കുഞ്ഞിപ്പള്ളി റെയില്‍വെ മേല്‍പ്പാലം: അപകട സാധ്യതകള്‍ ഒഴിവാക്കണമെന്ന് താലൂക്ക് വികസന സമിതി

By | Saturday January 5th, 2019

SHARE NEWS

 

വടകര : നിര്‍ദ്ദിഷ്ട കുഞ്ഞിപ്പള്ളി റെയില്‍വെ മേല്‍പ്പാലം ഗതാഗതത്തിന് തുറക്കുന്നതിന് മുമ്പ് ദേശീയപാതയില്‍ സിഗ്നല്‍ സംവിധാനം, ജംഗ്ഷന്‍ സ്ഥാപിക്കല്‍, ഹൈമാസ്റ്റ് ലൈറ്റ് എന്നിവ ഒരുക്കി അപകട സാധ്യതകള്‍ ഒഴിവാക്കണമെന്ന് താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു.

നിലവില്‍ ദിശാബോര്‍ഡും ഗതാഗത നിയന്ത്രണ സംവിധാനം മാത്രം ഒരുക്കി മേല്‍പ്പാലം തുറന്ന് കൊടുത്താല്‍ അപകട സാധ്യത ഏറെയാണെന്ന് ജില്ലാ പഞ്ചായത്ത് അംഗം എടി ശ്രീധരന്‍, താലൂക്ക് വികസന സമിതിയംഗം പ്രദീപ് ചോമ്പാല എന്നിവര്‍ പറഞ്ഞു. ദേശീയപാത വികസിപ്പിക്കുമ്പോള്‍ മാത്രം അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയാല്‍ മതിയെന്ന ദേശീയപാത പിഡബ്ല്യുഡി വിഭാഗത്തിന്റെ നീക്കത്തില്‍ യോഗം പ്രതിഷേധം രേഖപ്പെടുത്തി.

താലൂക്കിലെ ആറായിരത്തില്‍പരം വരുന്ന പുതിയ റേഷന്‍ കാര്‍ഡുകള്‍ അടുത്തമാസം വിതരണം നടത്തുമെന്ന് സപ്ലൈ ഓഫീസര്‍ യോഗത്തില്‍ അറിയിച്ചു. റേഷന്‍ കാര്‍ഡിന് അപേക്ഷ കൊടുത്ത ദിവസം തന്നെ അത് ലഭിക്കാനുള്ള സംവിധാനം ഒരുക്കാനുള്ള നടപടികള്‍ തുടങ്ങിയതായും സപ്ലൈ ഓഫീസര്‍ അറിയിച്ചു. റേഷന്‍ കാര്‍ഡ് വിതരണം കാര്യക്ഷമമാണെന്ന് സമിതിയംഗം പി സുരേഷ് ബാബു പറഞ്ഞു.

കോഴിക്കോട്, കുറ്റിയാടി, തൊട്ടില്‍പാലം ബൈരക്കുപ്പ വഴി മൈസൂര്‍ റോഡ് ദേശീയപാതയായി ഉയര്‍ത്തണമെന്ന് യോഗം ആവശ്യപ്പെട്ടു. വടകര നഗരത്തിലെ പുതിയ ട്രാഫിക് പരിഷ്‌കരണം മൂലം ഗതാഗത തടസം രൂക്ഷമായതായി പരാതിയ ഉയര്‍ന്നു. ട്രാഫിക് പരിഷ്‌കരണ സമിതിയില്‍ യോഗത്തില്‍ ജനപ്രതിനിധികള്‍, തൊഴിലാളി സംഘടനകള്‍ എന്നിവയ്ക്ക് പുറമെ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളെ ഉള്‍പ്പെടുത്തണമെന്നും ആവശ്യമുയര്‍ന്നു.

ഇകെ വിജയന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. തഹസില്‍ദാര്‍ ടികെ സതീഷ് കുമാര്‍, വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോട്ടയില്‍ രാധാകൃഷ്ണന്‍, ജില്ലാ പഞ്ചായത്തംഗങ്ങളായ ടികെ രാജന്‍, എടി ശ്രീധരന്‍, തൂണേരി പഞ്ചായത്ത് പ്രസിഡന്റ് വളപ്പില്‍ കുഞ്ഞമ്മദ്, സമിതിയംഗങ്ങളായ പി സുരേഷ് ബാബു, പ്രദീപ് ചോമ്പാല, ടിവി ബാലകൃഷ്ണന്‍, പിഎം അശോകന്‍, പികെ ഹബീബ് സംസാരിച്ചു.

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്