നല്ല മനസ്സിന് പ്രണാമം സുഷ്മാ സ്വരാജിനെ കുറിച്ച് ജയചന്ദ്രന്‍ മൊകേരി

By | Thursday August 8th, 2019

SHARE NEWS

മൊകേരി( വടകര) : അന്തരിച്ച ബിജെപി നേതാവും മുന്‍ വിദേശകാര്യ മന്ത്രിയെ കുറിച്ച് അധ്യാപകനും എഴുത്തുകാരുനുമായി ജയചന്ദ്രന്‍ മൊകേരി അനുഭവങ്ങള്‍ ഫെയ്‌സ് ബുക്കിലൂടെ പങ്കു വെയ്ക്കുന്നു. മാലിദ്വീപില്‍ തടവിലാക്കപ്പെട്ടതിനെ തുടര്‍ന്ന് വിദേശകാര്യ മന്ത്രിയായിരിക്കെ നല്‍കിയ സഹായങ്ങളെ കുറിച്ചാണ് എഫ് ബി യില്‍ പറയുന്നത്.

‘മോളേ, ജയചന്ദ്രന്‍ എനിക്ക് സ്വന്തം മകനെ പോലാണ്. ഓരോ പ്രവാസിയും എന്റെ മക്കളാണ്. അവരുടെ രക്ഷയ്ക്കും, സുരക്ഷയ്ക്കും ഞാനുണ്ടാകും…’ ഡല്‍ഹിയില്‍ പാര്‍ലമെന്റിലെ വിദേശകാര്യ മന്ത്രിയുടെ മുറിയില്‍ മാലി ജയിലില്‍ അന്യായമായി തടവില്‍ കഴിഞ്ഞിരുന്ന ജയചന്ദ്രന്‍ മൊകേരിയുടെ ഭാര്യ ജ്യോതി ടീച്ചറെ ചേര്‍ത്ത് നിര്‍ത്തി സുഷമ്മ സ്വരാജ് പറഞ്ഞത് ഓര്‍ക്കുന്നു.

ജയചന്ദ്രന്‍ മൊകേരിയുടെ ജ്യോതി ഭര്‍ത്താവിന്റെ ജയില്‍ മോചനത്തിനായി വാതിലുകളും സമീപച്ചപ്പോഴേക്കെ ഉന്നത് രാഷ്ട്രീയ നേതാക്കളുടെ ഭാഗത്ത് നിന്നാണ് നിസംഗ്ഗമായ സമീപനമാണ് ഉണ്ടായതെന്നും സുഷ്്മാ സ്വരാജ് കേസില്‍ നേരിട്ട് ഇടപെടുകയും ജയില്‍ മോചനത്തിന് അവസാന നിമിഷം കൂടെയുണ്ടായിരുന്നുവെന്നും ജയചന്ദ്രന്‍ മൊകേരി എഫ് ബി കുറിപ്പില്‍ പറയുന്നു.

 

ജയചന്ദ്രന്‍ മൊകേരിയുടെ എഫ് ബി കുറിപ്പ്

മാലദ്വീപില്‍ എനിക്കെതിരെ ഉണ്ടായിരുന്ന കേസിന്റെ ആദ്യഘട്ടത്തില്‍ കേരളത്തിലെ ചില രാഷ്ട്രീയ നേതാക്കളെ മകനേയും കൂട്ടി കാണാന്‍ പോയ കാര്യം വേദനയോടെ ഭാര്യ പറഞ്ഞതോര്‍ക്കുന്നുണ്ട്.

‘ഓരോ പ്രധാനപ്പെട്ട രാഷ്ട്രീയ നേതാക്കളേയും ഞാന്‍ കാണാന്‍ ശ്രമിക്കുന്നുണ്ട്. സ്റ്റേറ്റിലും കേന്ദ്രത്തിലും പിടിപാടുള്ളവര്‍ അക്കൂട്ടത്തിലുണ്ട്. പക്ഷെ നിങ്ങളുടെ കേസ് സംബന്ധിച്ച് പറയുമ്പോള്‍ അവരിലെന്തോ ആശയക്കുഴപ്പമുണ്ട്. ഞാന്‍ പറയുന്നത് എത്രമേല്‍ ശരിയാകാം എന്ന സംശയം. ഒരുപക്ഷെ വ്യക്തിപരമായി നിങ്ങളെ അറിയാത്തതാകാം അതിന്റെ കാരണം.’

