കോണ്‍ഗ്രസ്സ് പ്രസ്ഥാനം വടകരയില്‍

By ഹരീന്ദ്രന്‍ കരിമ്പനപ്പാലം | Wednesday May 22nd, 2019

SHARE NEWS

വടകരയുടെ ചരിത്രത്തില്‍ നിന്ന് കോണ്‍ഗ്രസ്സിനെയോ കോണ്‍ഗ്രസ്സിന്റെ ചരിത്രത്തില്‍ നിന്ന് വടകരയെയോ മാറ്റിനിര്‍ത്താന്‍ സാധ്യമല്ലാത്തത്ര അഭേദ്യമാണ് ചരിത്രത്താളുകള്‍.


ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുംമുന്‍പ് 1931 ലെ കോണ്‍ഗ്രസ്സ് സമ്മേളനവും , കൗമുദി ടീച്ചറുടെ ത്യാഗസന്നദ്ധതയുമാണ് വടകരയുടെ രാഷ്ട്രീയയശസ്സ് ഭാരതമൊട്ടാകെ ഉയര്‍ത്തിയതെങ്കില്‍ സ്വാതന്ത്ര്യാനന്തരം അത് 2009ലെ പൊതുതിരഞ്ഞെടുപ്പിലെ മുല്ലപ്പളളി രാമചന്ദ്രന്റെ വിജയം വരെ എത്തിനില്‍ക്കുന്നു.. വളര്‍ന്ന് പന്തലിച്ചും തളര്‍ന്നും ശരശയ്യയിലായും കിതച്ചും കൊതിച്ചും കോണ്‍ഗ്രസ്സ് . അതെ , വടകരയിലെ കോണ്‍ഗ്രസ്സിന് ഒരുപാട് കഥപറയാനുണ്ട്. സ്വാതന്ത്ര്യസമരത്തിന്റെ തീച്ചൂളയിലേക്ക് മുല്ലപ്പളളി ഗോപാലന്‍ എന്ന കര്‍മ്മയോഗിയെ സംഭാവനനല്‍കിയ കഥ മുതല്‍ സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ ഭരണകൂടത്തിന്റെ ചുക്കാന്‍ പിടിക്കാന്‍ അദ്ദേഹത്തിന്റെ മകന്‍ മുല്ലപ്പളളി രാമചന്ദ്രനെ നാട് നിയോഗമേല്‍പ്പിച്ച കഥ വരെ.

20014 ല്‍ പ്രതിസന്ധികള്‍ ഏറെയുണ്ടായിട്ടും മുല്ലപ്പള്ളി എം പിയായി തെരഞ്ഞെടുക്കപ്പെട്ടു. വടകര ലോക്‌സഭാ മണ്ഡലത്തില്‍ മുല്ലപ്പള്ളിക്ക് ശേഷം കെ കരുണാകര പുത്രന്‍ കെ മുരളീധരനിലൂടെ കോണ്‍ഗ്രസിന്റെ ജൈത്രയാത്ര തുടരുകയാണ്.
കടത്തനാട്ടിലെ കോണ്‍ഗ്രസിന്റെ പടനായകന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ കെപിസിസി നേതൃത്വത്തിന്റെ അമരത്തിരിക്കുമ്പോള്‍ നേടിയ ചരിത്ര വിജയത്തില്‍ വടകരയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും ഏറെ അഭിമാനിക്കാം.


ഇന്ത്യന്‍ സ്വാതന്ത്ര്യസമരകാലഘട്ടത്തിലും അതിന് ശേഷവും വടകരയില്‍ കോണ്‍ഗ്രസ്സ് കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണ്ണായകമായ പങ്ക് വഹിച്ചവരായിരുന്നു എ.ചാത്തുമാസ്റ്റര്‍ , ദത്തന്‍നാരായണന്‍,എക്‌സറേ വേണു, സുപ്രകേളന്‍, തറമ്മല്‍ കൃഷ്ണന്‍ എന്നീ പ്രഗത്ഭമതികള്‍. മൊയാരത്ത് ശങ്കരനും എം.കെ.കേളുവും , പി.ആര്‍ നമ്പ്യാരും , എം.കുമാരന്‍ മാസ്റ്ററും , പി.രാമക്കുറുപ്പും കോണ്‍ഗ്രസ്സിന്റെ വടകരയിലെ ആവിര്‍ഭാവ കാലത്തെ നേതാക്കളായിരുന്നുവെങ്കിലും ഇവര്‍ പിന്നീട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ആകൃഷ്ടരാവുകയായിരുന്നു. അക്കാലത്ത് മൊയാരത്ത് ശങ്കരന്റെ പത്രാധിപത്യത്തിലുളള കേരള കേസരി പത്രത്തിന്റെ വടകരയിലെ ഓഫീസായിരുന്നു കോണ്‍ഗ്രസ്സ് ആസ്ഥാനം. ഇവര്‍ പാര്‍ട്ടി വിട്ട ശേഷമാണ് കോഴിക്കോട് പന്നിയങ്കര സ്വദേശിയായ എം.വേണുഗോപാലന്‍ ജോലി അന്വേഷിച്ച് വടകരയില്‍ എത്തുന്നത്. ഭഗവതികോട്ടക്കല്‍ ക്ഷേത്രത്തിന് മുന്‍വശത്ത് സ്ഥിതി ചെയ്തിരുന്ന ഡോ.രാഘവന്റെ എക്‌സറേ യൂണിറ്റിലെ ജീവനക്കാരനായ വേണു പിന്നീട് കോണ്‍ഗ്രസ്സിന്റെ ചരിത്രത്താളുകളിലെ എക്‌സറേ വേണുവായി മാറി.

