സഞ്ചാരികളെ മഴക്കാല യാത്രയ്ക്ക് ഒരുങ്ങിക്കോളൂ വയനാട് കുളിരണിഞ്ഞു

By അര്‍ച്ചന വിനോദ് | Thursday June 13th, 2019

SHARE NEWS

സഞ്ചാരികള്‍ക്ക് കുളിരണിയാന്‍ വയനാട് ഒരുങ്ങിക്കഴിഞ്ഞു.ചിന്നിപ്പെയ്യുന്ന ചാറ്റമഴയിലൂടെ ചീറിപ്പായുന്ന ബുള്ളറ്റുകളുമായാണ് സഞ്ചാരികള്‍ എത്തുന്നത്.വയനാടിന്റെ പ്രകൃതി ഭംഗി ആസ്വദിക്കാന്‍ നൂറുകണക്കിനാളുകളാണ് എത്തുന്നത്.

ഇടതൂര്‍ന്ന കാടും പച്ചപ്പ് നിറഞ്ഞ തേയില തോട്ടങ്ങളിലൂടെയുള്ള യാത്ര സഞ്ചാരികളെ കുളിരണിയിക്കുന്നതാണ്.മുത്തങ്ങ വന്യജീവിസങ്കേതം, സൂചിപ്പാറ വെള്ളച്ചാട്ടം, ബാണാസുരസാഗര്‍, ഹെറിറ്റേജ് മ്യൂസിയം, മീന്‍മുട്ടി വെള്ളച്ചാട്ടം എന്നിവിടങ്ങളെല്ലാം സഞ്ചാരികള്‍ക്കായി കാത്തുവെക്കുന്നത് നയനാനന്ദകരമായ കാഴ്ചകളാണ്.  താമരശ്ശേരി ചുരം കയറിയെത്തുന്ന സഞ്ചാരികള്‍ക്കു വ്യൂപോയന്റില്‍ നിന്നുള്ള കാഴ്ച മറക്കാനാകില്ല.

വയനാട്ടിലെ നൂൽ മഴയും, ആലിപ്പഴം പൊഴിയലും അനുഭവിക്കാന്‍ ഭാഗ്യവും വേണം.മഴക്കാലത്ത് വയനാടിനു പ്രത്യേക സൗന്ദര്യമാണ്. മാനന്തവാടിക്കപ്പുറം നീലോം എന്ന സ്ഥലത്തു, വാട്ടർ തീം പാർക്കും ഉണ്ട്.

ലക്കിടി, വൈത്തിരി, കൽപ്പറ്റ എന്നിവിടങ്ങളിലാണ് മറ്റു സ്ഥലത്തേക്കാള്‍ തണുപ്പ് കൂടുതല്‍.
നാട്ടുകാരുടെ നിർഭാഗ്യവും സഞ്ചാരികളുടെ ഭാഗ്യവും അനുസരിച്ചു വനയോര വഴികളില്‍ ആനയും മാനും കാട്ടുപോത്തുമൊക്കെയുണ്ടാകും.

മുത്തങ്ങവന്യജീവികേന്ദ്രം

സുൽത്താൻ ബത്തേരിയിൽ നിന്ന് മൈസൂറിലേക്കുള്ള റോഡിലാണ് മുത്തങ്ങ. മുത്തങ്ങ വന്യജീവികേന്ദ്രം കേരളത്തിന്റെ രണ്ടു അയൽ സംസ്ഥാനങ്ങളുമായി അതിർത്തി പങ്കുവെക്കുന്നു. ‍കർണ്ണാടകവും തമിഴ്നാടും കേരളവും ചേരുന്ന ഈ സ്ഥലത്തിനെ ട്രയാങ്കിൾ പോയിൻറ് എന്നാണ് വിളിക്കുന്നത്. കാട്ടുപോത്ത്, മാൻ, ആന, കടുവ തുടങ്ങിയ ജീ‍വികളെ ഈ വന്യമൃഗ സങ്കേതത്തിലെ കാടുകളിൽ കാണാം. പല ഇനങ്ങളിലുള്ള ധാരാളം പക്ഷികളും ഈ വന്യജീവി സങ്കേതത്തിലുണ്ട്.

മുത്തങ്ങയിലെ വള്ളിപ്പടർപ്പ് വിശാലമായ വനമേഖലയാണ്. ഇവിടെ വയനാടൻ വനത്തിനോട് ലയിച്ച് കിടക്കുന്നത് തമിഴ്‌നാട്, കർണ്ണാടക വനപ്രദേശമാണ്. മൂന്ന് സംസ്ഥാനത്തുമായി വ്യാപിച്ചുകിടക്കുന്ന വയനാട് ബന്ദിപ്പൂർ-മുതുമല നാഷണൽ പാർക്ക് 2500 ചതുരശ്ര കിലോമീറ്ററിലധികം വരും. ചെറുതും വലുതുമായ അനേകതരം മൃഗജാതികൾ ഇവിടെ കാണപ്പെടുന്നു. മുത്തങ്ങ വൈൽഡ് ലൈഫ് ടൂറിസം മേഖല കൂടിയാണ്.

കാറ്റുകുന്ന്

വിരുന്നൊരുക്കി കാത്തിരിക്കുകയാണ് കാറ്റുകുന്ന്. സമുദ്രനിരപ്പിൽ നിന്നു നാലായിരത്തോളം അടി ഉയരത്തിലുള്ള ഈ കുന്നിന്റെ പ്രത്യേകത തന്നെ പേരിലുള്ളത് പോലെ കാറ്റാണ്….അങ്ങകലെ 1277 ഹെക്ടറിൽ തളം കെട്ടി നിൽക്കുന്ന ബാണാസുര ഡാമിലെ വെള്ളക്കെട്ടും കക്കയം ഡാമും വയനാട് ജില്ലയുടെ തെക്കുഭാഗം പൂർണമായും ഇവിടെ നിന്നു കാണാം.

.

മീന്മുട്ടി വെള്ളച്ചാട്ടം

വെള്ളച്ചാട്ടത്തിൽ മൂന്നു തട്ടുകളിലായി 300 മീറ്റർ ഉയരത്തിൽ നിന്ന് ജലം താഴേക്ക് വീഴുന്നു. ഈ മൂന്നു തട്ടുകളിലേക്കും കയറാൻ പർവ്വതാരോഹകർ വെവ്വേറെ പാതകൾ സ്വീകരിക്കണം.

കൽ‌പറ്റയിൽ നിന്ന് ഈ വെള്ളച്ചാട്ടത്തിലേക്കുള്ള വഴി നയനാനന്ദകരമാണ്. തേയിലത്തോട്ടങ്ങൾക്കും തേക്കു വനങ്ങൾക്കും ഇടക്കു കൂടി ആണ് കൽ‌പറ്റയിൽ നിന്നുള്ള വഴി.

 

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്