പാറക്കല്‍ അബ്ദുള്ളക്കെതിരായ സിപിഎം നീക്കം ; പ്രതിഷേധവുമായി ആര്‍എംപിഐ

By news desk | Wednesday March 14th, 2018

SHARE NEWS

വടകര: പാറക്കല്‍ അബ്ദുള്ള എം.എല്‍.എക്കെതിരെ സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെ നടത്തി കൊണ്ടിരിക്കുന്ന കള്ള പ്രചാരണം പ്രതിഷേധാര്‍ഹമാണെന്ന് ആര്‍.എം.പി.ഐ കോഴിക്കോട് ജില്ലാ കമ്മറ്റി പ്രസ്താവനയില്‍ വ്യക്തമാക്കി.

ഓര്‍ക്കാട്ടേരി,ഒഞ്ചിയം മേഖലകളിലും വടകര താലൂക്കിന്റെ വിവിധ ഭാഗങ്ങളിലും കഴിഞ്ഞ ദിവസങ്ങളില്‍ ആര്‍.എം.പി.ഐ പ്രവര്‍ത്തകര്‍ക്കും, വീടുകള്‍ക്കും, കച്ചവട സ്ഥാപനങ്ങള്‍ക്കും വാഹനങ്ങള്‍ക്കും നേരെ സി.പി.എം ക്രിമിനല്‍ സംഘം നടത്തിയ ആക്രമണങ്ങള്‍ ഏതൊരു മനുഷ്യ സ്‌നേഹിയുടെയും കരളലിയിപ്പിക്കുന്നതാണ്.

പരിക്കുപറ്റിയ ആളുകളെ ആശുപത്രിക്കകത്ത് വെച്ച് മര്‍ദ്ദിക്കുകയും, കത്തുന്ന വീടുകള്‍,കടകള്‍, വാഹനങ്ങള്‍ എന്നിവയുടെ തീയണക്കാന്‍ വന്ന ഫയര്‍ഫോഴ്‌സ് വാഹനം തടഞ്ഞുവെച്ചും തൊഴിലിടങ്ങളില്‍ ആക്രമണം നടത്തി ഭീകരത സൃഷ്ടിക്കുകയും ചെയ്ത സിപിഎം ക്രിമിനല്‍ ഫാസിസത്തെ എം.എല്‍.എ എന്ന നിലയില്‍ നിയമസഭയില്‍ തുറന്ന് കാട്ടിക്കൊണ്ട് ജനപ്രതിനിധിയുടെ ഉത്തരവാദിത്വം നിറവേറ്റുകയാണ് പാറക്കല്‍ ചെയ്തത്.

എം.എല്‍.എ യുടെ വിവേചന അധികാരം സി.പി.എം ഫാസിസത്തിനു മുമ്പില്‍ അടിയറ വെക്കാന്‍ അനുവദിക്കാന്‍ കഴിയുകയില്ല. പാറക്കലിന്റെ ചോദ്യത്തിനു മറുപടിയാന്‍ തയ്യാറാകാതിരുന്ന മുഖ്യമന്ത്രി അദ്ദേഹത്തെ കടന്നാക്രമിക്കുകയായിരുന്നു നിയമസഭയില്‍ ചെയ്തത്. തുടര്‍ന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയും, ജില്ലാ കമ്മറ്റിയും എം.എല്‍.ക്കെതിരായ കടന്നാക്രമണം തുടരുകയാണ്.

സിപിഎം സിറ്റിംഗ് സീറ്റായ കുറ്റ്യാടിയില്‍ അട്ടിമറി വിജയം നേടിയതു മുതല്‍ പാറക്കലിനെ സിപിഎം വേട്ടയാടുകയാണ്. എല്ലാ ജനധിപത്യ വിശ്വാസികളും എംഎല്‍എക്കെതിരായ നീക്കത്തിനെതിരെ രംഗത്ത് വരണമെന്ന് ആര്‍.എം.പി.ഐ ജില്ലാ കമ്മറ്റി പത്രക്കുറിപ്പില്‍ വ്യക്തമാക്കി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്