സര്‍ഗാലയിലേക്ക് പോകാം : ടൂറിസം ഭൂപടത്തില്‍ ഇടം തേടി ക്രാഫ്റ്റ് വില്ലേജ്

By | Thursday December 26th, 2019

SHARE NEWS

വടകര : മികവിന്റെ വിസ്മയക്കാഴ്ചയുമായി എട്ടാമത് സര്‍ഗാലയ രാജ്യാന്തര കരകൗശല മേളയ്ക്ക് കോഴിക്കോട് ഇരിങ്ങല്‍ ക്രാഫ്റ്റ് വില്ലേജില്‍ മികച്ച തുടക്കം.

പ്രളയക്കെടുതിയില്‍പ്പെട്ട ടൂറിസം േമഖലയ്ക്ക് പുത്തനുണര്‍വ് നല്‍കുകയാണ് മേളയുടെ പ്രധാന ലക്ഷ്യം. നാല് വിദേശരാജ്യങ്ങളില്‍ നിന്നുള്‍പ്പെടെ അഞ്ഞൂറിലധികം കലാകാരന്‍മാര്‍ മേളയില്‍ പങ്കെടുക്കുന്നുണ്ട്.

ഭൂട്ടാന്‍, നേപ്പാള്‍, ഉസ്ബക്കിസ്ഥാന്‍, ഉഗാണ്ട എന്നീ രാജ്യങ്ങളിലെ കരകൗശല വിദഗ്ധരുടെ പങ്കാളിത്തമാണ് പ്രത്യേകത. ഇന്ത്യയിലെ ഇരുപത്തി ഒന്ന് സംസ്ഥാനങ്ങളിലെ അഞ്ഞൂറിലധികം കലാകാരന്‍മാരുടെയും മികവാര്‍ന്ന കരവിരുതും മേളയുടെ ഭാഗമാണ്. ബാഗ്, തുണിത്തരങ്ങള്‍, അയണ്‍ ക്രാഫ്റ്റ്, ഹോണ്‍ ക്രാഫ്റ്റ്, പേപ്പര്‍ മാഷെ, മിഥില പെയിന്റിങ് തുടങ്ങിയവയ്‌ക്കൊപ്പം വിവിധ ആഭരണങ്ങളും അലങ്കാര വസ്തുക്കളും സഞ്ചാരികളെ ആകര്‍ഷിക്കുന്നുണ്ട്.

കൂടുതല്‍ സഞ്ചാരികളെ മേളയിലേക്കെത്തിക്കുകയാണ് വിദേശീയരായ കലാകാരന്‍മാരെ ഉള്‍പ്പെടുത്തിയിരിക്കുന്നതിന്റെ ലക്ഷ്യം. പ്രളയക്കെടുതിയില്‍ തകര്‍ന്ന വിനോദസഞ്ചാരമേഖലയുടെ പുത്തനുണര്‍വിന് മേള സഹായിക്കുമെന്നാണ് പ്രതീക്ഷ.

ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതിനൊപ്പം അവയുടെ നിര്‍മാണ കൗതുകവും ചോദിച്ചറിയാനുള്ള അവസരവുമുണ്ട്. കൈത്തറി, തുകല്‍ ഉല്‍പ്പന്നങ്ങള്‍ പൂര്‍ണമായും ചെറുകിട സഹകരണ സംഘങ്ങളുടെ നേതൃത്വത്തില്‍ പുറത്തിറക്കുന്നവയാണ്. മേളയുടെ മുഴുവന്‍ ദിവസവും ആകര്‍ഷകമായ കലാപരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. ജനുവരി ഏഴ് വരെയാണ് പ്രദര്‍ശനം.

സര്‍ഗാലയ ചരിത്ര പശ്ചാത്തലം

സാമൂതിരിയുടെ പടനായകന്‍ കുഞ്ഞാലിമരയ്ക്കാരുടെ ധീര ചരിത്രമുറങ്ങുന്ന കടത്തനാടന്‍ മണ്ണാണ് ഇരിങ്ങല്‍. പടക്കപ്പലുകളെ നിരീക്ഷിക്കാന്‍ മരയ്ക്കാര്‍ കയറി നിന്ന പാറയുടെ അവശേഷിപ്പുണ്ടിവിടെ. അതിനു ചുറ്റിലുമുള്ള ഇരുപതേക്കര്‍ ഇപ്പോള്‍ വിനോദസഞ്ചാരികളുടെ ഇഷ്ട ഇടമാണ്.