എന്നിട്ടും ഓരോ വാതിലുകളും ജ്യോതി പ്രതീക്ഷയോടെ മുട്ടിനോക്കി. തുടര്‍ന്നുള്ള യാത്രകള്‍ വെറും പാഴ് ശ്രമമാകുന്നത് അവള്‍ കണ്ടു. പ്രതീക്ഷ പകരുന്ന വാക്കുകള്‍ക്കപ്പുറം ചില നേതാക്കളുടെ നിസ്സംഗമായ ഇടപെടലുകള്‍ അവളെ കഠിനമായി വേദനിപ്പിച്ചു. പതിയെ ഈ കേസ് സംബന്ധിച്ച അവരുടെ അശ്രദ്ധ അവള്‍ക്ക് മനസ്സിലാക്കാന്‍ പ്രയാസമില്ലാതായി. ഒരാള്‍ക്കെതിരെ അത്തരത്തില്‍ ഒരാരോപണം വരുമ്പോള്‍ അതേവരെ നമ്മുടെ മാധ്യമങ്ങളും സമൂഹവും പകര്‍ന്നുനല്‍കിയ പ്രത്യേകമായ അളവുകളിലൂടെയാണ് രാഷ്ട്രീയ നേതാക്കളുടേയും കാഴ്ചയെന്നത് ജ്യോതിയെ തളര്‍ത്തിയില്ലെന്നതാണ് എന്റെ കാര്യത്തില്‍ വളരെ നിര്‍ണായകമായത്.

തടവില്‍ നിന്ന് കിട്ടുന്ന അഞ്ച് മിനുട്ട് നീണ്ട ഫോണ്‍ സംഭാഷണമാണ് കുടുംബത്തിലേക്കുള്ള ഒരേയൊരു വാതില്‍. അതിലൂടെ എന്നിലേക്ക് അരിച്ചെത്തുന്ന വേദനകളും നെഞ്ചിടിപ്പുകളും ശിഷ്ട നേരത്തെ തിളപ്പിച്ചുകൊണ്ടിരിക്കും. ദിവസങ്ങള്‍ ചെല്ലുന്തോറും മൗനിയാകുന്ന മകളെക്കുറിച്ചും പോലീസ് ശിക്ഷിക്കുമെന്നോര്‍ത്ത് ഉള്ളം കാളുന്ന മകനെക്കുറിച്ചും പാതിവെന്ത വാക്കുകളിലൂടെ എത്ര പ്രയാസപ്പെട്ടാണ് ഒരു ദിനം അവള്‍ സംസാരിച്ചത്. ഒടുക്കം കടുത്ത നിരാശ ബാധിച്ചെന്നപോലെ അവള്‍ പറഞ്ഞു.

‘മടുത്തു! എന്തൊരാവസ്ഥയാണ് നിങ്ങളുടേത്…. എനിക്കിവിടെ നിങ്ങളുടെ കാര്യത്തില്‍ ഒന്നും ചെയ്യാനാകുന്നില്ല. അതെന്നെ വല്ലാതെ വേദനിപ്പിക്കുന്നുണ്ട്.’

