Categories
Breaking News

യുവതിയുടെ പേരിൽ വ്യാജ രേഖ; ആർ സി നൽകിയ ആർ ടി ഒ ഉൾപ്പടെ ഏഴ് പേർക്കെതിരെ കോടതി കേസ്

വടകര : യുവതിയുടെ പേരിൽ വ്യാജ രേഖ സമർപ്പിച്ച് ഇരുചക്ര വാഹനത്തിന് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് നൽകിയെന്ന പരാതിയിൽ വടകര ആർ ടി ഒ,ആർ ടി ഓഫീസ് ജീവനക്കാരായ മൂന്ന് പേർ ഉൾപ്പടെ ഏഴ് പേർക്കെതിരെ വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി സ്വമേധയാ കേസ്സെടുത്തു.

2020 ഡിസംബർ മാസം വടകര ആർ ടി ഒ ആയിരുന്നയാൾ,ഇതേ ഓഫീസിൽ നിന്നും ഇപ്പോൾ വിരമിച്ച ക്ലർക്ക് തലശ്ശേരി കവിയൂർ ഒളവിലം സ്വദേശി കെ പി പ്രേമൻ,ക്ലർക്ക് മാരായ സാമുവൽ തോമസ്,സുരേഷ്,മുൻ ആർ സി ഉടമ വയനാട് വൈത്തിരി കുന്നത്ത് ഇടവക ലക്കിടി കുന്നുമ്മൽ സന്തോഷ്,വടകര വൈക്കിലശ്ശേരി സ്വദേശി പുത്തൻ പുരയിൽ അംജാദ്,ഒഞ്ചിയം പുത്തൻ പുരയിൽ മനക്കൽ പ്രവീണ എന്നിവർക്കെതിരെയാണ് കോടതി കേസ്സെടുത്തത്.

ഒഞ്ചിയം സ്വദേശിനി അഷിനാലയത്തിൽ എ കെ അഷിന നൽകിയ സ്വകാര്യ അന്യായത്തിലാണ് ഇവർക്കെതിരെ കേസ്സെടുക്കാൻ കോടതി ഉത്തരവിട്ടത്.


അന്യായക്കാരിയുടെ പേരിൽ വ്യാജ രേഖ ചമച്ച് ആർ സി കരസ്ഥമാക്കിയെന്നാണ് പരാതി.ഈ കേസിൽ 6,7 പ്രതികളായ അംജാദും,പ്രവീണയും നേരത്തെ കസബ പോലീസ് 2017 ൽ രജിസ്ട്രർ ചെയ്ത കള്ള നോട്ട് കേസിൽ ഉൾപ്പെട്ട പ്രതികളായിരുന്നു.

ഇവർ ഉപയോഗിച്ചിരുന്ന കെ എൽ 12 E-646 നമ്പർ സ്കൂട്ടി മോട്ടോർ സൈക്കിളിന്റെ യഥാർത്ഥ ഉടമയെ കേസിൽ നിന്നും രക്ഷപ്പെടുത്താനായി അന്യായക്കാരിയുടെ അറിവോ സമ്മതമോ ഇല്ലാതെ ഈ വാഹനം വ്യാജ രേഖ ചമച്ച് രജിസ്‌ട്രേഷൻ ചെയ്ത് വിശ്വാസ വഞ്ചന നടത്തിയെന്നും ഇതിന് കൂട്ടുനിന്ന ആർ ടി ഒ അടക്കമുള്ള ഓഫീസ് ജീവനക്കാർക്കെതിരേയും നടപടി ആവശ്യപ്പെട്ടു കൊണ്ടാണ് അന്യായം ഫയൽ ചെയ്തത്.

അന്യായക്കാരിയുടെ പേരിലുള്ള വാഹനം കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് കസബ പോലീസ് സ്റ്റേഷനിൽ നിന്നും 2020 ആഗസ്റ്റ് 17 ന് അന്യായക്കാരിയുടെ പിതാവിന് ഫോൺ സന്ദേശം ലഭിക്കുകയും പിറ്റേ ദിവസം തന്നെ ബി എസ് എഫ് ഉദ്യോഗസ്ഥനായ ഭർത്താവിനൊപ്പം അന്യായക്കാരി കസബ സ്റ്റേഷനിൽ ഹാജരാകുകയും ആർ സി യുടെ വിവരങ്ങൾ പരിശോധിച്ചപ്പോൾ അന്യായക്കാരിയാണ് ഉടമയെന്ന് മനസ്സിലായത്.

അന്യായക്കാരി ഇന്നേവരെ ഒരു വാഹനവും വാങ്ങിയിട്ടില്ലെന്നും ഇന്നേ വരെ ഒരു വാഹനവും തന്റെ പേരിൽ രജിസ്ട്രർ ചെയ്യാൻ എവിടേയും അപേക്ഷ നൽകിയിട്ടില്ലെന്നും പരാതിയിൽ പറഞ്ഞു.ഇതേ തുടർന്ന് അന്യായക്കാരി ചോമ്പാൽ,വടകര പോലീസ് മുഖേന പരാതി നൽകിയെങ്കിലും ഓരോ കാരണങ്ങൾ പറഞ്ഞ് യാതൊരു നടപടിയും സ്വീകരിക്കാതെ പരാതി നീട്ടികൊണ്ടുപോകുകയായിരുന്നെന്ന് സ്വകാര്യ അന്യായത്തിൽ പറഞ്ഞു.

