Categories
Breaking News

നോബല്‍ സമ്മാന ജേതാവിന്റെ കവിത മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്ത് നാദാപുരത്തുകാരന്‍

വടകര: വിശ്വ സാഹിത്യ ഭൂമികയില്‍ കൊയ്യൊപ്പ് ചാര്‍ത്തി നാദാപുരത്തുകാരന്‍ . കക്കട്ടില്‍ കണ്ടോത്ത് കുനി സ്വദേശിയും പേരോട് എം ഐ എം ഹയര്‍ സെക്കന്ററി സ്‌കൂളിലെ സോഷ്യല്‍ സയന്‍സ് അധ്യാപകനുമായി പി എ നൗഷാദ് 2020 ലെ നോബല്‍ സമ്മാന (സാഹിത്യം) ജേതാവ് ലൂയിസ് ഗ്ലിക്കിന്റെ സ്‌നൊ എന്ന പ്രശസ്തമായ ഇംഗ്ലിഷ് കവിതയുടെ മലയാളത്തിലേക്കുള്ള മൊഴിമാറ്റം ചെയ്തു.

 

Snow
………..
Late December: my father and I are going to New York, to the circus.
He holds me
on his shoulders in the bitter wind:
scraps of white paper
blow over the railroad ties.
My father liked to stand like this, to hold me
so he couldn’t see me.
I remember
staring straight ahead
into the world my father saw,
I was learning
to absorb its emptiness,
the heavy snow
not falling, whirling around us.

മൊഴിമാറ്റം


മഞ്ഞ്
………..
ഡിസംബറിന്റെ അവസാനനാളിലൊന്നിൽ
അച്ഛനും ഞാനും ന്യൂയോർക്കിലേക്ക്, സർക്കസ്‌ കാണാൻ പോകവേ
ആഞ്ഞാഞ്ഞു വീശുന്ന കാറ്റിൽ
അച്ഛനെന്നെ തോളോടു ചേർത്തു

റയിൽപ്പാളങ്ങളുടെ ചേർപ്പുകളിൽ
വെളുത്ത തുണ്ടു കടലസുകൾ
പാറിക്കളിച്ചു
അച്ഛന്… ഇഷ്ടം
ഇങ്ങനെ ചേർത്തു നിർത്താനായിരുന്നു
എന്നെ കാണാൻ കഴിഞ്ഞതേയില്ല

അത്രമേൽ ഞാനോർക്കുന്നു
മുന്നിലെ ശൂന്യ വിദൂരതയിലേക്ക്
നീണ്ട കണ്ണുകൾ..
അവയിൽ പതിഞ്ഞ ലോകം..
ഞാനും പഠിക്കുകയായിരുന്നു
അതിലെ ഒന്നുമില്ലായ്മ സ്വാംശീകരിക്കാൻ,
കനത്ത മഞ്ഞ്
വീഴുകയായിരുന്നില്ല
ചുറ്റുമൊരു ചുഴലിയായി
ആർത്തലയ്ക്കുകയായിരുന്നു.

 

അമേരിക്കന്‍ സാഹിത്യ സൈറ്റില്‍ ലൂയിസ് ഗ്ലിക്കിനൊപ്പം കവിതകളെഴുതുകയും കവിതകളെക്കുറിച്ച് ഗ്ലിക്കുമായി അഭിപ്രായങ്ങള്‍ പരസ്പരം പങ്കുവെക്കുകയും ചെയ്യുന്ന പി എ നൗഷാദ് ഗ്ലിക്കിന്റെ കവിതകളെ ജീവിതത്തിലെ ഏറ്റവും വലിയ പ്രചോദനമായിട്ടാണ് കരുതുന്നത്.

https://m.poemhunter.com/louise-gluck/

സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം നേടിയ ലൂയിസ് ഗ്ലിക്കിന്റെ കവിതകളെക്കുറിച്ച് അവര്‍ക്കൊപ്പം അമേരിക്കന്‍ സാഹിത്യ സൈറ്റില്‍ കവിതകളെഴുതിക്കൊണ്ടിരിക്കുന്ന പി.എ നൗഷാദ് എഴുതുന്നു

ലൂയിസ് ഗ്ലിക്ക്
പ്രചോദനത്തിന്റെ കവിതകൾ

പി എ നൗഷാദ്പ്രചോദനത്തിന്റെ കവിതകളാണ് ലൂയിസ് ഗ്ലിക്കിന്റേത്. ഗ്ലിക്കിനോടൊപ്പം അമേരിക്കൻ സാഹിത്യ സൈറ്റിൽ ഇംഗ്ലിഷ് കവിതകളെഴുതിക്കൊണ്ടിരിക്കുന്ന എനിക്ക് അവരുടെ കവിതകൾ പകർന്ന ഊർജം ചെറുതല്ല. ഗ്ലിക്കിന്റെ ഏകദേശമെല്ലാ കവിതകൾക്കും അമേരിക്കൻ സാഹിത്യ സൈറ്റിൽത്തന്നെ എനിക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താനും കവിതകളെക്കുറിച്ച് അവരുമായി ആശയവിനിമയം നടത്താനും സാധിച്ചിട്ടുണ്ട്. അതുവഴി എന്റെ ഇംഗ്ലിഷ് കവിതകളെപ്പറ്റി അവരുടെ അഭിപ്രായങ്ങൾ അറിയാൻ കഴിഞ്ഞുവെന്നതും എന്റെ സാഹിത്യജീവിതത്തിലെ ഏറ്റവും ധന്യമായ കാര്യമാണ്.