ലക്ഷ്യം കാണാതെപോകുന്ന നിരന്തര യാത്രകളുടെ മടുപ്പ് മാസങ്ങളോളം അവളെ കാര്‍ന്നുതിന്നുകൊണ്ടിരുന്നു. എന്നിട്ടും ഒരനക്കം പിന്നോട്ടുപോകാന്‍ ജ്യോതി തയ്യാറായതുമില്ല.കൂടെ കൂട്ടുകാരുണ്ടായിട്ടും ആ യാത്രകള്‍ ഒരൊറ്റയാള്‍ പോരാട്ടമായി അവള്‍ കൊണ്ടുപോയി. ആ നിശ്ചയദാര്‍ഢ്യമാകണം ദില്ലിവരെയുള്ള തനിച്ചുള്ള യാത്രയ്ക്ക് പ്രേരണയായതും വിദേശകാര്യ മന്ത്രി സുക്ഷമ സ്വരാജിനെ നേരില്‍ കണ്ട് സംസാരിക്കാന്‍ അവള്‍ക്ക് സാധ്യമായതും. സുഷമ സ്വരാജ് അര്‍ഹിക്കുന്ന പരിഗണന അവളുടെ വാക്കുകള്‍ക്ക് നല്‍കി. ചിലര്‍ക്ക് തോന്നിയതുപോലുള്ള ആശയക്കുഴപ്പം എന്റെ കേസ് സംബന്ധിച്ച് അവര്‍ക്കുണ്ടായില്ല. ആയിരക്കണക്കിന് നാഴികകള്‍ താണ്ടിയെത്തിയ സ്ത്രീയുടെ നൊമ്പരങ്ങള്‍ ഉത്തരവാദിത്തപ്പെട്ടയാള്‍ എന്നനിലയ്ക്ക് അവര്‍ക്ക് എളുപ്പം വായിച്ചെടുക്കാനായി. കൂടാതെ ഞാനും അവളും അവര്‍ക്ക് മക്കളെപ്പോലെയായി. എന്റെ മോചനകാര്യം മറ്റൊരാളെ ഏല്‍പ്പിക്കാതെ അവര്‍ നേരിട്ടുതന്നെ മാലദ്വീപിലേക്ക് വിളിച്ചു. ആ വിളിയില്‍ തടവറ വാതില്‍ എനിക്ക് മുന്‍പില്‍ തുറക്കപ്പെട്ടു. ആയിരക്കണക്കിന് പ്രവാസികള്‍ അവരെ രക്ഷകയുടെ സ്ഥാനത്ത് കാണുന്നതിന്റെ പൊരുള്‍ അതേവരെ പല വിദേശകാര്യ മന്ത്രിമാരും വിസമ്മതിക്കുന്ന വിഷയങ്ങളിലേക്ക് അവര്‍ നിസ്വാര്‍ത്ഥമായി ഇടപെടുന്നതിലെ സന്നദ്ധതയാകണം.

നാല് വര്‍ഷങ്ങള്‍ക്കിപ്പുറം അന്നത്തെ ആ അന്തരീക്ഷം ഇപ്പോഴും മനസ്സില്‍ കനലായുണ്ട്. അപ്പോഴൊക്കെയും ഓര്‍ത്ത മുഖങ്ങളില്‍ ഒരാള്‍ സുഷമ സ്വരാജെന്ന ഞാന്‍ ഒരിക്കലും നേരില്‍ കണ്ടിട്ടില്ലാത്ത സ്‌നേഹനിധിയാണ്. ജ്യോതിയെ ചേര്‍ത്ത് നിര്‍ത്തി എന്റെ മോചനം സാധ്യമാക്കുമെന്ന് എത്ര ദൃഢനിശ്ചയത്തോടെയാണവര്‍ പറഞ്ഞത്!

പേഴ്‌സണല്‍ സ്റ്റാഫില്‍ പെട്ട ആരെയെങ്കിലും ചുമതലപ്പെടുത്തി, ജ്യോതിയെ പറഞ്ഞയക്കുന്നതിന് പകരം നേരിട്ടു തന്നെ മാലദ്വീപിലെ ഇന്ത്യന്‍ എംബസിയിലേക്ക് അവര്‍ വിളിക്കുകയായി. അതെന്റെ സ്വതന്ത്ര ജീവിതത്തിലേക്കുള്ള വഴിത്തിരിവായത് വളരെ പെട്ടെന്നാണ്.

