ഒഞ്ചിയത്ത് ആര്‍എംപിയെ നേരിടാന്‍ ടിപി ; പുതു രക്തം ഗുണം ചെയ്‌തെന്ന് സിപിഎം

By news desk | Thursday February 22nd, 2018

SHARE NEWS

വടകര: ടി പിയുടെ രക്തസാക്ഷ്യത്വത്തെ നേരിടാന്‍ മറ്റൊരു ടി പി. ഒഞ്ചിയത്തെ സിപിഎമ്മിനെ നയിക്കുന്ന ടി പി ബിനീഷിന്റെ നേതൃത്വം ഫലപ്രദമാണെന്ന് സിപിഎം നേതൃത്വം. സിപിഎമ്മിനെ സംബന്ധിച്ചെടുത്തോളം ജീവിച്ചിരിക്കുന്ന ടി പി ചന്ദ്രശേഖരനേക്കാള്‍ മുര്‍ച്ചയുള്ളതാണ് ചന്ദ്രശേഖരന്റെ രക്തസാക്ഷ്യം.. 51 വെട്ടിനെ ചൊല്ലി ഒഞ്ചിയത്ത് നിന്ന് രാജ്യ തലസ്ഥാനം വരെ സിപിഎമ്മിന് പഴി കേള്‍ക്കേണ്ടി വന്നു. ഒഞ്ചിയത്ത് യുവ നേതൃത്വം വേണമെന്നുള്ള മുന്‍തീരുമാനം ഗുണം ചെയ്തുവെന്നാണ് സിപിഎം നേതൃത്വം വിലിയിരുത്തുന്നത്.
യുവാക്കളെ ആകര്‍ഷിക്കാനും പാര്‍ട്ടി വിട്ടുപോയവരെ തിരികെ കൊണ്ടു വരാനും പുതിയ നേതൃത്വത്തിന് കഴിഞ്ഞുവെന്നാണ് വിലയിരുത്തല്‍. ഏറ്റവും ഒടുവിലായി ഒഞ്ചിയം മുയിപ്ര മേഖലയില്‍ നിരവധി പ്രവര്‍ത്തകരെ സിപിഎമ്മിലേക്ക് തിരികെ കൊണ്ടു വരാന്‍ കഴിഞ്ഞു. ഒഞ്ചിയത്തെ രാഷ്ട്രീയ സാഹചര്യങ്ങള്‍ പരിശോധിച്ചും ആര്‍എംപിയുടെ പോരായ്മകള്‍ ചൂണ്ടി കാണിച്ചും ടി പി ബിനീഷിന്റെ എഫ് ബി പോസ്റ്റ് സമൂഹ മാധ്യമങ്ങള്‍ വൈറലാകുകയായാണ്.

ഒഞ്ചിയത്ത് സംഭവിക്കുന്നതെന്ത്…? ടി പി ബിനീഷ് പ്രതികരിക്കുന്നു

ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ഒഞ്ചിയത്തും ഓര്‍ക്കാട്ടേരിയിലുമുണ്ടായ സംഘര്‍ഷങ്ങളുടെ കാരണമെന്തെന്ന അന്വേഷണത്തില്‍ പ്രതിക്കൂട്ടിലാവുന്നത് ആര്‍.എം.പി നേതൃത്വമാണ്.2008 ലാണ് ആര്‍.എം.പി രൂപീകരിക്കുന്നത്.വര്‍ഷങ്ങള്‍ പിന്നിടുന്‌പോള്‍ സംഘടനാപരമായും രാഷ്ട്രീയമായും അവര്‍ കൂടുതല്‍ കൂടുതല്‍ ദുര്‍ബ്ബലപ്പെട്ടു.