ആരും ബഹുമാനിക്കുന്ന അപൂര്‍വ്വ വ്യക്തിത്വത്തിന്റെ ഉടമ. എല്ലാവര്‍ക്കും പ്രിയ്യപ്പെട്ട വേണു ഏട്ടന്‍. 350 ഓളം സേവാ ദള്‍വളണ്ടിയര്‍മാര്‍ അദ്ദേഹത്തിന്റെ ശിഷ്യത്വത്തില്‍ കര്‍മ്മധീരരായി. നാട്ടിലെ സകലമാനകാര്യങ്ങളിലും കോണ്‍ഗ്രസ്സ് വളണ്ടിയര്‍മാര്‍ പങ്കാളികളായി. ഇക്കാലത്ത് വേണുവിന്റെ ഊണും ഉറക്കവും അടക്കാത്തെരുവിലെ സേവാദള്‍ കലാമന്ദിരത്തില്‍ ആയിരുന്നു. ആയിടയ്ക്ക് ഒരു ദിവസം യൂത്ത് കോണ്‍ഗ്രസ്സിന്റെ അന്നത്തെ സംസ്ഥാന പ്രസിഡണ്ടായിരുന്ന വയലാര്‍ രവി എറണാകുളത്തെ സംസ്ഥാനകമ്മിറ്റി ഓഫീസ് ഫണ്ട് ശേഖരണാര്‍ത്ഥം ഒരു രൂപയ്ക്ക് ഒരു അമ്പാസിഡര്‍ കാര്‍ എന്ന ഫണ്ട് ശേഖരണ പരിപാടിയുമായി ഒരു രാത്രി ഇവിടെ തങ്ങി. ഇതില്‍ പിന്നീട് ഇന്ത്യയിലെ ഏറ്റവും നല്ല സേവാദള്‍ ഓര്‍ഗനൈസര്‍ക്കുളള നെഹ്‌റുസമ്മാന്‍ ആയി അന്ന് ആയിരം രൂപ ഡല്‍ഹിയില്‍ വെച്ച് വേണുവിന് സമ്മാനിക്കപ്പെട്ടു. ഈ തുകയില്‍ നിന്നാണ് അന്ന് അദ്ദേഹം സേവാദളളിന് ബാന്റ് സെറ്റ് വാങ്ങിയതും മണിയൂര്‍ കരുവഞ്ചേരി മലയില്‍ കോണ്‍ഗ്രസ്സിനായി രണ്ടരയേക്കര്‍ സ്ഥലം വാങ്ങിയതും. അദ്ദേഹം പിന്നീട് സംഘടനാ കോണ്‍ഗ്രസ്സിന്റെയും തുടര്‍ന്ന് ജനതാപാര്‍ട്ടിയുടേയും വക്താവായി.

ഇന്നത്തെ കോടതിക്ക് മുന്നിലെ പൂമരത്തിനടുത്തായി സ്ഥിതി ചെയ്ത പഴയകാല കോണ്‍ഗ്രസ്സ് ഓഫീസുകള്‍ പിന്നീട് ടി.ബിക്കു മുന്നിലെ ശ്രീവാസ് ഇലക്ട്രിക്കല്‍സിന് മുകളിലും , കോണ്‍വെന്റ് റോഡിലും , എടോടി മുക്കിലും , റെയില്‍വെ സ്റ്റേഷന്‍ റോഡിലും വിവിധ ഘട്ടങ്ങളിലായി മാറ്റപ്പെട്ടു. അക്കാലത്തെ തലയെടുപ്പുളള കോണ്‍ഗ്രസ്സ് നേതാവായിരുന്നു ഡോ.ജമാലുദ്ദീന്‍ മൈലാഞ്ചി. ഇദ്ദേഹം അഖിലേന്ത്യാ കോണ്‍ഗ്രസ്സ് കമ്മിറ്റി അംഗം വരെയായി. ഇതില്‍ പിന്നീട് അഡ്വ.എം.കെ.പ്രഭാകരനും , അഡ്വ.പി.രാഘവന്‍നായരും ഈ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. എക്‌സറേ വേണുവിന്റെ നേതൃത്വത്തിലുളള കോണ്‍ഗ്രസ്സ് സേവാദള്‍ വളണ്ടിയര്‍മാരില്‍ പ്രശസ്തനായിരുന്നു ഇന്നത്തെ നമ്മുടെ എം.എല്‍.എ സി.കെ.നാണു , പിന്നീട് യൂത്ത് കോണ്‍ഗ്രസ്സ് ജില്ലാ സെക്രട്ടറിയും , സംസ്ഥാനഭാരവാഹിയുമായ അദ്ദേഹം 1969ലെ പാര്‍ട്ടി പിളര്‍പ്പില്‍ നിജലിംഗപ്പയോടൊപ്പം സംഘടനാ പക്ഷത്തേക്ക് മാറുകയായിരുന്നു.


പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഒരു വേള അഡ്വ.എം.കെ പ്രഭാകരന്‍ സ്ഥാനാര്‍ത്ഥിയായിരുന്നു.ഇതില്‍ പിന്നീടായിരുന്നു ഡല്‍ഹിയില്‍ പത്രലേഖകനായിരുന്ന കെ.പി.ഉണ്ണികൃഷ്ണന്‍ ഇന്ദിരാഗാന്ധിയുടെ നിര്‍ദ്ദേശാനുസരണം വടകരയിലെ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥിയായി മത്സരരംഗത്തെത്തുന്നത്. അത്തവണ പശുവും കിടാവും ചിഹ്നത്തില്‍ മത്സരിച്ച ഉണ്ണികൃഷ്ണന്‍ തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ഈ തിരഞ്ഞെടുപ്പില്‍ അന്നത്തെ അറിയപ്പെടുന്ന വനിതാകോണ്‍ഗ്രസ്സ് നേതാവായിരുന്ന ലീലാദാമോദരമേനോന് വേണ്ടി നാടാകെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ചുവരെഴുത്ത് നടത്തിക്കഴിഞ്ഞ ശേഷമാണ് ഉണ്ണികൃഷ്ണന്‍ കോണ്‍ഗ്രസ്സ് ടിക്കറ്റില്‍ മത്സരിക്കാനെത്തിയത്. വളരെ നിര്‍ണ്ണായകമായ ഈ തെരഞ്ഞെടുപ്പില്‍ അഡ്വ.എ.വി രാഘവനെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. ഇതില്‍ പിന്നീട് ഉണ്ണികൃ ഇടതുപക്ഷത്തേക്ക് മാറുകയായിന്നു. വിവിധ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ എക്‌സറേ വേണു, തറമ്മല്‍ കൃഷ്ണന്‍, അഡ്വ.എം.കെ പ്രഭാകരന്‍, കോട്ടൂളി പി.വിജയന്‍, അഡ്വ.സി വത്സലന്‍, കെ.ബാലനാരായണന്‍, എ.സുജനപാല്‍, പൊന്നാറത്ത് ബാലകൃഷ്ണന്‍ മാസ്റ്റര്‍, കെ.സി അബു, എന്നിവര്‍ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥികളായി മത്സരരംഗത്തെത്തി. വിവിധ ലോക്‌സഭാ തിരഞ്ഞെടുപ്പുകളില്‍ എം.കെ പ്രഭാകരന്‍ , കെ.പി ഉണ്ണികൃഷ്ണന്‍, മുല്ലപ്പളളി രാമചന്ദ്രന്‍, എ.സുജനപാല്‍ , അഡ്വ.പി.എം സുരേഷ്ബാബു, എം.ടി പത്മ എന്നിവരും സ്ഥാനാര്‍ത്ഥികളായി.


വടകരയില്‍ നിന്നും അഡ്വ.പി.രാഘവന്‍ നായര്‍, മുല്ലപ്പളളി രാമചന്ദ്രന്‍, അഡ്വ.എം.കെ പ്രഭാകരന്‍, പൊന്നാറത്ത് ബാലകൃഷ്ണന്‍ , അഡ്വ.സി വത്സലന്‍, അഡ്വ.ഇ നാരായണന്‍ നായര്‍ എന്നിവര്‍ വിവിധ ഘട്ടങ്ങളില്‍ കെ.പി.സി.സി മെമ്പര്‍മാരായിരുന്നു. മികച്ച വാഗ്മിയും പ്രഭാഷകനുമായിരുന്ന വടകരയ്ക്ക് സമീപത്തെ ആയഞ്ചേരിയിലെ കടമേരി ബാലകൃഷ്ണന്‍ കെ.പി.സി.സി നിര്‍വ്വാഹക സമിതി അംഗവുമായി. 1938ലെ കെ.പി.സി.സിയില്‍ കെ.കുഞ്ഞിരാമകുറുപ്പ് ഏറ്റവും പ്രായം കുറഞ്ഞ അംഗമായിരുന്നു. വില്ല്യാപ്പളളി സ്വദേശി വി.പി കുഞ്ഞിരാമക്കുറുപ്പ്. ജില്ലാ കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ അധ്യക്ഷ പദവി വരെ അലങ്കരിക്കുകയും ചെയ്തു. ജില്ലാ കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ ഉപാധ്യക്ഷനായി പ്രവര്‍ത്തിക്കാനിടവന്ന പൊന്നാറത്ത് ബാലകൃഷ്ണന്‍ കേരളം കണ്ട മികച്ച വാഗ്മിയും പ്രഭാഷകനുമായിരുന്നു.

ഇപ്പോഴത്തെ കോണ്‍ഗ്രസ്സ് നേതാക്കളില്‍ പ്രമുഖനായ കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ.പി.എം.സുരേഷ് ബാബു കാര്‍ത്തികപ്പളളി സ്വദേശിയാണ്. ഇദ്ദേഹം ഒരു ഘട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന അദ്ധ്യക്ഷനുമായിരുന്നു. സി.എച്ച് കണാരന്‍ സി.പി.എം സംസ്ഥാന സെക്രട്ടറിയായിരിക്കെ അദ്ദേഹത്തിന്റെ മകന്‍ സി.കെ.സുരേന്ദ്രന്‍ കോണ്‍ഗ്രസ്സ് വിദ്യാര്‍ത്ഥി പ്രസ്ഥാനമായ കെ.എസ്.യുവിന്റെ ജില്ലാ ഭാരവാഹിയായിരുന്നു. കെ.സി വേണുഗോപാല്‍ കെ.എസ്.യു സംസ്ഥാനപ്രസിഡന്റായിരിക്കെ ഐ.മൂസ്സ ദീര്‍ഘകാലം പ്രസ്തുത കമ്മിറ്റിയുടെ ഖജാന്‍ജിയായിരുന്നു. വിവിധ ഘട്ടങ്ങളില്‍ അഡ്വ.എം.കെ.പ്രഭാകരന്‍, എ.ചാത്തുമാസ്റ്റര്‍, കെ.മൊയ്തുമാസ്റ്റര്‍, പുളിക്കൂല്‍ മഹമൂദ് , എന്നിവര്‍വടകരയില്‍ കോണ്‍ഗ്രസ്സിന്റെ അധ്യക്ഷന്‍മാരായി. കുറ്റിയില്‍ കണാരന്‍, അഡ്വ.പാലക്കീല്‍ സചീന്ദ്രന്‍, കാളിയത്ത് അബൂബക്കര്‍, പി.രാമകൃഷ്ണന്‍ മാസ്റ്റര്‍, നൂര്‍ മുഹമ്മദ് , എന്നിവര്‍ വിവിധ ഘട്ടങ്ങളില്‍ യൂത്ത് കോണ്‍ഗ്രസ്സിന്റെ നേതാക്കളായിരുന്നു. ദത്തന്‍ നാരായണന്‍, കെ നാരായണകുറുപ്പ് , മണപ്പുറത്ത് അബൂബക്കര്‍ എന്നിവര്‍ മണ്‍മറഞ്ഞ കോണ്‍ഗ്രസ്സ് നേതാക്കളില്‍ പ്രഗത്ഭരായിരുന്നു. കോണ്‍ഗ്രസ്സ് വേദികളിലെ സ്ഥിരം പ്രാസംഗികനായിരുന്നു എ.പത്മനാഭക്കുറുപ്പ്. ഇദ്ദേഹത്തിന്റെ പ്രസംഗം ശക്തമായ ഭാഷയിലായിരുന്നു. വടകര കണ്ട ഏറ്റവും വലിയ കമ്മ്യൂണിസ്റ്റ് വിരുദ്ധനായിരുന്നു അദ്ദേഹം. പ്രമുഖ നേതാക്കളുടെയൊക്കെ പ്രസംഗം പരിഭാഷചെയ്യുക അദ്ദേഹമായിരുന്നു. ടി.പി രാഘവന്‍ , അപ്പുക്കുട്ടന്‍ മാസ്റ്റര്‍, പി.കെ ചാത്തു മാസ്റ്റര്‍ എന്നിവര്‍ അന്നത്തെ അറിയപ്പെടുന്ന നേതാക്കളായിരുന്നു. ഇപ്പോള്‍ നേരത്തെ സംയുക്തബ്ലോക്കായിരുന്ന വടകരയിലെ കോണ്‍ഗ്രസ്സ് കമ്മിറ്റി വടകര , അഴിയൂര്‍ ബ്ലോക്ക് കമ്മിറ്റികളായാണ് പ്രവര്‍ത്തനം നടത്തിവരുന്നത്.ഇതില്‍ വടകരയ്ക്ക് ടി.കേളുവും , അഴിയൂരിന് കോട്ടയില്‍ രാധാകൃഷ്ണനും നേതൃത്വം നല്‍കുന്നു. വടകരയില്‍ നിന്ന് ജില്ലാ കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ ഭാരവാഹികളായി അഡ്വ.ഐ.മൂസയും , കൂടാളി അശോകനും പ്രവര്‍ത്തിച്ചുവരുന്നു. സമശീര്‍ഷരായി അച്ചുതന്‍ പുതിയേടത്തും , സി.വി.അജിത്തും വടകര കേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ചുവരുന്നു.

