Categories
Flash News

ഇന്ന് കെ എസ് ബിമല്‍ ഓര്‍മ്മ ദിനം ; സാന്ത്വന സാഹോദര്യത്തിന്റെ നോവുള്ള ഓര്‍മ്മകള്‍ പങ്കു വെച്ച് കെ കെ രമ എംഎല്‍എ

വടകര: മുന്‍ എസ് എഫ് ഐ നേതാവും സാംസ്‌കാരിക പ്രവര്‍ത്തകനുമായിരുന്ന കെ എസ് ബിമലിന്റെ വേര്‍പാടിന് 6 വര്‍ഷം തികയുന്ന വേളയില്‍ ബിമലിനെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെയ്ക്കുകയാണ് വടകര എംഎല്‍എ കെ കെ രമ. ടി പി വധത്തിനെതിരെ പരസ്യമായി പ്രതികരിക്കുകയും പ്രതിഷേധിക്കുകയും ചെയ്തിനെ തുടര്‍ന്ന് സിപിഎമ്മില്‍ നിന്നും പുറത്ത് പോകുകയായിരുന്നു. കെ എസ് ബിമല്‍.

വ്യക്തിപരമായെടുത്താല്‍ വേദനകളില്‍ സമാശ്വാസമായിരുന്ന സഹോദരന്റെ സ്‌നേഹമായിരുന്നു ബിമല്‍ . അതിന്റെ നഷ്ടസ്മൃതിയാണ് ബിമലോര്‍മ്മ.
ബിമല്‍ ഉണ്ടായിരുന്നെങ്കില്‍ എന്നാഗ്രഹിച്ചു പോവുന്ന എത്രയോ സന്ദര്‍ഭങ്ങള്‍ ഇക്കഴിഞ്ഞ ആറു വര്‍ഷങ്ങളില്‍ വ്യക്തി ജീവിതത്തിലും പൊതു ജീവിതത്തിലുമുണ്ടായിട്ടുണ്ട്. ഇനിയുമത് തുടരും. ഒരു നിയമസഭാംഗമെന്ന നിലയില്‍ നടത്താനിരിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ , നയ രൂപീകരണത്തിലെല്ലാം ഏറ്റവും മികച്ച സംഭാവനകള്‍ നല്‍കാന്‍ ശേഷിയുള്ള പ്രതിഭാധനനായിരുന്നു ബിമല്‍. നികത്താനാവാത്ത നോവായി ആ അഭാവം തുടരുക തന്നെ ചെയ്യും. കെ കെ രമ എഫ് ബി കുറിപ്പില്‍ പറയുന്നു.