അന്ധമായ സി.പി.ഐ(എം)വിരുദ്ധ ജ്വരം ആരുമായും കൈകോര്‍ക്കാന്‍ അവരെ പ്രേരിപ്പിക്കുകയും അവരെ തിരിച്ചും രാഷ്ട്രീയമായി സഹായിക്കുന്ന അവസാരവാദ രാഷ്ട്രീയത്തിന് തുടക്കമിടുകയും ചെയ്തു..2010 ലെ ത്രിതല പഞ്ചായത്ത് തെരെഞ്ഞെടുപ്പില്‍ ഒഞ്ചിയം പഞ്ചായത്തില്‍ മുസ്ലീം ലീഗും കോണ്‍ഗ്രസുമായി ചേര്‍ന്നാണ് ഇവര്‍ അധികാരം പങ്കിട്ടെടുത്തത്.1948 ഏപ്രില്‍ 30ന് ഉണ്ടായ വെടിവെപ്പിലും മര്‍ദ്ദനത്തിലും 10 സഖാക്കള്‍ രക്തസാക്ഷിത്വം വരിച്ച രണധീരരുടെ നാടാണ് ഒഞ്ചിയം.രക്തസാക്ഷികളെ സൃഷ്ടിച്ച കോണ്‍ഗ്രസുമായി ചേര്‍ന്ന് ഭരണം പങ്കിട്ടതിലൂടെ എന്ത് നെറികെട്ട നീക്കത്തിനും ഇവര്‍ തയ്യാറാകുമെന്ന് രക്തസാക്ഷി ഗ്രാമത്തിന് ബോധ്യമായി.തുടര്‍ന്ന് 2015ല്‍ നടന്ന ത്രിതല പഞ്ചായത്ത് തെരെഞ്ഞെടുപ്പില്‍ സി.പി.ഐ(എം) ഒഞ്ചിയം പഞ്ചായത്തില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി.2014 ലെ ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ വടകര മണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച എ.എന്‍.ഷംസീര്‍ പരാജയപ്പെട്ടത് നാമമാത്രമായ വോട്ടുകള്‍കാണ്.

2009ല്‍ 21833 വോട്ട് നേടിയ ആര്‍.എം.പിക്ക് 2014 ല്‍ 17229 വോട്ടുകള്‍ മാത്രമേ നേടാന്‍ കഴിഞ്ഞുള്ളൂ.2011ലും2016ലും നടന്ന നിയമസഭാ തെരെഞ്ഞെടുപ്പുകളില്‍ വടകര മണ്ഡലത്തില്‍ എല്‍.ഡി.എഫ് ഉജ്ജ്വലമായ മുന്നേറ്റം നടത്തി.2018 ആവുമ്പോഴേക്കും ആര്‍.എം.പിയുടെ നില കൂടുതല്‍ പരുങ്ങലിലായി.ഇക്കാലയളവില്‍ ആയിരകണക്കിന് പ്രവര്‍ത്തകരാണ് ആര്‍.എം.പി ബന്ധം ഉപേക്ഷിച്ച് സി.പി.ഐ(എം) മായി ചേര്‍ന്ന് സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്.

കൊഴിഞ്ഞ് പോക്ക് ശക്തമായ ഈ സാഹചര്യത്തിലാണ് എളങ്ങോളി,മുയിപ്ര എന്ന ആര്‍.എം.പി ക്രിമിനലുകളുടെ കേന്ദ്രങ്ങളില്‍ വ്യാപകമായ അക്രമങ്ങള്‍ ആരംഭിക്കുന്നതും.

സി.പി.ഐ(എം) ഈ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നത് അവരുടെ ഭീഷണിയെയും,പ്രവര്‍ത്തന സ്വാതന്ത്ര നിഷേധത്തെയും അതിജീവിച്ചാണ്.എളങ്ങോളിയിലെ സി.പി.ഐ(എം)ന്റെ ബ്രാഞ്ച് ഓഫീസായ കേളുഏട്ടന്‍ സ്മാരക മന്ദിരം നിരവധി തവണ ഇവര്‍ അക്രമിച്ചു.ജനലുകളും,വാതിലും കട്ടിലസഹിതം അവര്‍ ഇളക്കികൊണ്ട് പോയത നാല് തവണയാണ്.മുയിപ്രയിലെ ബ്രാഞ്ച് ഓഫീസായ എ.കെ.ജി സ്മാരക മന്ദിരം അക്രമിച്ച് അവിടെയുള്ള ഗ്രന്ഥാലയത്തിലെ പുസ്തകങ്ങള്‍ മുഴുവന്‍ അടുത്തവീട്ടിലെ കിണറ്റില്‍ നിക്ഷേപിച്ചു.പുത്തൂര്‍ താഴകുനി കുമാരന്‍ എന്ന പാര്‍ടി പ്രവര്‍ത്തകന്റെ വീട്ടിലെ കിണറില്‍ മലം കലര്‍ത്തി.നൂറ് കണക്കിന് സി.പി.ഐ(എം) പ്രവര്‍ത്തകരാണ് ഈ ഭാഗങ്ങളില്‍ അക്രമിക്കപ്പെട്ടത്.ഇതില്‍ മൂന്നും നാലും തവണ അക്രമിക്കപ്പട്ടവരുമുണ്ട്.ഓര്‍ക്കാട്ടരി ലോക്കല്‍ സെക്രട്ടറി എന്‍.ബാലകൃഷ്ണന്‍ ഉള്‍പ്പെടെയുള്ള നിരവധി പ്രവര്‍ത്തകരുടെ വീടുകള്‍ അഗ്‌നിക്കിരയാക്കി…..