തുടർന്ന് 2020 ആഗസ്റ്റ് 23 ന്
വടകര ആർ ടി ഒ ഓഫീസിൽ വിവരാവകാശ നിയമ പ്രകാരം ഹരജി ബോധിപ്പിച്ചു.

ചോദ്യങ്ങൾക്ക് മതിയായ ഉത്തരം നൽകാതെ പ്രസ്തുത വാഹനത്തിന്റെ ഫയൽ കൈകാര്യം ചെയ്ത സെക്ഷൻ ക്ലാർക്ക് സർവ്വീസിൽ നിന്നും വിരമിച്ചെന്നും ഈ വിഷയം ഇയാളെ അറിയിച്ചിട്ടുണ്ടെന്നും മറുപടി ലഭിക്കുന്ന മുറക്ക് ചോദ്യങ്ങൾക്ക് മറുപടി നൽകുമെന്ന മറുപടിയാണ് പരാതിക്കാരിക്ക് ലഭിച്ചത്.

വാഹനത്തിന്റെ ആർ സി അഞ്ചാം പ്രതിയായ സന്തോഷിന്റെ പേരിൽ നിന്നും അന്യായക്കാരിയുടെ പേരിലേക്ക് മാറ്റിയ ഫയൽ കൈകാര്യം ചെയ്തത് സാമുവൽ തോമസും,സുരേഷുമായിരുന്നെന്ന് വിവരാവകാശ പ്രകാരമുള്ള മറുപടിയിലും ലഭിച്ചിട്ടുണ്ട്.

വിവരാവകാശ പ്രകാരം തൃപ്തികരമല്ലാത്ത മറുപടി ലഭിച്ചതിനെ തുടർന്ന് അന്നത്തെ ആർ ടി ഒ
മുൻപാകെ അപ്പീൽ ബോധിപ്പിക്കുകയും 2018 ഫെബ്രവരി 6 ന് നടന്ന വാഹന ഉടമസ്ഥാവകാശം മാറ്റിയ അപേക്ഷയുടെ കോപ്പികൾ ഓഫീസിൽ ലഭ്യമല്ല എന്ന് അറിയിച്ചു കൊണ്ട് അപ്പീലിൽ തീർപ്പാക്കുകയാണ് ഉണ്ടായത്.

കുറ്റവാളികളായ ഉദ്യോഗസ്ഥരെ രക്ഷപ്പെടുത്താനാണ് ഇപ്രകാരം ചെയ്തതെന്നും അന്യായക്കാരി ആരോപിച്ചു.

കേന്ദ്ര മോട്ടോർ വാഹന നിയമ പ്രകാരം പാലിക്കേണ്ട യാതൊരു നിയമ നടപടികളും പാലിക്കാതെയാണ് വാഹനത്തിന്റെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റിൽ മാറ്റങ്ങൾ വരുത്തിയത്.

വാഹനം ട്രാൻസ്‌ഫർ ചെയ്യുന്ന വ്യക്തിയും ട്രാൻസ്‌ഫർ ചെയ്തു കിട്ടേണ്ട വ്യക്തിയും ആരാണെന്ന ഐഡന്റിറ്റി പരിശോധിക്കാതെ ആരെയോ രക്ഷപ്പെടുത്താനുള്ള ഭാഗമായിട്ടാണ് വ്യാജമായി വാഹനം രജിസ്ട്രർ ചെയ്തിട്ടുള്ളതെന്നും അന്യായത്തിൽ പറഞ്ഞു.

അന്യായക്കാരിയുടെ ആധാർ കാർഡ് 2017 ൽ നഷ്ടപ്പെട്ടിരുന്നു.ഇതേ തുടർന്ന് 2018 ൽ അപേക്ഷ സമർപ്പിച്ച് ഡ്യൂപ്ലിക്കേറ്റ് കരസ്ഥമാക്കുകയും ചെയ്തിരുന്നു.

മോട്ടോർ വാഹന വകുപ്പ് അനുശാസിക്കുന്നത് പ്രകാരം ഒരു വാഹനത്തിന്റെ ആർ സി മറ്റൊരാളുടെ പേരിലേക്ക് മാറ്റുമ്പോൾ മാറികിട്ടേണ്ടയാളുടെ ഒപ്പ് അപേക്ഷയിൽ നിർബന്ധമാണ്.

തിരിച്ചറിയൽ രേഖയും ഇതോടൊപ്പം ഹാജരാക്കണം.അപേക്ഷയും രേഖകളും വെരിഫൈ ചെയ്ത് ബോധ്യപ്പെട്ട ശേഷമേ വാഹനത്തിന്റെ ഉടമസ്ഥാവകാശം അപേക്ഷിച്ച ആളിലേക്ക് മാറ്റാൻ കഴിയുകയുള്ളൂ.

അന്യായക്കാരിയുടെ പേരിലേക്ക് വാഹനം മാറ്റുന്നതിന് മുൻപ് രേഖകൾ പരിശോധിക്കുന്നതിൽ പ്രതികൾ മനഃ പൂർവ്വം കുറ്റകരമായ വീഴ്ച വരുത്തിയതായും കോടതിയിൽ നൽകിയ സ്വകാര്യ അന്യായത്തിൽ പറഞ്ഞു.

Spread the love
വടകര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Vatakaranews Live

RELATED NEWS

NEWS ROUND UP