മഹാത്മജിക്ക് 150 ; ഗാന്ധി സ്മൃതിയില്‍ പാക്കനാര്‍പുരം

By | Tuesday October 1st, 2019

SHARE NEWS

പയ്യോളി (വടകര) : ലോകം മഹത്മാജിയുടെ 150 ജന്മവാര്‍ഷികം ആഘോഷിക്കും വടകരക്കും പറയുവാനേറെയുണ്ട്. മഹാത്മയുടെ പാദസ്പര്‍ശത്താല്‍ പുണ്യമേറ്റ നിരവധി പ്രദേശങ്ങള്‍ ഇവിടെയുണ്ട്. ഗാന്ധിയന്‍ ദര്‍ശനങ്ങളുടെ സാമൂഹ്യ നവോത്ഥാനത്തിന് തുടക്കമിട്ട സ്ഥാപനമാണ് പയ്യോളി തുറയൂറിലെ പാക്കനാര്‍പുരത്തെ ഗാന്ധിസദന്‍.

പയ്യോളിയില്‍ നിന്ന് 12 കിലോമീറ്റര്‍ സഞ്ചിരിച്ചാല്‍ തുറയൂര്‍ പഞ്ചായത്തിലെ പാക്കനാര്‍പുരത്തെത്താം. ഈ മണ്ണിന് ഒരു പാട് ചരിത്രം പറയാനുണ്ട്. സ്വാതന്ത്യ സമരപോരട്ടത്തിനായിയുള്ള ഗാന്ധിയന്‍ സമരീതികളോടൊപ്പം അധസ്ഥിതരുടെ ഉന്നമനവും ലക്ഷ്യമിട്ടായിരുന്നു പാക്കാനാര്‍ പുരത്തിന്റെ പ്രവര്‍ത്തന രീതി. അധസ്ഥിതരോടുള്ള രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിയുടെ നിലപാടുകള്‍ വിമര്‍ശിക്കപ്പെടുന്ന വര്‍ത്തമാന സാഹചര്യത്തില്‍ അധസ്ഥിതരുടെ ഉന്നമനത്തിനായുള്ള ഗാന്ധിയന്‍ പ്രവര്‍ത്തനങ്ങള്‍ ഗൗരവമായ പഠനങ്ങള്‍ക്ക് വിധേയമാക്കേണ്ടതുണ്ട്. ഇതിന് പാക്കനാര്‍പുരത്തെ ചരിത്ര രേഖകള്‍ ഏറെ സഹായകരമാകും.

ഗാന്ധിജി അധസ്ഥിതരെ ഹരി(മഹാവിഷ്ണു) ഹരിയുടെ ജനങ്ങള്‍ ഹരിജനം എന്ന രീതിയില്‍ സംബോധന ചെയ്തത് അധസ്ഥിതരെ ഉയര്‍ത്തുന്നതിന്റെ ഭാഗമായിട്ടാണ്. 1926 ല്‍ കെ കേളപ്പന്‍ അന്നത്തെ നാടുവാഴി അവിഞ്ഞില്‍ മൂപ്പില്‍ നായരില്‍ നിന്നും നല്ലമ്പ്രക്കുന്നിലെ ഏഴ് ഏക്കറയോളം ഭൂമി വാങ്ങി ഹരിജനോദ്ധാരണത്തിനായി ഒരു വിദ്യാലയം തുടങ്ങി. ഇതാണ് പിന്നീട് ഗാന്ധിസദനമായി മാറിയത്.

അഖിലേന്ത്യാ ഹരിജന്‍ സേവാ സംഘിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഗാന്ധിസദന്‍ അയിത്തത്തിന്റെയും ജാതിമേധാവിത്വത്തിന്റെയും കരങ്ങള്‍ക്കിടിയില്‍ വീര്‍പ്പുമുട്ടിയവര്‍ക്ക് ആവേശം പകര്‍ന്നു. പാക്കാനാര്‍പുരത്തെ ഗാന്ധിസദനത്തിന്റെ മാതൃകയില്‍ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാന്‍ പുരോഗമന ചിന്താഗതിക്കാരായ യുവാക്കള്‍ മുന്നോട്ട് വന്നതോടെ മലബാറിലെ ഈ ഉള്‍നാടന്‍ ഗ്രാമം കേരള നവോത്ഥാനത്തിലെ തിളക്കമേറിയ ഒരേടായി മാറുകയായിരുന്നു.
1934 ല്‍ മഹാത്മാഗാന്ധിയാണ് പാക്കനാര്‍പുരത്തെത്തി ഗാന്ധിസദനത്തിന് തുടക്കമിട്ടത്.

ദേശീയ പ്രസ്ഥാനത്തിന്റെ നേതാക്കളായ എ കെ ജി, വിഷ്ണുഭാരതീയന്‍, തുടങ്ങിയവരുടെ പ്രവര്‍ത്തനങ്ങളും കീഴാളരുടെ ഉന്നമനത്തിന് സഹായകരമായി. വിനോബാഭാവെ , വി വി ഗിരി തുടങ്ങിയവരുടെ സന്ദര്‍ശനവും മാര്‍ഗ നിര്‍ദ്ദേശങ്ങളും ഗാന്ധിസദനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടി.

തുടക്കത്തില്‍ ഏറെ പരാധീനതകള്‍ ഉണ്ടെങ്കിലും ജനകീയ പങ്കാളിത്തത്തോടെ ഇത് മറികടക്കാന്‍ കേളപ്പജിക്ക് കഴിഞ്ഞു. സിംഗപ്പൂര്‍ പര്യടനം നടത്തി സ്വരൂപിച്ച തുക കൊണ്ട് വിദ്യാഭ്യാസത്തോടൊപ്പം തൊഴില്‍ പരിശീലനം നല്‍കാന്‍ ചെറുകിട വ്യവസായ പദ്ധതികളും ആരംഭിച്ചു.

സ്വാതന്ത്ര്യ ലബ്ദിയോടെ ആവേശകരമായ ഭൂതകാലകാഴ്ചകള്‍ ഓര്‍മ്മയിലേക്ക് നീങ്ങി.

പുതിയ കാലത്തിന്റെ ആകുലതകള്‍ക്ക് ഗാന്ധിയന്‍ രീതയിലൂടെ പരിഹാരം കാണാനുള്ള ശ്രമങ്ങള്‍ ഇവിടെ നടന്ന് വരുന്നുണ്ട്. ലഹരി വിരുദ്ധ പ്രചാരാണം, അക്രമ വിരുദ്ധ സന്ദേശം, മതസൗഹാര്‍ദ്ദ പ്രചാരണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്ക് ഗാന്ധിസദന്‍ പ്രവര്‍ത്തകര്‍ നേതൃത്വം നല്‍കി വരുന്നു. കേളപ്പജിയുടെ ഗ്രന്ഥങ്ങളും ഉള്‍പ്പെടുന്ന ലൈബ്രറിയും താല്‍ക്കാലികമായൊര മ്യൂസിയവും പാക്കനാര്‍പുരത്ത് സജ്ജീകരിച്ചിട്ടുണ്ട്.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്