നാരായണനഗരം
1931 മെയ് മാസം ആദ്യവാരം വടകരയില്‍ നടന്ന കോണ്‍ഗ്രസ്സ് സമ്മേളനമാണ് ഇന്ന് പുതിയ ബസ് സ്റ്റാന്റ് നില്‍ക്കുന്ന പ്രദേശത്തിന് നാരായണനഗരം എന്ന പേര് നാമകരണം ചെയ്ത് ലഭിക്കുവാന്‍ ഇടയാക്കിയത്. അന്നോളം ദക്ഷിണേന്ത്യയില്‍ നടത്തപ്പെട്ടിട്ടുളളതില്‍ വെച്ച് ഏറ്റവും വലിയ കോണ്‍ഗ്രസ്സ് സമ്മേളനമായ കോണ്‍ഗ്രസ്സിന്റെ അഞ്ചാം കേരള സംസ്ഥാനസമ്മേളനമായിരുന്നു അത്. നാലാം സംസ്ഥാനസമ്മേളനം ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ നേതൃത്വത്തില്‍ പയ്യന്നൂരില്‍ നടത്തപ്പെട്ടതിന്റെ പിന്നാലെ വടകരയില്‍ നടന്ന സമ്മേളനത്തിന് ഗാന്ധിജിയുടെ പ്രിയകൂട്ടുകാരന്‍ സെന്‍ ഗുപ്തയായിരുന്നു നേതൃത്വം നല്‍കിയത്.
വടകര നഗറിലെ തെക്ക് കിഴക്ക് ഭാഗത്തെ വയലുകളിലാണ് നഗര്‍ നിര്‍മ്മാണം നടന്നത്. ഇതിന്റെ ചുമതല വഹിച്ചിരുന്നത് ശങ്കര വര്‍മ്മരാജയായിരുന്നു. നഗറിലെ പന്തല്‍ നിര്‍മ്മിക്കാനാവശ്യമായ ഓലകള്‍ ഏറാമല , കുന്നുമ്മക്കര, എടച്ചേരി വില്ലേജുകളില്‍ നിന്നായി ശേഖരിക്കപ്പെട്ടു. എടച്ചേരി തെക്കയില്‍ കുഞ്ഞിക്കണ്ണനും ശങ്കരവര്‍മ്മരാജയെ സഹായിച്ചു. നിര്‍മ്മാണത്തില്‍ രാജയോടൊപ്പം പ്രധാനിയായിരുന്നു തറമ്മല്‍ കൃഷ്ണന്‍. ഏറനാട് കലാപമെന്നറിയപ്പെടുന്ന സംഭവത്തില്‍ തടവനുഭവിക്കുന്ന എം.പി നാരായണ മേനോനെ ഓര്‍മ്മിക്കാനാണ് പന്തലിന് നാരായണനഗരം എന്ന പേര് നല്‍കിയത്. സമ്മേളനത്തില്‍ പങ്കെടുക്കേണ്ട പ്രതിനിധിയായിരുന്ന നാരായണമേനോന്‍ മാപ്പ് പറഞ്ഞാല്‍ മോചനം നല്‍കാമെന്ന് സര്‍ക്കാര്‍ ഉത്തരവിട്ടെങ്കിലും ഗാന്ധിജിയുടെ ഭടന്‍ മാപ്പ് പറഞ്ഞ് മാനക്കേടുണ്ടാക്കരുതെന്ന അദ്ദേഹത്തിന്റെ ഭാര്യയുടെ നിലപാട് നാരായണമേനോന്‍ അംഗീകരിക്കുകയായിരുന്നു. പതിനഞ്ചു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അദ്ദേഹം ജയില്‍മോചിതനായത്. 1930-31 ലെ സിവില്‍ നിയമലംഘനങ്ങളില്‍ ശിക്ഷിക്കപ്പെട്ടവരുടെ മോചനകാലത്താണ് ഈ സമ്മേളനം. അവരും അവരുടെ ബന്ധുക്കളും നാരായണനഗറിലെ സമ്മേളനത്തിലേക്കൊഴുകി വന്നു. മദ്യഷാപ്പ് പിക്കറ്റിങ്ങും , വിദേശവസ്ത്ര ബഹിഷ്‌ക്കരണവും ഉഷാറായ കടമകളാണെന്ന് ആവേശം കൊളളുന്ന പ്രവര്‍ത്തകന്മാര്‍ മുദ്രാവാക്യം വിളികളോടെ നഗറിലേക്കൊഴുകി .പി.പി കൃഷ്ണക്കുറുപ്പ് , ചന്തന്‍ വൈദ്യര്‍ തുടങ്ങിയവര്‍ സമ്മേളനപ്രതിനിധികളായി സമ്മേളനത്തില്‍ പ്രസംഗിക്കാന്‍ ആന്ധ്രാകേസരി ടി.പ്രകാശവും ബോംബെയിലെ നേതാവായ നരിമാനുമെത്തി. ഇവര്‍ക്ക് വിശ്രമിക്കാനായി അന്ന് തോടന്നൂര്‍ കോവിലകമാണ് ഒരുക്കിയിരുന്നത്. റാവു ബഹദൂര്‍ ടി.സി നാരായണക്കുറുപ്പിന്റെ മകന്‍ വി.പി നാരായണന്‍ നമ്പ്യാര്‍ താമസിക്കുന്ന വീടായിരുന്നു അന്നത്.