കഴിഞ്ഞദിവസങ്ങളില്‍ ഉണ്ടായ സംഘര്‍ഷങ്ങളുടെ തുടക്കം എവിടെ നിന്നാണെന്ന് ഈ ഘട്ടത്തില്‍ പരിശോധിക്കേണ്ടതുണ്ട്.എടച്ചേരി പോലീസ് രജിസ്റ്റര്‍ ചെയ്ത ക്രൈം നമ്പര്‍ 2/18 എന്ന കേസ് സി.പി.ഐ(എം) പ്രവര്‍ത്തകനായ അതുലിനെ നിഖില്‍രാജ് എന്ന ആര്‍.എം.പി പ്രവര്‍ത്തകന്‍ വധിക്കാന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ടാണ്.ഈ കേസില്‍ നിഖില്‍രാജ് റിമാന്റിലാവുകയും ചെയ്തിട്ടുണ്ട്.ഈ വര്‍ഷം എടച്ചേരി പോലീസ് രജിസ്റ്റര്‍ ചെയ്ത രണ്ടാമത്തെ കേസ് ആര്‍.എം.പി പ്രവര്‍ത്തകനെതിരായിട്ടാണ്.ആരാണ് ഈ ഭാഗങ്ങളില്‍ അക്രമത്തിന് നേതൃത്വം നല്‍കുന്നതെന്തിന് ഇതില്‍പ്പരം തെളിവെന്തിന്?.
നേരത്തേ പറഞ്ഞ എളങ്ങോളിയിലെ പാര്‍ടി ഓഫീസില്‍ ഇരിക്കുകയായിരുന്ന അതുലിനെ ഓഫീസില്‍ അതിക്രമിച്ച് കയറിയാണ് മാരകായുധങ്ങള്‍ ഉപയോഗിച്ച് വധിക്കാന്‍ ശ്രമിച്ചത്.മര്‍ദ്ദനമേറ്റ അതുല്‍ നേരത്തെ ആര്‍.എം.പി പ്രവര്‍ത്തകനായിരുന്നു.ആര്‍.എം.പി ബന്ധമുപേക്ഷിച്ചതാണ് അക്രമത്തിന് പ്രേരണയായത്.വര്‍ഷാരംഭത്തില്‍ നടന്ന ഈ ആക്രമണത്തിലൂടെ ഓര്‍ക്കാട്ടേരി മേഖലയില്‍ സംഘര്‍ഷങ്ങള്‍ക്ക് തുടക്കം കുറിക്കുകയായിരുന്നു അവര്‍.

