Categories
vatakaraspecial

വടകരയില്‍ നാരായണ നഗരത്തിന്റെ ചരിത്രം മറന്നെന്ന് ആക്ഷേപം ; തിരുത്തുമെന്ന് നഗരസഭ

വടകര: സ്വാതന്ത്ര്യസമരസേനാനി എം.പി. നാരായണമേനോന്റെ പേരില്‍ അറിയപ്പെടുന്ന വടകര നാരായണനഗരത്തില്‍ പുതുതായി നിര്‍മിക്കുന്ന ഇന്‍ഡോര്‍ സ്റ്റേഡിയം ഔദ്യോഗികരേഖകളില്‍ ശ്രീനാരായണനഗരം സ്റ്റേഡിയമായി മാറിയ സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു.

കിഫ്ബിയുടെ സഹായത്തോടെയാണ് നിര്‍മ്മിക്കുന്ന സ്റ്റേഡിയത്തിന്റെ എല്ലാ രേഖകളിലും ശ്രീനാരായണനഗരം എന്നാണ് പേര്. സ്റ്റേഡിയം നിര്‍മാണം നടക്കുന്നസ്ഥലത്ത് സ്ഥാപിച്ച ബോര്‍ഡിലും ശ്രീനാരായണനഗരം സ്റ്റേഡിയം എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. എല്ലാ രേഖകളിലും ശ്രീ നാരായണ നഗര്‍ എന്ന പേര് വന്നത് കൊണ്ട് തിരുത്താന്‍ ആകില്ലെന്ന നിലപാടിലായിരുന്നു അധികൃതര്‍. സ്റ്റേഡിയത്തിന്റെ പേര് തിരുത്താന്‍ നിര്‍വഹണ ഏജന്‍സിസയായ കിറ്റ്‌കോയെ ബന്ധപ്പെട്ടെന്നും ഉദ്ഘാടനമാകുമ്പോഴേക്കും നാരായണ നഗര്‍ സ്‌റ്റേഡിയമാക്കി മാറ്റാന്‍ ശ്രമിക്കുമെന്നും നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ പി ബിന്ദു അറിയിച്ചു.

സ്വാതന്ത്ര്യ ചരിത്ര സംഭവങ്ങളോടുള്ള അവഹേളനത്തിന് എതിരെ പ്രതിഷേധം ശക്തമായതോടെ ശ്രീനാരായണ നഗരം സ്റ്റേഡിയം നാരായണനഗര്‍ സ്‌റ്റേഡിയമാക്കി മാറ്റാനുള്ള നടപടി ക്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. എം.പി. നാരായണമേനോന്‍ വടകരയില്‍ ഉചിതമായ സ്മാരകം വേണമെന്ന് ആവശ്യപ്പെട്ട് കെ.പി.സി.സി. വിചാര്‍വിഭാഗ് നേരത്തെ രംഗത്തുണ്ടായിരുന്നു. തുടര്‍ന്ന് ഇന്‍ഡോര്‍ സ്റ്റേഡിയം ഔദ്യോഗികരേഖകളില്‍ ശ്രീനാരായണനഗരം സ്റ്റേഡിയമായി മാറിയ സംഭവത്തിനെതിരെ പ്രതിഷേധം സംഘടിപ്പിക്കുകയായിരുന്നു.


വിചാര്‍ വിഭാഗ് നടത്തിയ പോരാട്ടങ്ങള്‍ക്ക് പൊതു സമൂഹത്തിന്റെ പിന്തുണ ലഭിച്ചതോടെ നഗരസഭാ അധികൃതര്‍ ഇക്കാര്യത്തില്‍ ഗൗരവമായി ഇടപെടുകയായിരുന്നു.
സ്റ്റേഡിയം ഉദ്ഘാടനമാകുമ്പോഴേക്കും രേഖകളിലും മറ്റും നാരായണനഗര്‍ സ്റ്റേഡിയം എന്നാക്കി മാറ്റണമെന്നാവശ്യപ്പെട്ട് കെ.പി.സി.സി. വിചാര്‍വിഭാഗ് സെക്രട്ടറി ഹരീന്ദ്രന്‍ കരിമ്പനപ്പാലം നഗരസഭ ചെയര്‍പേഴ്‌സണും സംസ്ഥാന കായികവകുപ്പിനും നിവേദനം നല്‍കിയിട്ടുണ്ട്.
1931ല്‍ വടകരയില്‍ അഞ്ചാംകോണ്‍ഗ്രസ് സമ്മേളനം നടന്നപ്പോള്‍ ആ സമ്മേളനനഗരിക്കിട്ട പേരാണ് നാരായണനഗരം. മലബാര്‍ കലാപവുമായി ബന്ധപ്പെട്ട് 1921 സെപ്റ്റംബറില്‍ അറസ്റ്റിലായ സ്വാതന്ത്ര്യസമരസേനാനി എം.പി. നാരായണമേനോന്‍ വടകരസമ്മേളനം നടക്കുന്ന സമയത്തും ജയിലിലായിരുന്നു.

മലബാറില്‍ ഇനി പ്രവേശിക്കില്ലെന്ന ഉറപ്പുനല്‍കി, ബ്രിട്ടീഷുകാരോട് മാപ്പുപറഞ്ഞാല്‍ ജയിലില്‍നിന്നുവിടാമെന്നായിരുന്നു ബ്രിട്ടീഷുകാരുടെ വാഗ്ദാനം. ഇത് മേനോന്‍ നിരസിച്ചു. ഈ സാഹചര്യത്തില്‍ അദ്ദേഹത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് വടകരയിലെ സമ്മേളനനഗരിക്ക് നാരായണനഗരം എന്ന പേരിട്ടത്.

ആ പേര് പിന്നീട് സ്ഥായിയായി നിലനില്‍ക്കുകയും ചെയ്തു. നഗരസഭയുടെ ഉള്‍പ്പെടെയുള്ള രേഖകളിലും സമ്മേളനം നടന്ന മൈതാനവും പരിസരപ്രദേശങ്ങളും നാരായണനഗരം എന്നാണ് അറിയപ്പെടുന്നത്. ഈ പ്രദേശം ഉള്‍ക്കൊള്ളുന്ന വാര്‍ഡിന്റെ പേരും നാരായണനഗരം എന്നുതന്നെ.

വടകരക്കാരുടെ മനസ്സില്‍ പതിഞ്ഞ പേരാണെങ്കിലും പേരിനുപിന്നിലുള്ള ചരിത്രവും ആരുടെപേരിലാണ് ഇത് അറിയപ്പെടുന്നതെന്ന കാര്യവും പലര്‍ക്കും അറിയില്ല. അത്തരമൊരു അറിവില്ലായ്മയുടെ ഭാഗമായാണ് നാരായണ നഗര്‍ ഇന്‍ഡോര്‍‌സ്റ്റേഡിയത്തിന്റെ പേര് മാറിയതെന്നാണ് സൂചന.

Spread the love
വടകര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Vatakaranews Live

RELATED NEWS

NEWS ROUND UP