കോണ്‍ഗ്രസ്സിലെ പിളര്‍പ്പും വടകരയും

1951 ല്‍ കിസാന്‍ മസ്ദൂര്‍ പാര്‍ട്ടി (കെ.എം.പി) രൂപീകരിക്കപ്പെട്ടപ്പോള്‍ കേരളത്തില്‍ കോണ്‍ഗ്രസ്സ് നെടുകെ പിളര്‍ന്നു. അഖിലേന്ത്യാ തലത്തില്‍ ആചാര്യകൃപലാനിയായിരുന്നു അദ്ധ്യക്ഷന്‍. കേരളത്തില്‍ കെ.കേളപ്പനും , കെ.എ ദാമോദരമേനോനും സംഘടനയ്ക്ക് നേതൃത്വം നല്‍കി. വടകരയിലും പരിസരപ്രദേശങ്ങളിലും വി.പി.കുഞ്ഞിരാമക്കുറുപ്പ് , രാമക്കുറുപ്പ് , എം.കൃഷ്ണന്‍ എന്നിവര്‍ സംഘടനയെ നയിച്ചു. ഈ അവസരത്തില്‍ എടോടിയിലെ കോണ്‍ഗ്രസ്സ് ഓഫീസും , പാര്‍ട്ടിവകയുണ്ടായിരുന്ന ജീപ്പും മൈക്കും കെ.എം.പി പിടിച്ചെടുത്തു. കോണ്‍ഗ്രസ്സ് നേതാക്കളുടെ കെ.എം.പിയിലേക്കുളള കുത്തൊഴുക്കില്‍ നിന്ന് പാര്‍ട്ടിയില്‍ ഉറച്ചുനിന്നത് എ.ചാത്തുമാസ്റ്റര്‍ മാത്രമായിരുന്നു. ഇതില്‍ പിന്നീടാണ് വടകരയിലെ കോണ്‍ഗ്രസ്സിനെപ്പറ്റി ചാത്തുമാഷും പത്ത് പിള്ളേരും എന്ന പ്രയോഗം വന്നത്. ഈ സമയത്ത് മദ്രാസ്സ് അസംബ്ലിയിലേക്ക് 52ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ കൊയിലാണ്ടിയില്‍ നിന്ന് വി.പി കുഞ്ഞിരാമക്കുറുപ്പ് കെ.എം.പി കമ്മ്യൂണിസ്റ്റ് സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ തിരഞ്ഞെടുക്കപ്പെട്ടു. വടകര അസംബ്ലിയിലേക്ക് നിട്ടൂര്‍ പി. ദാമോദരന്‍ സോഷ്യലിസ്റ്റ് സ്ഥാനാര്‍ത്ഥിയാണെങ്കിലും അദ്ദേഹത്തിന്റെ നോമിനേഷന്‍ തളളപ്പെടുകയായിരുന്നു. ഈ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥി എ.ചാത്തുവായിരുന്നു രംഗത്തുണ്ടായിരുന്നത്. നിട്ടൂര്‍ പി.യുടെ നോമിനേഷന്‍ തളളപ്പെട്ടതിനെതുടര്‍ന്ന് ഡമ്മിയായി മത്സരിച്ച വില്ല്യാപ്പളളിയിലെ കേളോത്ത് മൊയ്തുഹാജിയായി എതിര്‍സ്ഥാനാര്‍ത്ഥി. ഈ തെരഞ്ഞെടുപ്പില്‍ മൊയ്തു ചാത്തുമാസ്റ്ററെ പരാജയപ്പെടുത്തി. ആയാടത്തില്‍ ചാത്തു ജയിക്കാനോ…. അത് വടകരക്കാര്‍ സഹിക്കാനോ എന്ന മുദ്രാവാക്യത്തിന്റെ പിറവി അപ്പോഴായിരുന്നു.1957 ല്‍ ഇ.എം.എസ് മന്ത്രിസഭ 144 പാസാക്കിയ സാഹചര്യത്തില്‍ കോണ്‍ഗ്രസ്സുകാര്‍ വടകരയില്‍ നാടൊട്ടുക്കും വിളിച്ചുനടന്ന മുദ്രാവാക്യമായിരുന്നു.
കണാര….കുമാരാ…കേള്വാട്ടാ, പന്തീര് …പന്ത്രണ്ടും ….പുല്ലാണ് എന്നത്. ഇം.എം.എസ് ഭരണകാലത്ത് വടകരയിലും പരിസരപ്രദേശങ്ങളിലേയും എം.എല്‍.എ മാരായ സി.എച്ച്. കണാരന്‍, എം.കുമാരന്‍ മാസ്റ്റര്‍ , എം.കെ. കേളു എന്നിവരെ ഉദ്ദേശിച്ചായിരുന്നു ഈ മുദ്രാവാക്യം.