ജനുവരി 25ാം തിയ്യതി മുയിപ്രയില്‍ വെച്ച് സി.പി.ഐ(എം) പ്രവര്‍ത്തകനായ ഷിജിലിനെ ആര്‍.എം.പി പ്രവര്‍ത്തകനായ വിപിന്‍ലാല്‍ അക്രമിക്കുകയുണ്ടായി.ഈ സംഭവുമായി ബന്ധപ്പെട്ട് ക്രൈം നന്പര്‍ 27/18 എന്ന കേസ് എടച്ചേരി പോലീസ് രജിസ്റ്റര്‍ ചെയ്തു.ഒരു മാസത്തിനുള്ളില്‍ രണ്ട് തവണയാണ് ഈ ഭാഗങ്ങളില്‍ സി.പി.ഐ(എം) പ്രവര്‍ത്തകര്‍ക്ക് നേരെ ഏകപക്ഷീയമായ ആക്രമണങ്ങളുണ്ടാവുന്നത്.
ഓര്‍ക്കാട്ടേരി ചന്ത വളരെ പ്രസിദ്ധമാണ്.ഓരോ ദിവസവും ആയിരകണക്കിനാളുകളാണ് ചന്ത കാണാന്‍ ഓര്‍ക്കാട്ടേരിയിലെത്തുന്നത്.ചന്ത കാണാനെത്തിയ സി.പി.ഐ(എം) പ്രവര്‍ത്തകര്‍ക്ക് നേരെ ഇവര്‍ നടത്തിയ ആക്രമണത്തില്‍ നിരവധിയാളുകള്‍ക്ക് പരിക്കേറ്റു.തുടര്‍ന്ന് മണ്ടോടി കണ്ണന്റെ നാമധേയത്തിലുള്ള ഓര്‍ക്കാട്ടേരി ലോക്കല്‍ കമ്മറ്റി ഓഫീസിന് നേരെയും ഇവര്‍ ആക്രമണം നടത്തി.
ക്രൈം നന്പര്‍ 40/18,41/18,44/18,45/18 എന്നീ കേസുകള്‍ ഈ സംഭവത്തെ തുടര്‍ന്ന് ആര്‍.എം.പി പ്രവര്‍ത്തകരുടെ പേരിലെടുത്ത കേസുകളാണ്.

ഈ സംഭവങ്ങളുടെ തുടര്‍ച്ചയാണ് ഫിബ്രവരി 11 എളങ്ങോളിയിലെ കൊല്ലനാണ്ടിതാഴകുനി അനി എന്ന സി.പി.ഐ(എം) പ്രവര്‍ത്തകനെ ക്ഷണിക്കപ്പെട്ട ഒരു ഗൃഹപ്രവേശന ചടങ്ങില്‍ വെച്ച് അപമാനിക്കുകയും ഭക്ഷണം കഴിക്കാന്‍ അനുവദിക്കാതെ തിരിച്ചയക്കുകയും ചെയ്യുന്നത്.ഈ സംഭവത്തിന് ശേഷം പിന്തുടര്‍ന്നെത്തിയ ക്രിമിനല്‍ സംഘം അനിയുടെ വീട്ടില്‍ അതിക്രമിച്ച് കടന്ന് അനിയെ അക്രമിച്ചത്.തടയാനെത്തിയ അനിയുടെ സഹോദരി സിന്ധുവിനെയും ക്രൂരമായാണിവര്‍ മര്‍ദ്ദിച്ചത്.മര്‍ദ്ദനമേറ്റ അനിയും നേരത്തേ ആര്‍.എം.പി പ്രവര്‍ത്തകനായിരുന്നു.സി.പി.ഐ(എം) പ്രവര്‍ത്തകര്‍ നിരന്തരമായ അക്രമണങ്ങള്‍ക്ക് വിധേയമാവുന്ന ഇവിടെ നടന്ന ഈ സംഭവം വലിയ പ്രതിഷേധത്തിനിടയാക്കി.

അന്ന് രാത്രിയിലാണ് ഓര്‍ക്കാട്ടേരി ടൗണില്‍ വെച്ച് ഡി.വൈ.എഫ്.ഐ കുന്നുമ്മക്കര മേഖലാ സെക്രട്ടറി ബ്രിജിത്ത് ബാബുവിനും ട്രഷറര്‍ നിഷാദിനെയും മറ്റ് സഖാക്കളെയും ആര്‍.എം.പി നേതാക്കളടങ്ങിയ ക്രിമിനല്‍ സംഘം വെട്ടി പരിക്കേല്‍പ്പിക്കുന്നത്.ബഹളം കേട്ട് ആളുകള്‍ ഓടിയെത്തുന്‌പൊഴേക്കും ഈ ക്രിമിനല്‍ സംഘം ചിതറിയോടുകയും അതിലൊരു സംഘം ഓര്‍ക്കാട്ടേരിയില്‍ സഥിതി ചെയ്യുന്ന ആര്‍.എം.പി ഏരിയാ കമ്മറ്റി ഓഫീസിലേക്ക് ഓടിയൊളിച്ചു.ബ്രിജിത്ത് ബാബുവിനെയും മറ്റ് വെട്ടിയതിന്‌ശേഷം ക്രിമിനലുകള്‍ കയറിയൊളിച്ച ഈ ഓഫീസ് പോലീസെത്തിയാണ് ബലം പ്രയോഗിച്ച് തുറന്നത്.സംസ്ഥാന നേതാവ് ഉള്‍പ്പെട്ട ക്രിമിനല്‍ സംഘത്തെ ആയുധസഹിതം പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.ആയുധസഹിതം നേതാക്കള്‍ ഉള്‍പ്പെടുന്ന ക്രിമിനല്‍ സംഘം പോലീസ് കസ്റ്റഡിയിലായ സംഭവം പൊതുസമൂഹത്തിന് മുന്നില്‍ അവരുടെ യഥാര്‍ത്ഥ മുഖം അനാവരണം ചെയ്യപ്പെട്ടു..