‘തക്കിജജ’യില്‍ പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ, ജയിലിന്റെ കുടുസ്സുമുറിയില്‍ ഞാന്‍ നേരിട്ടനുഭവിച്ച ദുരന്തരംഗങ്ങളുടെ അന്തരീക്ഷം മാത്രമാണുള്ളത്. തടവിലുള്ളപ്പോള്‍ പുറത്തെന്ത് നടന്നുവെന്ന് ഞാനറിഞ്ഞിരുന്നില്ല. അതിനവിടെ യാതൊരു മാര്‍ഗ്ഗവും ഉണ്ടായിരുന്നതുമില്ല. ആ നിലയ്ക്കാണ് ദ്വീപിലേക്ക് ആവശ്യത്തിന് ജലമെത്തിച്ചതുമായി ബന്ധപ്പെട്ട കാര്യം പുസ്തകത്തില്‍ പരാമര്‍ശിക്കപ്പെടാതെ പോയതും. ജോമാത്യുവിന്റേയും മൊയ്തു വാണിമേലിന്റേയും അനുബന്ധ കുറിപ്പുകളിലാണ് എന്റെ മോചനവുമായി ബന്ധപ്പെട്ട മുഴുവന്‍ കാര്യങ്ങളും വിശദീകരിച്ചിരിക്കുന്നത്. സുധീര്‍നാഥിന്റെ എഫ്. ബി പോസ്റ്റില്‍ ഈ വിഷയം വന്നതുകൊണ്ടാണ് അതിന്റെ നിജസ്ഥിതി ഇവിടെ വെളിപ്പെടുത്തുന്നത്. (തലസ്ഥാന നഗരിയായ മാലെയില്‍ കടല്‍ജലം ശുദ്ധീകരിച്ചാണ് കുടിവെള്ളമെത്തിക്കുന്നത്. അതിനുള്ള പ്ലാന്റ് തകരാറിലായതാണ് ദ്വീപുകാര്‍ ഇന്ത്യയോട് ആവശ്യമുള്ള കുടിവെള്ളം ആവശ്യപ്പെട്ടത്. അതേസമയം ഇന്ത്യ വിരുദ്ധ നയമായിരുന്നു ദ്വീപ് സര്‍ക്കാര്‍ അക്കാലത്ത് നമ്മളോട് പുലര്‍ത്തിയിരുന്നത്!)

ഇനിയും കാലം അനിശ്ചിതമായി ഒഴുകുമ്പോള്‍ എല്ലാം വിസ്മൃതിയിലകപ്പെടാം. പക്ഷെ ഓര്‍മ്മകളില്‍ ആ അമ്മമുഖം എന്നിലെന്നും തെളിനിലാവായി നിലനില്‍ക്കുക തന്നെ ചെയ്യും. എന്നെങ്കിലുമൊരിക്കല്‍ സുഷമ സ്വരാജെന്ന, നിരവധി ജനങ്ങളുടെ ആരാധ്യ വനിതയെ കാണുമെന്ന് കരുതി. ‘തക്കിജജ”യുടെ ഇംഗ്ലീഷ് പരിഭാഷയുമായി അവരെ ചെന്ന് കാണുന്ന ദിനങ്ങള്‍ സ്വപ്നം കണ്ടു. ഒന്നിനും കഴിഞ്ഞില്ല.

ജീവിതം അങ്ങനെയൊക്കെയാണ്. ആശിക്കുന്നതെല്ലാം കൈയ്യെത്തും ദൂരത്ത് നിര്‍ത്തി നമ്മെ മോഹിപ്പിച്ച് വശംകെടുത്തുന്ന ഒരുതരം മാസ്മരികത ഓരോ ജീവിതവും പേറുന്നുണ്ട്. ഒടുക്കം ശൂന്യതയിലേക്കെന്ന മട്ടില്‍ മടക്കം.

ആ നല്ലമനസ്സിന് ഈ ഈയുള്ളവന്റ പ്രണാമം. അനന്തനിദ്രയ്ക് നമ്മുടെയെല്ലാം അശ്രുപൂജ.

സ്‌നേഹത്തോടെ,
ജയചന്ദ്രന്‍ മൊകേരി

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്