ഉണ്ണികൃഷ്ണനും മുല്ലപ്പളളിയും


1971ലെ പൊതുതെരഞ്ഞെടുപ്പ് കാലം. വടകരയിലെ ചുവരുകളില്‍ അങ്ങിങ്ങ് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ ലീലാദാമോദരമേനോന് വേണ്ടി ചുവരെഴുത്ത് നടത്തി മുന്നേറവേ ഒരു രാത്രി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി ഏകദേശം ധാരണയിലെത്തിയ അഡ്വ.എ.വി രാഘവന്റെ വീട്ടിലേക്ക് ഒരു അതിഥിയെത്തുന്നു. അത് മറ്റാരുമല്ലായിരുന്നു. തന്റെ എതിര്‍സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ സാക്ഷാല്‍ ഇന്ദിരാഗാന്ധി ഡല്‍ഹിയില്‍ നിന്നയച്ച കെ.പി ഉണ്ണികൃഷ്ണനായിരുന്നു അത്. കടുത്ത എതിര്‍പ്പുകള്‍ക്കിടയിലായിരുന്നു അന്ന് സംസ്ഥാന കോണ്‍ഗ്രസ്സ് നേതൃത്വം മനസ്സില്‍ സൂക്ഷിച്ച സ്ഥാനാര്‍ത്ഥികളെ മാറ്റി ഉണ്ണികൃഷ്ണനെ ഇന്ദിരാഗാന്ധി സ്ഥാനാര്‍ത്ഥിയാക്കുന്നത്. ഡല്‍ഹിയില്‍ നിന്ന് എ.ഐ.സി.സി മെമ്പര്‍ അഡ്വ.പി.രാഘവന്‍നായര്‍ക്ക് നല്‍കിയ കത്തുമായി വടകരയിലെത്തിയ ഉണ്ണികൃഷ്ണന്‍ ആളറിയാതെ വഴിതെറ്റി അഡ്വ.എ.വി രാഘവന്റെ വീട്ടിലെത്തുകയായിരുന്നു.
വാര്‍ത്തകള്‍ കേട്ടറിഞ്ഞ എ.വി രാഘവന്‍ ഞാനാണ് താങ്കളുടെ എതിര്‍സ്ഥാനാര്‍ത്ഥി എന്നറിയിച്ചപ്പോള്‍ യാത്ര പറഞ്ഞിറങ്ങാന്‍തുനിഞ്ഞ ഉണ്ണികൃഷ്ണന് രാത്രിഭക്ഷണം നല്‍കിയ ശേഷം മാത്രമേ എ.വി അദ്ദേഹത്തെ രാഘവന്‍നായരുടെ വീട്ടിലേക്ക് എത്തിച്ചുളളൂ. ഈ തെരഞ്ഞെടുപ്പില്‍ പി.എസ്.പി സ്ഥാനാര്‍ത്ഥി അരങ്ങില്‍ ശ്രീധരനും വടകരയില്‍ മത്സരിച്ചിരുന്നു. ത്രികോണ മത്സരത്തില്‍ ഉണ്ണികൃഷ്ണന്‍ വിജയം വരിക്കുകയായിരുന്നു. .ഉണ്ണികൃഷ്ണന് വെണ്ണകൊട് എ.വി ആറിനു വോട്ട് കൊട് എന്ന മുദ്രാവാക്യം അലയടിച്ച കാലമായിരുന്നു ഇത്. പശുവും കിടാവുമായിരുന്നു ഉണ്ണികൃഷ്ണന്റെ തിരഞ്ഞെടുപ്പ് ചിഹ്നം. പ്രസ്തുത തിരഞ്ഞെടുപ്പിലേ മുല്ലപ്പളളിയെ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥിയായി ആലോചിച്ചിരുന്നു.
ഇതിനിടയില്‍ 77ല്‍ വടകര പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്ന് കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥിയായി മുല്ലപ്പളളി മത്സരിച്ചെങ്കിലും ഇടതുസ്ഥാനാര്‍ത്ഥിയായ ഉണ്ണികൃഷ്ണനോട് പരാജയപ്പെടുകയായിരുന്നു. വടകരയില്‍ നിന്ന് കോണ്‍ഗ്രസിന്റെ നെറുകെ വരെയെത്തിയ മുല്ലപ്പളളി രാമചന്ദ്രന്‍ കെ.എസ്.യു വില്‍ ഉമ്മന്‍ചാണ്ടി അധ്യക്ഷനായിരിക്കെ അദ്ദേഹം ജോ. സെക്രട്ടറിയുമായി. ദീര്‍ഘകാലം അദ്ദേഹം സംസ്ഥാനകോണ്‍ഗ്രസ് കമ്മിറ്റിയുടെ ഉപാധ്യക്ഷനുമായിരുന്നു. അഞ്ച് തവണ ലോക്‌സഭാ അംഗമായിരുന്ന അദ്ദേഹം നേരത്തെ കേന്ദ്രകൃഷി സഹമന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2009ല്‍ വടകരയില്‍ നിന്ന് ചരിത്രവിജയം നേടിയ അദ്ദേഹം മന്‍മോഹന്‍ സിംഗ് മന്ത്രിസഭയില്‍ ആഭ്യന്തര സഹമന്ത്രിയായി.

