കെ പി സി സി പുനസംഘടന ; വടകരയില്‍ എ ഗ്രൂപ്പ് കോണ്‍ഗ്രസ് പരിപാടികള്‍ ബഹിഷ്‌കരിച്ചു

By news desk | Wednesday September 16th, 2020

SHARE NEWS

വടകര : പദ്ധതിവിഹിതം വെട്ടിക്കുറച്ചതില്‍ പ്രതിഷേധിച്ച് കെ.പി.സി.സി. ആഹ്വാനംചെയ്ത തദ്ദേശസ്ഥാപനങ്ങള്‍ക്കു മുന്നിലെ ജനപ്രതിനിധികളുടെ സമരത്തില്‍നിന്ന് അഴിയൂര്‍ ബ്ലോക്ക് കോണ്‍ഗ്രസിലെ ഒരുവിഭാഗം വിട്ടുനിന്നു.

കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ കൂടി ബ്ലോക്ക് പഞ്ചായത്തായ വടകര ബ്ലോക്ക് ഓഫീസിനു മുന്നില്‍ സമരം നടന്നില്ല. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോട്ടയില്‍ രാധാകൃഷ്ണന്‍ ഉള്‍പ്പെടെയുളളവര്‍ വിട്ടുനിന്നു.
കെ.പി.സി.സി. ഭാരവാഹി നിയമനവുമായി ബന്ധപ്പെട്ട പ്രതിഷേധത്തെത്തുടര്‍ന്നാണ് വിട്ടുനില്‍ക്കല്‍. അഴിയൂര്‍ ബ്ലോക്കില്‍നിന്ന് ഐ. മൂസ, സുനില്‍ മടപ്പള്ളി എന്നിവരാണ് കെ.പി.സി.സി. സെക്രട്ടറിമാരായത്. ഇതില്‍ സുനില്‍ മടപ്പള്ളിക്ക് സെക്രട്ടറിസ്ഥാനം നല്‍കിയതിനെതിരേ ഒരുവിഭാഗം കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് നിവേദനം നല്‍കിയിരുന്നു. ഈ പ്രതിഷേധത്തിന്റെ ഭാഗമാണ് സമരബഹിഷ്‌കരണവും.

വടകര ബ്ലോക്ക് പഞ്ചായത്ത് ഓഫീസിനു പുറമേ ഏറാമല പഞ്ചായത്ത് ഓഫീസിനു മുന്നിലും സമരം നടന്നില്ല. അഴിയൂര്‍ ബ്ലോക്കില്‍ കോണ്‍ഗ്രസിന് ഏഴ് ജനപ്രതിനിധികളാണുള്ളത്. ഇതില്‍ അഞ്ചുപേരും പങ്കെടുത്തില്ലെന്ന് വിട്ടുനിന്ന വിഭാഗം അവകാശപ്പെട്ടു.

ബ്ലോക്ക് പ്രസിഡന്റ് ഉള്‍പ്പെടെ മാറിനിന്നതിനാല്‍ പരിപാടി നടന്നില്ല.
അഴിയൂര്‍ പഞ്ചായത്തിലെ രണ്ട് അംഗങ്ങള്‍ സമരത്തില്‍ പങ്കെടുത്തു. ഒഞ്ചിയത്ത് ഒരാളുള്ളത് പങ്കെടുത്തില്ല. ഏറാമലയില്‍ രണ്ട് ജനപ്രതിനിധികളാണ് കോണ്‍ഗ്രസിനുള്ളത്. ഇവരും സമരത്തില്‍ പങ്കെടുത്തില്ല. രണ്ട് മണ്ഡലം പ്രസിഡന്റുമാര്‍, മറ്റ് ഭാരവാഹികള്‍, യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികള്‍ എന്നിവരുള്‍പ്പെടെ കെ.പി.സി.സി. പ്രസിഡന്റിന് നല്‍കിയ നിവേദനത്തില്‍ ഒപ്പിട്ടിട്ടുണ്ട്.

ഒരുവിഭാഗം സമരത്തില്‍നിന്ന് വിട്ടുനിന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് അഴിയൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് സി.കെ. വിശ്വനാഥന്‍ പറഞ്ഞു. ഇത് ബന്ധപ്പെട്ടവരെ അറിയിക്കും. ഒഞ്ചിയത്തെ ജനപ്രതിനിധി പങ്കെടുക്കാതിരുന്നത് ആ വാര്‍ഡില്‍ കൊറോണ കേസുകള്‍ ഉള്ളതുകൊണ്ടാണെന്നും ഇദ്ദേഹം വ്യക്തമാക്കി.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Leave a Reply

Your email address will not be published. Required fields are marked *