്പം ചെലവ് കൂടാൻ കാരണമിതാണെന്ന് വീടുനിർമാണത്തിന്റെ ചുമതലയുള്ള ടി.ഐ. നാസർ പറഞ്ഞു.

കേരളത്തിൽ നിർമിച്ച 60-ഓളം വീടുകൾ പ്രീ-ഫാബ് സാങ്കേതികവിദ്യയാണ് ഉപയോഗപ്പെടുത്തിയത്. ഭൂമിക്ക് ഭാരമാകാത്ത തരത്തിലുള്ള ഫൈബർ സിമന്റ് ബോർഡുകൾ യോജിപ്പിച്ചാണ് നിർമാണം. ഇത് തകർന്നുവീഴില്ലെന്ന പ്രത്യേകതയുമുണ്ട്. സാമഗ്രികൾ നശിക്കാതെ അഴിച്ചുവെക്കുകയും ചെയ്യാം. പുറമ്പോക്കിലും മറ്റും താമസിക്കുന്നവർക്കാണ് തണൽ മുൻഗണന നൽകുന്നത്. അവർക്ക് മറ്റൊരു സഹായവും കിട്ടില്ലെന്നതിനാലാണിത്.

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്