1943ൽ അമേരിക്കയിലെ ന്യൂയോർക്ക് നഗരത്തിൽ ജനിച്ച് ലോങ് ഐലൻഡിൽ വളർന്ന ഗ്ലിക്ക് ബാല്യത്തിലേതന്നെ കവിതകളെഴുതിത്തുടങ്ങിയിരുന്നു. ഗ്ലിക്കിന്റെ ജീവിതത്തിലെ തീഷ്ണമായ അനുഭവങ്ങളും സമൂഹത്തിൽ കാണുന്ന അനീതികളും അവരുടെ കവിതയെ മൂർച്ചപ്പെടുത്തി.

ഗ്രീക്ക്, റോമൻ ഇതിഹാസ കഥകളും കഥാപാത്രങ്ങളും പലപ്പോഴായി ഗ്ലിക്കിന്റെ കവിതകളിൽ പ്രത്യക്ഷപ്പെടുന്നു. ആധുനിക വായനക്കാരനെ ഇതിഹാസ കഥകളുമായി ബന്ധിപ്പിച്ച് പുതിയ രൂപകങ്ങൾ സൃഷ്ടിക്കുന്ന ഗ്ലിക്കിന്റെ ആഖ്യാനശൈലി പ്രത്യേകം ശ്രദ്ധാർഹമാണ്. ആത്മാവ് ആത്മാവിനോട് സംവദിക്കുന്ന രീതിയിൽ ആത്മഭാഷണം പോലെയുള്ള നിരവധി കവിതകൾ വായിക്കാനിടയായിട്ടുണ്ട്.

പന്ത്രണ്ട് കവിതാ സമാഹാരങ്ങളാണ് ഗ്ലിക്കിന്റെതായി പ്രസിദ്ധീകരിക്കപ്പെട്ടത്. 2020ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം ഗ്ലിക്ക് നേടുന്നതിന് മുമ്പ് തന്നെ പുലിറ്റ്‌സർ സമ്മാനം, പോയറ്റ് ലോറിയറ്റ് ബഹുമതി, നേഷണൽ ബുക്ക് അവാർഡ്, നേഷണൽ ഹ്യുമാനിറ്റീസ് മെഡൽ തുടങ്ങിയവ ഗ്ലിക്കിനെ തേടിയെത്തിയിരുന്നു. ഡാനിയ്ൽ ഗ്ലിക്കും ബീട്രസ് ഗ്ലിക്കുമാണ് ലൂയിസ് ഗ്ലിക്കിന്റെ രക്ഷിതാക്കൾ.

1967-68 കാലഘട്ടത്തിൽ കൊളംബിയ യൂണിവേഴ്‌സിറ്റി സ്‌കൂൾ ഓഫ് ആർട്‌സിലായിരുന്നു ഗ്ലിക്കിന്റെ വിദ്യാഭ്യാസം.
നിലനിൽപ്പിനു വേണ്ടി പൊരുതുന്ന, ജീവിതത്തിന്റെ അർത്ഥം തേടുന്നവയാണ് ഗ്ലിക്കിന്റെ മിക്ക കവിതകളും. ഏകാന്തതയുടെ തീഷ്ണതയും സ്‌നേഹത്തിന്റെ അനശ്വരതയും മരണത്തെപ്പറ്റിയുള്ള വിചാരങ്ങളും കവിതക്ക് വിഷയമാവുന്നു. സാമൂഹിക ജീവിതത്തിലെ കാപട്യവും ചൂഷണം ചെയ്യപ്പെടുന്ന സ്ത്രീകളും കുടുംബബന്ധങ്ങളിലെ താളപ്പിഴവകളും വിഷാദവും കവിതകളിൽ നിറയുന്നു.