വ്യക്തിപരമായ അധിക്ഷേപങ്ങള്‍ ആരുടെ ഭാഗത്ത് നിന്നുണ്ടായാലും അംഗീകരിക്കാന്‍ കഴിയുന്നതല്ല. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ നമ്മുടെ ജനാധിപത്യ സംസ്‌കാരത്തെ വികലമാക്കും.അത് കെ.കെ.രമക്കെതിരെ മാത്രമല്ല ആര്‍ക്കെതിരെയും ഉണ്ടാകാന്‍ പാടില്ലാത്തതാണ്.
രമ എന്ന വ്യക്തിക്കെതിരായല്ല അവരുടെ രാഷ്ട്രീയ നിലപാടിനോടാണ് ഞങ്ങള്‍ വിയോജിപ്പ് രേഖപ്പെടുത്തുന്നത്…
ആയുധങ്ങള്‍ സഹിതം നേതാക്കളെ പിടികൂടിയ സംഭവത്തിന് ശേഷം പ്രതിരോധത്തിലായ ആര്‍.എം.പി യെ രക്ഷിക്കാന്‍ യു.ഡി.എഫ് നേതൃത്വം അരയും തലയും മുറുക്കി ഒഞ്ചിയത്തെത്തി.
ഓഖി ദുരന്തമുണ്ടായപ്പോള്‍ മണ്ഡലത്തിലെ ജനങ്ങളെ തിരിഞ്ഞു പോലും നോക്കാത്ത വടകര എം.പി മുല്ലപ്പള്ളി ആര്‍.എം.പി നേതാക്കളെ പോലീസ് പിടികൂടിയെന്നറിഞ്ഞപ്പോള്‍ പറന്നാണെത്തിയത്(ഉദ്ദിഷ്ട കാര്യത്തിന് ഉപകാര സ്മരണ എന്നാണല്ലോ?) യു.ഡി.എഫുമായി ചേര്‍ന്ന് നടത്തിയ പ്രചരണം പക്ഷേ ഒഞ്ചിയത്ത് കാര്യമായേറ്റില്ല.
അതുകൊണ്ട് പ്രതിഷേധപരിപാടികള്‍ ഡല്‍ഹിയിലേക്ക് മാറ്റാന്‍ തീരുമാനിച്ചതായാണ് വിവരം.
ഇവരുടെ ഈ പൊറാട്ട് നാടകത്തിന് മറുപടിയെന്നോണമാണ് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ മുയിപ്രയില്‍ നിന്നും ആദിയൂരില്‍ നിന്നും നിരവധി ആര്‍.എം.പി,ബി.ജെ.പി പ്രവര്‍ത്തകര്‍ സി.പി.ഐ(എം) ലേക്കെത്തിയത്.
ഇവരുടെ രാഷ്ട്രീയ പാപ്പരത്തിലും നേതൃത്വത്തിന്റെ വലതുപക്ഷ ബാന്ധവത്തിലും പ്രതിഷേധിച്ച് അണികളുടെ കൊഴിഞ്ഞ് പോക്ക് ശക്തമായഈ സാഹചര്യത്തില്‍
ഡല്‍ഹിയിലെ സമരം തീരുന്‌പോഴേക്കും ഒരുപാട് പേര്‍ ഇനിയും മടങ്ങിയെത്താനാണ് സാധ്യത.ഒഞ്ചിയമെന്ന രക്തസാക്ഷി ഗ്രാമം ഇവരുടെ അവസരവാദ രാഷ്ട്രീയത്തിനും അക്രമങ്ങള്‍ക്കുമെതിരെ നെഞ്ചൂക്ക് കൊണ്ട് പടച്ചട്ടയണിയുകയാണ്.

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
Loading...