എ.പത്മനാഭകുറുപ്പ്
ഇന്ത്യ കണ്ട പ്രമുഖ കോണ്‍ഗ്രസ്സ് നേതാക്കളൊക്കെ കേരളത്തില്‍ പ്രസംഗത്തിനെത്തുമ്പോള്‍ അവരുടെയൊക്കെ പ്രസംഗ പരിഭാഷകനായിരുന്നു പത്മനാഭകുറുപ്പ്. ഇന്ദിരാഗാന്ധിയുടെ ലക്ഷദ്വീപ് പ്രസംഗവും അദ്ദേഹം പരിഭാഷ 54ചെയ്തു.അന്ന് ലക്ഷദ്വീപില്‍ രണ്ട് സ്ഥലങ്ങളില്‍ അന്നത്തെ ഗവ.ആര്‍ട്‌സ് കോളേജിലെ ഡോ.ജോര്‍ജ്ജ് ഇരുമ്പയവുമായിരുന്നു ശ്രീമതി ഗാന്ധിയുടെ പ്രസംഗം പരിഭാഷപ്പെടുത്തിയത്. എ.കെ.ജിയുടെ അവസാന നാളുകളില്‍ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കഴിയവെ അന്ന് പത്മനാഭകുറുപ്പും അവിടെ ചികിത്സയിലുണ്ടായിരുന്നു. രോഗം ഭേദമായി ഡിസ്ചാര്‍ജ്ജ് ചെയ്ത് പോകവെ കേളുവേട്ടന്‍ എ.കെ.ജിയെ കൂട്ടിവന്ന് പത്മനാഭകുറുപ്പിനെ അദ്ദേഹത്തിന് പരിചയപ്പെടുത്തികൊടുക്കുകയുണ്ടായി. അതായിരുന്നു അന്നത്തെ രാഷ്ട്രീയ സൗഹൃദം.

സ്വാതന്ത്ര്യസമരസേനാനികള്‍
മുല്ലപ്പളളി ഗോപാലന്‍ , സുപ്ര കേളന്‍, വി.പി കുഞ്ഞിരാമക്കുറുപ്പ് , കെ.കുഞ്ഞിരാമക്കുറുപ്പ് , എം.കെ.കുഞ്ഞികൃഷ്ണക്കുറുപ്പ് , എം.കൃഷ്ണന്‍, ഒ.കെ കണാരന്‍, ടി.വി ചാത്തുക്കുറുപ്പ് , പി.കെ കൃഷ്ണന്‍, എന്നിവരായിരുന്നു വടകരയിലേയും പരിസരപ്രദേശങ്ങളിലേയും അറിയപ്പെടുന്ന സ്വാതന്ത്ര്യസമരസേനാനികള്‍.

സന്ദര്‍ശനം
മഹാത്മാഗാന്ധി , പണ്ഡിറ്റ് നെഹ്‌റു, ഇന്ദിരാഗാന്ധി, കാമരാജ് , മൊറാര്‍ജി ദേശായി, നരിമാന്‍, അശോക് മേത്ത , അതുല്ല്യഘോഷ് , താരകേശ്വരി സിന്‍ഹ, നീലം സഞ്ജീവ റെഢി, വി.കെ കൃഷ്ണമേനോന്‍, സോണിയാഗാന്ധി, രാജീവ് ഗാന്ധി, എ.കെ.ആന്റണി , കെ.കരുണാകരന്‍ എന്നീ പ്രമുഖ നേതാക്കള്‍ വടകരയില്‍ പല അവസരങ്ങളില്‍ കോണ്‍ഗ്രസ്സിനായി സംസാരിക്കാനെത്തി.

ജില്ലാ ബോര്‍ഡ്
1952ലെ ജില്ലാ ബോര്‍ഡ് തെരഞ്ഞെടുപ്പ് കാലം. വടകരയില്‍ സോഷ്യലിസ്റ്റുകളുടേയും കമ്മ്യൂണിസ്റ്റുകാരുടേയും ശക്തമായ മുന്നേറ്റം നടന്ന സമയമായിരുന്നു. വടകരയില്‍ കോണ്‍ഗ്രസ്സിന് മത്സരിക്കാന്‍ സ്ഥാനാര്‍ത്ഥിയെവരെ കിട്ടാത്ത കാലം. സാക്ഷാല്‍ സി.കെ ഗോവിന്ദന്‍ നായര്‍ നാടൊട്ടുക്കും ഓടിനടന്ന് ഒടുവില്‍ സ്ഥാനാര്‍ത്ഥിയെ കണ്ടെത്തി. വില്ല്യാപ്പളളി തയ്യുളളതില്‍ കുങ്കക്കുറുപ്പായിരുന്നു അത്. ഈ തെരഞ്ഞെടുപ്പില്‍ കണമുറിയന്‍ അധികാരിയുടെ ഗുമസ്ഥനായ കുങ്കക്കുറുപ്പിനെതിരെ സോഷ്യലിസ്റ്റുകളും കമ്മ്യൂണിസ്റ്റുകളും കണമുറിയന്‍ മമ്മതിന്റെ ആധാരം മിണുങ്ങിയ കുങ്കക്കുറുപ്പിന് വോട്ടില്ല എന്നാണ് ആദ്യഘട്ടത്തില്‍ വിളിച്ചുനടന്നിരുന്നതെങ്കില്‍ സ്ഥാനാര്‍ത്ഥിയുടെ ചിഹ്നമായി നുകമിട്ട കാള പ്രഖ്യാപിക്കപ്പെട്ടതോടെ താറിട്ട റോഡില്‍ കയറിട്ട കാള ….കുങ്കകുറുപ്പേ വലീ വലീ എന്നായി മുദ്രാവാക്യം. വടകര നഗരസഭയുടെ മുന്‍ ചെയര്‍മാന്‍ ആയിരുന്ന അഡ്വ.കെ.കെ രാഘവനായിരുന്നു അന്നത്തെ വിജയി.