പ്രകൃതിഭംഗിക്കൊപ്പം കരവിരുതിന്റെ വിസ്മയങ്ങള്‍ സമ്മേളിക്കുന്ന സര്‍ഗാലയ ആര്‍ട്‌സ് ആന്‍ഡ് ക്രാഫ്റ്റ് വില്ലേജ്. ഇന്ത്യയുടെ ടൂറിസം ഭൂപടത്തില്‍ കേരളത്തിന്റെ യശസുയര്‍ത്തി മുന്നേറുന്ന സംരംഭം.
2011 ഫെബ്രുവരിയിലാണ് കേരളത്തിലെ ആദ്യ കരകൗശലഗ്രാമമായ സര്‍ഗാലയയുടെ പിറവി. സംസ്ഥാന ടൂറിസം വകുപ്പിന്റെ സംരംഭങ്ങളിലൊന്നാണിത്. സഹകരണമേഖലയിലെ മാതൃകാ സ്ഥാപനമായ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ – ഓപ്പറേറ്റീവ് സൊസൈറ്റിയാണ് വേറിട്ട ആശയം പ്രായോഗികമാക്കിയതും പ്രഫഷണല്‍ മികവോടെ മുന്നോട്ടുകൊണ്ടുപോകുന്നതും.

പരമ്പരാഗത കരകൗശല വിദഗ്ധര്‍ക്കു പരിശീലനവും പ്രോത്സാഹനവും നല്‍കുകയും അവര്‍ക്ക് ആധുനിക സംവിധാനങ്ങള്‍ പരിചയപ്പെടുത്തുകയും ചെയ്യുകയാണ് സര്‍ഗാലയ ഏറ്റെടുത്തിരിക്കുന്ന പ്രധാന ദൗത്യം. കരകൗശലമേഖലയുടെ ടൂറിസം സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്നതില്‍ വന്‍ കുതിപ്പാണു ചുരുങ്ങിയ വര്‍ഷം കൊണ്ട് സര്‍ഗാലയ കൈവരിച്ചതെന്ന് വര്‍ധിച്ചുവരുന്ന സന്ദര്‍ശകരുടെ എണ്ണം സാക്ഷ്യപ്പെടുത്തുന്നു.

ക്രാഫ്റ്റ് വില്ലേജിന്റെ ഏറ്റവും വലിയ പ്രത്യേകത വിവിധ കരകൗശല ഉത്പന്നങ്ങളുടെ നിര്‍മാണം തത്സമയം കാണാം എന്നതാണ്. മുപ്പതിലേറെ സ്ഥിരം സ്റ്റാളുകളുണ്ടിവിടെ. പെയിന്റിംഗുകള്‍, കളിമണ്‍ പാത്രങ്ങള്‍, ചൂരല്‍ ഉത്പന്നങ്ങള്‍, ആഭരണങ്ങള്‍, ഗൃഹാലങ്കാര സാമഗ്രികള്‍, ഫര്‍ണിച്ചറുകള്‍ എന്നിവയുടെയെല്ലാം പിറവിയെടുക്കുന്നത് സന്ദര്‍ശകര്‍ക്കു മുന്നിലാണ്.

ഉല്ലാസയാത്രാ സംഘങ്ങള്‍ക്ക് സര്‍ഗാലയ ഹൃദ്യമായ അനുഭവമാകും. ഒരു ദിവസം മുഴുവന്‍ രസകരമായി ചെലവിടാവുന്ന ഇടമാണിത്. കരകൗശല സ്റ്റാളുകള്‍ക്ക് പുറമേ പെഡല്‍ ബോട്ടിംഗ്, അക്വേറിയം തുടങ്ങി നിരവധി സൗകര്യങ്ങള്‍ സന്ദര്‍ശകര്‍ക്കായി ഒരുക്കിയിട്ടുണ്ട്. സര്‍ഗാലയയോടു ചേര്‍ന്നുള്ള മൂരാട് പുഴയാണ് മറ്റൊരു ഹൈലൈറ്റ്. ഇവിടെ മോട്ടോര്‍ബോട്ടിംഗ് സൗകര്യം ലഭ്യമാണ്. നാടന്‍ ഭക്ഷണം ലഭിക്കുന്ന കഫ്റ്റീരിയ, ഏതു തരം ചടങ്ങിനും യോജിച്ച ഓഡിറ്റോറിയങ്ങള്‍, അതിവിശാലമായ പാര്‍ക്കിംഗ് സൗകര്യം തുടങ്ങിയവ സര്‍ഗാലയയെ മികച്ച റിസപ്ഷന്‍ സെന്ററാക്കി മാറ്റുന്നു.

