അമ്മമാരെ കൊലയാളികളാക്കുന്നത് ആര് ? നാദാപുരത്ത് കൊല്ലപ്പെട്ടത് മൂന്ന് കുട്ടികള്‍

By news desk | Thursday May 17th, 2018

SHARE NEWS

നാദാപുരം: നാദാപുരം മേഖലയില്‍ രണ്ടു അമ്മമാര്‍ കൊന്നത് മൂന്ന് കുട്ടികളെ. ഇവരെ കൊലയാളികളാക്കുന്നത് ആര് ? എന്ന ചോദ്യത്തിന് പോലീസും സമൂഹവും ഉത്തരം കാണുന്നില്ല .കുടുംബങ്ങളിലെ അസ്വാരസ്യംമൂലം മാതാവ് മക്കളെ കൊലപ്പെടുത്തുന്നത് നാദാപുരത്ത് ഇത് രണ്ടാംതവണ. രണ്ട് സംഭവങ്ങളിലായി മൂന്ന് കുട്ടികളാണ് ഇതിനകം കൊല്ലപ്പെട്ടത്.

കഴിഞ്ഞദിവസം കക്കംവള്ളി വെള്ളൂര്‍ റോഡിലും ആറുമാസം മുന്‍പ് വാണിമേല്‍ കോടിയൂറയിലുമാണ് പിഞ്ചുകുട്ടികള്‍ക്കുനേരെയുള്ള കൊലപാതകങ്ങള്‍ നടന്നത്. കുളങ്ങരത്ത് മുഹമ്മദ് ഖൈസിന്റെ ഭാര്യ സഫിയയാണ് കഴിഞ്ഞദിവസം മൂന്നുവയസ്സുള്ള മകളെ ബക്കറ്റില്‍ മുക്കി കൊലപ്പെടുത്തിയത്. ഭാഗ്യത്തിനാണ് ഒന്നരവയസ്സുകാരന്‍ പരിക്കുകളോടെ രക്ഷപ്പെട്ടത്. കൈത്തണ്ടയിലെ ഞെരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച മാതാവ് നാദാപുരം പോലീസ് കസ്റ്റഡിയിലാണ്.

ആറുമാസം മുന്‍പാണ് വാണിമേലില്‍ മാതാവ് രണ്ട് കുട്ടികളെ കിണറ്റില്‍ എറിഞ്ഞ് കൊലപ്പെടുത്തിയത്. കിണറ്റില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ച യുവതി പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സ തേടി. ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള പ്രശ്‌നങ്ങളാണ് രണ്ട് സംഭവങ്ങളിലും കുട്ടികളെ കൊലപ്പെടുത്തുന്നതില്‍ കലാശിച്ചത്.

രണ്ട് സംഭവത്തിലും കുട്ടികളെ കൊലപ്പെടുത്തിയതിന് പിന്നാലെ മാതാവ് തന്നെയാണ് കരഞ്ഞുകൊണ്ട് പോലീസിനോട് സംഭവങ്ങള്‍ വിശദീകരിക്കുന്നത്. ആ സമയത്തുണ്ടാകുന്ന പ്രത്യേകതരം മാനസികാസ്വാസ്ഥ്യമാണ് സംഭവങ്ങള്‍ക്കിടയാക്കുന്നതെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ വിശദീകരിക്കുന്നു.

ഇത്തരം കുടുംബങ്ങളെ കണ്ടെത്തി മനഃശാസ്ത്രപരമായ ക്ലാസുകളും പ്രത്യേക ചികിത്സയും നല്‍കണമെന്ന അഭിപ്രായവും ഉയര്‍ന്നുവന്നിട്ടുണ്ട്. കുടുംബങ്ങളില്‍ എല്ലാം തുറന്നുപറയുന്ന അവസ്ഥ ഇല്ലാത്തതാണ് ഇത്തരം പ്രശ്‌നങ്ങള്‍ വര്‍ധിക്കാനിടയാക്കുന്നതെന്നാണ് പോലീസിന്റെ അഭിപ്രായം.

രണ്ട് സംഭവങ്ങളുടെയും പശ്ചാത്തലത്തില്‍ ഇത്തരം കുടുംബങ്ങളെ കണ്ടെത്തി കൗണ്‍സലിങ് നല്‍കാനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്ന ചിന്ത വിവിധ സംഘടനാനേതാക്കള്‍ പങ്കുവെയ്ക്കുന്നുണ്ട്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
Loading...