ചരിത്രം തങ്കലിപികളിലെഴുതിയ നാമം


1934 ജനുവരി 14 വടകര കോട്ടപ്പറമ്പ് ഭാരതമൊന്നാകെ ചര്‍ച്ചാവിഷയമായ ആ ചരിത്രസംഭവത്തിന് മൂകസാക്ഷിയായി. ഇന്ത്യന്‍ സ്വാതന്ത്ര്യസമരചരിത്രത്തിലെ സുപ്രധാന ഹരിജന്‍ ഫണ്ട് സ്വീകരണത്തിനായി മഹാത്മാഗാന്ധി നഗരത്തിലെത്തിയതായിരുന്നു. ഗാന്ധിജി പ്രസംഗമാരംഭിച്ച് അല്‍പ്പനിമിഷത്തിനുളളില്‍ നിങ്ങള്‍ക്കുളളതില്‍ അധികമെന്ന് തോന്നുന്നതില്‍ ഒരു പങ്ക് ഫണ്ടിലേക്ക് ഏല്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ട് നിമിഷങ്ങള്‍ക്കകം ആയിരക്കണക്കിന് ജനങ്ങള്‍ക്കിടയില്‍ നിന്ന് ഒരു പതിനാറുകാരി വേദിയിലേക്ക് കടന്നുവരുന്നു. താന്‍ അണിഞ്ഞ സ്വര്‍ണ്ണവളകളും മാലകളും ഗാന്ധിജിയുടെ കൈകളിലേക്ക് ഏല്‍പ്പിക്കുന്നു. നാടിന്റെ അഭിമാനമായി മാറിയ കൗമുദി പിന്നീട് കൗമുദി ടീച്ചര്‍ എന്ന പേരില്‍ സ്വാതന്ത്ര്യസമരനായികയായി. 1917 ജൂലൈ 16ന് കടത്തനാട് കോലത്തിരി രാജവംശത്തിലെ രാമവര്‍മ്മരാജയുടേയും ചിറക്കല്‍ കൊട്ടാരത്തിലെ ദേവകികെട്ടിലമ്മയുടേയും മകളായിട്ടായിരുന്നു കൗമുദിയുടെ ജനനം. അവിവാഹിതയായിരുന്ന അവര്‍ ജീവിതം ഗാന്ധി സന്ദേശവാഹക എന്നതിനായി നീക്കിവെക്കുകയായിരുന്നു. 2009 ആഗസ്റ്റ് 4 ന് ടീച്ചര്‍ ലോകത്തോട് വിടപറഞ്ഞു.

ഇടതിന്റെ പരാജയം
ഒരു ഘട്ടത്തില്‍ എ.കെ.ആന്റണിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ്സിലെ ഒരു വിഭാഗം ഇടതുമുന്നണിയുമായി സഹകരിച്ചപ്പോള്‍ അന്ന് സി.പി.എം, സി.പി.ഐ കോണ്‍ഗ്രസ്സ് (എ) വിഭാഗം സ്ഥാനാര്‍ത്ഥിയായി വടകരയില്‍ പി.വി കുഞ്ഞിക്കണ്ണനും , ലീഗ് ജനതാദള്‍ ഐ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥിയായി കെ.ചന്ദ്രശേഖരനും പരസ്പരം ഏറ്റുമുട്ടി. ഈ തെരഞ്ഞെടുപ്പില്‍ കെ.ചന്ദ്രശേഖരന്‍ വിജയിയായി. മുല്ലപ്പളളിയുടെ വിജയത്തിന് മുമ്പ് വടകരയില്‍ ഇടത് മുന്നണി പരാജയപ്പെട്ട ശ്രദ്ധേയമായ തിരഞ്ഞെടുപ്പായിരുന്നു ഈ തെരഞ്ഞെടുപ്പ്.അന്നത്തെ ഇടതുമുന്നണി കണ്‍വീനറായിരുന്ന പി.വിയുടെ തോല്‍വി കേരളരാഷ്ട്രീയത്തില്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു.

പാവങ്ങളുടെ തമ്പുരാന്‍
1952ല്‍ മദ്രാസ്സ് അസംബ്ലിയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ നാദാപുരത്ത് നിന്ന് കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥിയായിരുന്ന ഇ.കെ.ശങ്കരവര്‍മ്മരാജ പാവങ്ങളുടെ തമ്പുരാന്‍ എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്. നാട്ടുകാര്‍ അദ്ദേഹത്തിന് ചാര്‍ത്തിനല്‍കിയതായിരുന്നു ഈ പേര്. കുട്ടിക്കാലം മുതല്‍ക്കു തന്നെ ഗാന്ധിയന്‍ ചിന്തകളില്‍ ആകൃഷ്ടനായി കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനായി മാറിയ രാജ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ വടകര മണ്ഡലം പ്രസിഡന്റായി, ഉപ്പ് സത്യാഗ്രഹകാലത്ത് പുറമേരിയില്‍ നിന്നും പയ്യന്നൂരിലേക്ക് ജാഥ നടത്തി. ഇക്കാലത്ത് തന്നെ പുറമേരി കാരാട് ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ ഹരിജനങ്ങളെ കയറ്റി പന്തിഭോജനം നടത്തി കോവിലകത്ത് നിന്നും ഭ്രഷ്ടനായി. സ്വാതന്ത്ര്യസമരകാലത്ത് മൂന്ന് ഘട്ടങ്ങളിലായി നാലര വര്‍ഷം അദ്ദേഹം ജയില്‍വാസമനുഷ്ടിച്ചു. ഇക്കാരണത്താല്‍ അമ്മയുടെ പിണ്ഡം വയ്ക്കാന്‍ ബ്രാഹ്മണരും കാരണവരും അനുവദിച്ചില്ല. തുടര്‍ന്ന് അദ്ദേഹം താമസം തന്നെ പയ്യന്നൂര്‍ പിലാത്തറയ്ക്ക് മാറ്റി.1952 വരെ ആന്ദ്രാ ഇന്‍ഷൂറന്‍സ് കമ്പനിയില്‍ മേഖലാ ഡയരക്ടറായി പ്രവര്‍ത്തിച്ചുവരവേയാണ് കോണ്‍ഗ്രസ്സ് നേതൃത്വം അദ്ദേഹത്തെ സ്ഥാനാര്‍ത്ഥിയാക്കുന്നത്.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്