ഇന്ത്യയിലെ ഏറ്റവും മികച്ച ഗ്രാമീണ വിനോദസഞ്ചാര പദ്ധതിക്കുള്ള കേന്ദ്രസര്‍ക്കാരിന്റെ പുരസ്‌കാരം സര്‍ഗാലയയ്ക്ക് ലഭിച്ചിട്ടുണ്ട്. വേള്‍ഡ് ക്രാഫ്റ്റ് കൗണ്‍സിലിന്റെ മികച്ച കരകൗശല ഉത്പന്നത്തിനുള്ള പുരസ്‌കാരം സര്‍ഗാലയയിലെ സ്ഥിരം കരകൗശലവിദഗ്ധനായ എന്‍.സി. അയ്യപ്പനെ തേടിയെത്തി. ടൂറിസംരംഗത്ത് സമഗ്രസംഭാവനനല്‍കി ആഗോളമാതൃക സൃഷ്ടിച്ചതിനു കേരള ടൂറിസംവകുപ്പിന്റെ പ്രത്യേകബഹുമതിയും സര്‍ഗാലയ സ്വന്തമാക്കി. ഏറ്റവും മികച്ച വിനോദസഞ്ചാരകേന്ദ്രത്തിനുള്ള ടൂറിസംവകുപ്പിന്റെ അവാര്‍ഡ് അടുത്തിടെയാണ് സര്‍ഗാലയ അധികൃതര്‍ ഏറ്റുവാങ്ങിയത്.

കോഴിക്കോട് – കണ്ണൂര്‍ റൂട്ടില്‍ പയ്യോളിക്കും വടകരയ്ക്കും ഇടയിലാണ് ഇരിങ്ങല്‍. വടകരയാണ് സമീപത്തെ പ്രധാന റെയില്‍വേ സ്റ്റേഷന്‍.

കോഴിക്കോട് നഗരത്തിലേക്ക് സര്‍ഗാലയയില്‍ നിന്ന് 40 കിലോമീറ്ററാണ് ദൂരം. നഗരത്തിലെത്തിയാല്‍ മിഠായിത്തെരുവും മാനാഞ്ചിറ സ്‌ക്വയറും ബീച്ചുമൊക്കെ സന്ദര്‍ശിക്കാം. കാപ്പാട് ബീച്ചിലെത്താന്‍ 30 കിലോമീറ്റര്‍ യാത്ര മതി. സര്‍ഗാലയയ്ക്കു തൊട്ടടുത്താണ് കുഞ്ഞാലി മരയ്ക്കാര്‍ മ്യൂസിയം. പ്രസിദ്ധമായ വടകര ലോകനാര്‍കാവ് ക്ഷേത്രത്തിലേക്ക് ഒമ്പത് കിലോമീറ്റര്‍ ദൂരമേയുള്ളൂ. മാഹി (18കി.മീ) തലശേരി കോട്ട (27 കി.മീ) മുഴുപ്പിലങ്ങാട് ഡ്രൈവ് ഇന്‍ ബീച്ച് (36 കി.മീ) എന്നിങ്ങനെയാണ് സമീപ ടൂറിസം സ്‌പോട്ടുകളിലേക്കുള്ള ദൂരം.

മുതിര്‍ന്നവര്‍ക്ക് 30രൂപയും 15വയസില്‍ താഴെയുള്ള വിദ്യാര്‍ഥികള്‍ക്ക് ഇരുപതു രൂപയുമാണ് സര്‍ഗാലയയിലെ പ്രവേശന നിരക്ക്. സ്‌കൂള്‍ വിനോദയാത്രാ സംഘങ്ങള്‍ക്ക് പ്രത്യേക പാക്കേജ് ലഭ്യമാണ്. രാവിലെ പത്തുമുതല്‍ വൈകുന്നേരം ആറു വരെയാണ് പ്രവര്‍ത്തന സമയം. തിങ്കളാഴ്ച അവധിയാണ്. എന്നാല്‍ പൊതുഅവധിദിനങ്ങളായ തിങ്കളാഴ്ചകളില്‍ സര്‍ഗാലയ പ്രവര്‍ത്തിക്കും. ഫോണ്‍– 944630 4222, 0496 260 6015.

വലയ സൂര്യഗ്രഹണം കാണാന്‍ വടകരയിലും ആള്‍ക്കൂട്ടം …………..

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്