കെ.എസ്.ബിമല്‍ ;
സമര സംവാദങ്ങളുടെയും സാന്ത്വന സാഹോദര്യത്തിന്റെയും നോവുള്ള ഓര്‍മ്മ


പ്രിയ സഖാവ് കെ എസ് ബിമലിന്റെ പ്രോജ്വല സ്മരണകള്‍ക്ക് ആറാണ്ട് പ്രായമായിരിക്കുന്നു.
സഖാവും സംഘാടകനും പോരാളിയും ജനാധിപത്യവാദിയും എഴുത്തുകാരനും കലാകാരനും കലാപകാരിയുമൊക്കെയായി തന്റെ ചുരുങ്ങിയ കാലത്തെ ജീവിതത്തെ മാനവികതയുടെ സമ്പൂര്‍ണ്ണതയില്‍ പ്രകാശിപ്പിച്ചാണ് പ്രിയ ബിമല്‍ കടന്നുപോയത്. അതുകൊണ്ടുതന്നെയാണ് ആ വിയോഗം ബിമലിനെ അറിഞ്ഞ മനുഷ്യരെയാകെ അത്രയ്ക്ക് അനാഥമാക്കിക്കളഞ്ഞതെന്ന് നമുക്കറിയാം. ബിമലിന്റെ രാഷ്ട്രീയ സമരങ്ങളും നയസമരങ്ങളും ബിമല്‍ മുന്നോട്ടുവെച്ച ജനാധിപത്യ അന്വേഷണങ്ങളുമെല്ലാം എന്നത്തേക്കാളും പ്രസക്തമായ കാലത്താണ് നാം ഇത്തവണ ബിമലിനെ ഓര്‍മ്മിക്കുന്നത്.
ഒരു ജനാധിപത്യ മതേതര രാഷ്ട്രമെന്ന നിലയില്‍ ഇന്ത്യയുടെ നിലനില്‍പ്പ് ചരിത്രത്തിലെ ഏറ്റവും വലിയ വെല്ലുവിളിയെ അഭിമുഖീകരിക്കുന്ന സന്ദര്‍ഭത്തിലാണ് നാം ജീവിക്കുന്നത്. മറ്റെല്ലാ ഭിന്നതകള്‍ക്കുമപ്പുറം പ്രതിരോധത്തിന്റെ ഐക്യമുന്നണി തീര്‍ക്കാന്‍ ഒരുമിക്കുകയെന്നത് തന്നെയാണ് തീര്‍ച്ചയായും കാലികമായ ജനാധിപത്യ രാഷ്ട്രീയം. ഫാസിസത്തിന്റെ സര്‍വ്വതല സ്പര്‍ശിയായ കടന്നാക്രമണങ്ങളെ സര്‍വ്വ നിലവാരത്തിലും ചെറുക്കുക എന്നത് തന്നെയാണ് നമ്മുടെ രാഷ്ട്രീയ കടമ. ഫാസിസം അതിന്റെ ആയുധങ്ങളെ കാലോചിതം കണ്ടെത്തുമ്പോള്‍ പ്രതിരോധത്തിനും തീര്‍ച്ചയായും പുതിയ കാലത്തിനനുസൃതമായ ഭാവുകത്വമുണ്ടാവണം. അവസാന കാലത്ത് ബിമല്‍ അന്വേഷിച്ചതും ഈ നവരാഷ്ട്രീയ സാദ്ധ്യതകള്‍ തന്നെയാണ്. നമ്മുടെ ഫാസിസ്റ്റ് വിരുദ്ധ പഠനങ്ങളും അന്വേഷണങ്ങളും കൂടുതല്‍ കൂടുതല്‍ ജനകീയമാക്കേണ്ടതുമുണ്ട്. എല്ലാറ്റിനുമപ്പുറം, മൂലധനഭ്രാന്ത് തന്നെയാണ് ഫാസിസമെന്ന അടിസ്ഥാന രാഷ്ട്രീയം തുറന്നുകാട്ടപ്പെടുക ഏറ്റവും പ്രധാനവുമാണ്.
നവലിബറല്‍ നയങ്ങളോട് രാജിയാവുന്ന സര്‍വ്വ രാഷ്ട്രീയ സംഘങ്ങളും കേവല ജനവിരുദ്ധതയുടെ വക്താക്കള്‍ മാത്രമല്ല, സംഘീരാഷ്ട്രീയത്തിന്റെ കൂടി സഹായികളാവുകയാണെന്ന കാര്യം ഓരോ ജനാധിപത്യ പ്രസ്ഥാനവും സ്വയം ഓര്‍മ്മപ്പെടുത്തേണ്ടതുണ്ടെന്ന് വിചാരിക്കുന്നു. നവലിബറല്‍ നയങ്ങളുടെ വിശ്വസ്ത നടത്തിപ്പുകാരായി രൂപമാറ്റം വന്ന അധികാരവര്‍ഗ്ഗ ഇടതുരാഷ്ട്രീയത്തെയും പ്രശ്‌നവല്‍ക്കരിക്കാന്‍ കാട്ടിയ ധീരത കൂടിയാണ് ബിമലിന്റെ രാഷ്ട്രീയ ജീവിതത്തെ പൂര്‍ണ്ണമാക്കിയത് എന്നാണ് ഞാന്‍ വിചാരിക്കുന്നത്.

വ്യക്തിപരമായെടുത്താല്‍ വേദനകളില്‍ സമാശ്വാസമായിരുന്ന സഹോദരന്റെ സ്‌നേഹമായിരുന്നു ബിമല്‍ . അതിന്റെ നഷ്ടസ്മൃതിയാണ് ബിമലോര്‍മ്മ.
ബിമല്‍ ഉണ്ടായിരുന്നെങ്കില്‍ എന്നാഗ്രഹിച്ചു പോവുന്ന എത്രയോ സന്ദര്‍ഭങ്ങള്‍ ഇക്കഴിഞ്ഞ ആറു വര്‍ഷങ്ങളില്‍ വ്യക്തി ജീവിതത്തിലും പൊതു ജീവിതത്തിലുമുണ്ടായിട്ടുണ്ട്. ഇനിയുമത് തുടരും. ഒരു നിയമസഭാംഗമെന്ന നിലയില്‍ നടത്താനിരിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ , നയ രൂപീകരണത്തിലെല്ലാം ഏറ്റവും മികച്ച സംഭാവനകള്‍ നല്‍കാന്‍ ശേഷിയുള്ള പ്രതിഭാധനനായിരുന്നു ബിമല്‍. നികത്താനാവാത്ത നോവായി ആ അഭാവം തുടരുക തന്നെ ചെയ്യും.
ബിമലിന്റെ സമരങ്ങളെ മുന്നോട്ടു കൊണ്ടുപോവുകയെന്നാല്‍ ജനാധിപത്യത്തിനും മാനവികതയ്ക്കും വേണ്ടിയുള്ള നിലപാടുതറകളില്‍ അചഞ്ചലമായി നിലകൊള്ളുകയെന്നത് തന്നെയാണ്. ബിമലിന്റെ സമരദീപ്തമായ സ്മരണകള്‍ കാലത്തിന്റെ പടനിലങ്ങളില്‍ നമുക്ക് കരുത്താവട്ടെയെന്നാഗ്രഹിക്കുന്നു. ബിമലിന്റെ സ്‌നേഹസ്മൃതികള്‍ക്ക് മുന്നില്‍ ആദരവിന്റെ ചുവന്ന പൂക്കളര്‍പ്പിക്കുന്നു.
………….കെ.കെ.രമ

Spread the love
വടകര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Vatakaranews Live

RELATED NEWS

NEWS ROUND UP