അതിനൊക്കെ ഉപരിയായി ശുഭാപ്തി വിശ്വാസത്തിന്റെ വെളിച്ചവും ഗ്ലിക്കിന്റെ കവിതകളിൽ നിറഞ്ഞു നിൽക്കുന്നു.
ദി അൺ ട്രസ്റ്റ് വർത്തി സ്പീക്കർ എന്ന കവിതയിൽ: ഞാൻ അദൃശ്യയാണ്/ അതാണ് ഞാനപകടകാരിയാകുന്നതും / ജനങ്ങളെന്നെ ഇഷ്ടപ്പെടുന്നു / അവർക്ക് തോന്നുന്നു ഞാൻ നിസ്വാർത്ഥയെന്ന്….. മനസ്സിലൊന്ന് ചിന്തിക്കുകയും വാക്കുകളും പ്രവൃത്തികളും തികച്ചും വ്യത്യസ്തമായി മാറുകയും ചെയ്യുന്ന സമകാലിക കപട ജീവിതത്തെയാണ് കവിതയിൽ വരച്ചിടുന്നത്.
ഏർലി ഡാർക്ക് നസ് എന്ന കവിതയിൽ: നിങ്ങൾക്ക് എങ്ങിനെ എന്നെ മനസിലാക്കുവാൻ കഴിയും?/ നിങ്ങൾക്ക് നിങ്ങളെത്തന്നെ മനസിലാക്കുവാൻ കഴിയാത്തപ്പോൾ/ നിങ്ങളുടെ ഓർമ്മകൾപോലും പൂർണ്ണമല്ല എന്നിരിക്കെ…എന്നെഴുതുന്നു. ഈ കവിതയിൽ സ്ത്രീയുടെ, അമ്മയുടെ മഹത്വവും അവരോടുള്ള സമൂഹത്തിന്റെ ബഹുമാനവും കടപ്പാടും ഉത്തരവാദിത്വവുമാണ് പറയുന്നത്.
ദരിദ്രരെയും വിശന്നുകരയുന്ന കുട്ടികളെയും അവരുടെ കവിതകളിൽ കാണാം. ഭക്ഷണത്തിനു വേണ്ടിയുള്ള കുട്ടികളുടെ നിലവിളികൾ കേസ്റ്റിൽ എന്ന കവിതയിൽ കേൾക്കാം.

ജീവിതത്തെപ്പറ്റി ആഴത്തിലുള്ള കാഴ്ച്ചപ്പാടുകൾ നൽകുന്ന കവിതകളാണ് ഗ്ലിക്കിന്റേത്. ലളിതമാണ് ഗ്ലിക്കിന്റെ വരികളെങ്കിലും ജീവിത യാഥാർത്ഥ്യങ്ങളുടെ നേർക്കാഴ്ച്ചയായി നന്മയിലേക്കുള്ള പ്രതീക്ഷയായി ആ കാവ്യലോകം ഒരു തെളിനീരുറവയായി ഒഴുകിക്കൊണ്ടിരിക്കുന്നു.

ലൂയിസ് ഗ്ലിക്കിന്റെ രണ്ടു കവികൾ
വിവർത്തനം: പി എ നൗഷാദ്

പൂന്തോട്ടം
………………………………………
പനിനീർപ്പൂവുകളുടെ ചുവപ്പിൽ ഹർഷോന്മത്തമായി വശ്യതയുടെ ചായം പുരട്ടി ആദരവോടെ പൂന്തോട്ടം കാത്തിരിക്കുന്നു നിങ്ങളെ,
സ്വപ്‌നച്ചിറകുകളിലേറി നിങ്ങളുടെ ആത്മമിത്രങ്ങളെയും കൊണ്ട് നിങ്ങളവിടേക്ക് വരിക, എത്ര മനോഹരമായിട്ടാണ് ‘വിലൊ’ മരങ്ങൾ അവിടെ കളങ്കമില്ലാത്ത ശാന്തമായ കൂടാരങ്ങൾ രൂപപ്പെടുത്തിയതെന്ന് കാണുക, പൂന്തോട്ടത്തിനു ചുറ്റുമുള്ള അലങ്കാരക്കല്ലുകൾക്കില്ലാത്ത സ്പന്ദനങ്ങൾ ചുറുചുറുക്കുള്ള മൃദുലമായ നിങ്ങളുടെ ശരീരത്തിനുള്ളിൽ നിർവ്വചിക്കാൻ കഴിയാത്ത ഉന്നതമായ എന്തോ ഒന്ന് രൂപപ്പെടുന്നത് നിങ്ങളറിയാതെയാണ്, അലങ്കാരക്കല്ലുകൾക്കില്ലാത്ത എന്തോ ഒന്ന്, അത് അനശ്വരതയുടെ സംഗീതം പോലെ ഹൃദയത്തിലൂടെ ….

ആഗ്രഹം
……………..
നീ എന്നോട് ഒരു ആഗ്രഹം പറഞ്ഞ ദിവസം ഓർക്കുന്നോ?
ഞാൻ ഒരുപാട് ആഗ്രഹങ്ങൾ പറയാറുണ്ടല്ലോ.
പൂമ്പാറ്റയെപ്പറ്റി നിന്നോട് കള്ളം പറഞ്ഞ ആ ദിവസം.
നീ എന്താണ് ആഗ്രഹിക്കുന്നത് എന്നോർത്തു ഞാൻ എപ്പോഴും അദ്ഭുതപ്പെടാറുണ്ട്.
ഞാൻ എന്താഗ്രഹിച്ചു എന്നാണ് നീ കരുതുന്നത്?
അറിയില്ല, ഒരു വേള ഞാൻ മടങ്ങി വരണം എന്ന്, അവസാനം നാം ഒരുമിക്കണം എന്ന്…
ഞാൻ എന്നും ആഗ്രഹിക്കാറുള്ളതാണ് അന്നും ആഗ്രഹിച്ചത്.
മറ്റൊരു കവിതയ്ക്കാണ് ഞാൻ ആഗ്രഹിച്ചത്.

 

Spread the love
വടകര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Vatakaranews Live

RELATED NEWS

NEWS ROUND UP