വടകര സാന്‍ഡ് ബാങ്ക്‌സില്‍ കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി

By | Saturday May 21st, 2016

SHARE NEWS

aവടകര:വടകര സാന്‍ഡ് ബാങ്ക്‌സില്‍ കൂട്ടുകാരനൊപ്പം കുളിക്കുന്നതിനിടയില്‍ കാണാതായ വീശലീക്കാരവിട മുഹമ്മദ് ഷാഫി (22)യുടെ  മൃതദേഹം കണ്ടെത്തി.  പന്ത്രണ്ട് മണിക്കൂര്‍ നേരത്തെ രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ ഇന്ന് പുലര്‍ച്ചെയാണ് മൃതദേഹം കണ്ടെത്തിയത്.

വെള്ളിയാഴ്ച വൈകിട്ട് ആറുമണിയോടെയായിരുന്നു  സംഭവം. പുലിമുട്ടിന്റെ അറ്റത്തുനിന്ന് കടലിലേക്ക് കുളിക്കാനായി മുഹമ്മദ്‌ ഷാഫിയും സുഹൃത്ത് അസീബും കടലിലേക്ക്‌ എടുത്തുചാടുകയായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട ലൈഫ് ഗാര്‍ഡ് ഇവരെ വിലക്കിയിരുന്നു. പിന്നീട് കരയ്ക്കുകയറിയെങ്കിലും വീണ്ടും കടലിലേക്കിറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്.  ഉടന്‍തന്നെ ലൈഫ് ഗാര്‍ഡ് പ്രജിത്തും കൂടെ ഉണ്ടായിരുന്ന മറ്റൊരു യുവാവും കൂടി അസീബിനെ രക്ഷിച്ച് കരക്ക്‌ കയറ്റി. തുടര്‍ന്നാണ്‌ മുഹമ്മദ്‌ ഷാഫിയെ  കാണാതായ വിവരം അറിയുന്നത്. ഉടന്‍തന്നെ ലൈഫ് ഗാര്‍ഡും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ നടത്തിയെങ്കിലും ഷാഫിയെ കണ്ടെത്താനായില്ല. വടകരയില്‍ നിന്നെത്തിയ അഗ്നിശമന സേനയും മത്സ്യത്തൊഴിലാളികളും ഏറെ നേരം തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. രാത്രിയായതോടെ തിരച്ചിലിന് തടസ്സവും നേരിട്ടു. നല്ല അടിയൊഴുക്ക് ഉള്ളതും തിരച്ചില്‍ ദുഷ്‌കരമാക്കി.

നിരവധി വിനോദ സഞ്ചാരികള്‍ എത്തുന്ന സാന്‍ഡ് ബാങ്ക്‌സില്‍ നിലവില്‍ ഒരു ലൈഫ് ഗാര്‍ഡ് മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും മുന്‍പും ഇത്തരത്തില്‍ നിരവധി അപകടങ്ങള്‍ ഉണ്ടായതായും നാട്ടുകാര്‍ ആരോപിച്ചു. പ്രാഥമിക സൗകര്യക്കുറവാണ് കൂടുതല്‍ ലൈഫ് ഗാര്‍ഡുമാരെ  നിയോഗിക്കാത്തതിന് ഒരു പ്രധാന കാരണം. ഒരു അപകടം ഉണ്ടാകുമ്പോള്‍ മാത്രം സുരക്ഷ ഒരുക്കുന്നതിന് പകരം അപകടം ഉണ്ടാകാതിരിക്കാനുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ മുന്‍കൂട്ടി കൈക്കൊണ്ടിരുന്നെങ്കില്‍ നിരവധി ജീവനെ അപകടത്തില്‍ നിന്നും രക്ഷിക്കാമായിരുന്നു. അതേസമയം ജീവന്‍ രക്ഷാ ദൗത്യത്തിന് ആവശ്യമായ ഉപകരണങ്ങളും ഇപ്പോള്‍ സാന്‍ബാങ്ക്‌സില്‍ ഇല്ലെന്ന് ലൈഫ് ഗാര്‍ഡ് പ്രജിത്ത് പറഞ്ഞു. നിലവിലുള്ള ബോയ അടക്കമുള്ള ഉപകരണങ്ങള്‍ ഉപയോഗ ശൂന്യമായിരിക്കുന്നു.  പലപ്പോഴും ജീവന്‍ പണയം വെച്ചാണ് കടലില്‍ ഇറങ്ങുന്നതെന്നും പ്രജിത്ത് പറഞ്ഞു. സാന്റ്ബാങ്ക്‌സിലെത്തുന്നവര്‍ ലൈഫ്ഗാര്‍ഡിന്റെ വിലക്കുകളൊന്നും വകവെക്കാറില്ല. വളരെ നീളമുള്ള കടല്‍തീരത്ത് എല്ലായിടത്തും എത്തിച്ചരുകയും എളുപ്പമല്ലെന്നും തന്നോടൊപ്പം നേരത്തെയുണ്ടായിരുന്നയാള്‍ മറ്റൊരു ജോലി കിട്ടി പോയപ്പോള്‍ പകരം ആളെ നിയമിക്കാന്‍ അധികൃതര്‍ തയ്യാറായില്ല. ഇതിനാല്‍ തന്നെ രണ്ട് പേരുടെ ജോലി ചെയ്യേണ്ട സ്ഥിതിയിലാണെന്നും പ്രജിത്ത് പറഞ്ഞു.

 

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
Loading...