എച്ച്1 എന്‍1: മുന്‍കരുതല്‍ വേണമെന്ന് ആരോഗ്യ വകുപ്പ്

By | Monday November 26th, 2018

SHARE NEWS


കോഴിക്കോട് : ജില്ലയില്‍ വിവിധ പ്രദേശങ്ങളില്‍ നിന്നും എച്ച്1 എന്‍1 പനി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ജയശ്രീ.വി. അറിയിച്ചു. ഇന്‍ഫഌവന്‍സ ടൈപ്പ് എ വൈറസ് മൂലമുണ്ടാകുന്ന രോഗമാണ് എച്ച്1 എന്‍1. വായുവിലൂടെ എളുപ്പത്തില്‍ പകരുന്ന ഒരു സാംക്രമിക രോഗമാണിത്. ചുമക്കുമ്പോഴും, തുമ്മുമ്പോഴും സൂക്ഷ്മ കണങ്ങള്‍ വായുവിലൂടെ മറ്റൊരാളിലേക്ക് പകരുന്നു. കൂടാതെ രോഗി ഉപയോഗിക്കുന്ന വസ്തുക്കളിലൂടെയും 80% വരെ രോഗം പകരാനുളള സാധ്യതയുണ്ട്.
രോഗം വന്നയുടന്‍ രോഗി ഉപയോഗിച്ച വസ്ത്രങ്ങള്‍, തൂവാല എന്നിവ മറ്റുളളവര്‍ വീണ്ടും ഉപയോഗിക്കുന്നത് ഇരട്ടി ദോഷമുണ്ടാക്കും. ജലദോഷപ്പനിയായതിനാല്‍ ആരെയും ബാധിക്കാമെങ്കിലും രോഗപ്രതിരോധശേഷി കറവുളളവര്‍ക്ക് ഈ രോഗം വളരെ പെട്ടെന്ന് ബാധിക്കാനും മൂര്‍ച്ചിക്കാനും സാധ്യതയുണ്ട്. വൈറസ് ബാധിച്ച പ്രതലങ്ങളില്‍ സ്പര്‍ശിച്ചശേഷം കണ്ണിലോ, മൂക്കിലോ, വായിലോ സ്പര്‍ശിക്കുന്നത് അണുബാധക്ക് കാരണമാകും. സാധാരണ അന്തരീക്ഷ ഊഷ്മാവില്‍ വൈറസ് മിക്കപ്പോഴും നശിച്ചുപോകും. എന്നാല്‍ എയര്‍കണ്ടീഷന്‍ മുറികളില്‍ വൈറസ് കൂടുതല്‍ നേരം നിലനില്‍ക്കും.
പനി, ചുമ, ശ്വാസം മുട്ടല്‍, ശരീര വേദന, തൊണ്ടവേദന, ജലദോഷം വിറയല്‍, ക്ഷീണം, പേശീവേദന തുടങ്ങിയവയാണ് രോഗലക്ഷണങ്ങള്‍. ചിലരില്‍ ഛര്‍ദ്ദിയും വയറിളക്കവും ഉണ്ടാകും. പനിക്കൊപ്പം സാധാരണയിലും കൂടുതല്‍ വേഗത്തില്‍ ഹൃദയമിടിക്കുക, നാഡീചലനം ധൃതിയിലാവുക, രക്തസമ്മര്‍ദ്ദം ക്രമാതീതമായി കുറയുക എന്നീ ലക്ഷണങ്ങളുമുണ്ടാകാം.
വൈറസിനെ നശിപ്പിക്കുന്ന ‘ഒസാള്‍ട്ടമിവിര്‍’ മരുന്നാണ് ചികിത്സക്ക് ഉപയോഗിക്കുന്നത്. ഇവ എല്ലാ ആരോഗ്യകേന്ദ്രങ്ങളിലും ലഭ്യമാണ്. രോഗപ്രതിരോധ ശേഷി കുറവുളളവരില്‍ ഈ രോഗം പെട്ടെന്ന് ബാധിക്കാനും മൂര്‍ഛിക്കാനും സാധ്യതയുണ്ട്. ഗര്‍ഭിണികള്‍, കുട്ടികള്‍, പ്രമേഹരോഗികള്‍, വൃക്ക, കരള്‍ രോഗം ബാധിച്ചവര്‍, ഹൃദ്രോഗികള്‍, രക്തസമ്മര്‍ദ്ദം, കാന്‍സര്‍, എച്ച്.ഐ.വി ബാധിതര്‍, അവയവം മാറ്റിവെച്ചവര്‍ എന്നിവര്‍ക്ക് അപകട സാധ്യത കൂടുതലാണ്.
കൈകാലുകള്‍ വൃത്തിയായി സൂക്ഷിക്കുക, സോപ്പും വെളളവും ഉപയോഗിച്ച് ഇടക്കിടക്ക് കഴുകുക, യാത്രക്ക് ശേഷം ഉടന്‍ കുളിക്കുക, രോഗികളുമായുളള സമ്പര്‍ക്കം ഒഴിവാക്കുക, രോഗലക്ഷണമുളളവര്‍ വീടുകളില്‍ പൂര്‍ണ്ണ വിശ്രമം എടുക്കുക, തുമ്മുമ്പോഴും ചുമക്കുമ്പോഴും മൂക്കും വായയും തൂവാല ഉപയോഗിച്ച് പൊത്തിപ്പിടിക്കുക, ഉടന്‍ തന്നെ കൈ നന്നായി കഴുകുക, വിദ്യാര്‍ത്ഥികളില്‍ രോഗലക്ഷണം കണ്ടാല്‍ സ്‌കൂളില്‍ വിടാതിരിക്കുക, സ്‌കൂളുകളില്‍ കൂടുതലായി രോഗം റിപ്പോര്‍ട്ടു ചെയ്യുകയാണെങ്കില്‍ രോഗവ്യാപനം തടയാന്‍ സ്‌കൂള്‍ അസംബ്ലി അത്യാവശ്യഘട്ടത്തില്‍ മാത്രം ചേരുക, ധാരാളം വെളളം കുടിക്കുക, നന്നായി ഉറങ്ങുക, പോഷകമൂല്യമുളള ഭക്ഷണം ധാരാളം കഴിക്കുക, ഇളം ചൂടുളള പാനീയങ്ങള്‍ ഇടക്കിടെ കുടിക്കുക എന്നിവയാണ് സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍. ജില്ലയില്‍ നവംബര്‍ മാസത്തില്‍ മാത്രം 35 കേസുകളും ഒരു മരണവും ആകെ ഈ വര്‍ഷം 130 കേസുകളും നാല് മരണങ്ങളും റിപ്പോര്‍ട്ടു ചെയ്യപ്പെട്ട സാഹചര്യത്തില്‍ ജനങ്ങള്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കേണ്ടതാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

Tags: , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്