കൈക്കോട്ടും കണ്ടിട്ടുണ്ട് കൈയ്യില്‍ തഴമ്പുമുണ്ട് അഴിയൂരിലെ നിയമ വിദ്യാര്‍ത്ഥിനി തൊഴിലുറപ്പ് പദ്ധതിയില്‍

By news desk | Thursday August 20th, 2020

SHARE NEWS

വടകര: ആഹാ ആഹാ ആ ആ …ആഹാ ആഹാ ആ ആ കൈക്കോട്ടും കണ്ടിട്ടില്ല കൈയ്യില്‍ തഴമ്പുമില്ല ….. എന്ന് തുടങ്ങുന്ന സിനിമാ ഗാനം മണ്ണിലിറങ്ങി പണിയെടുക്കാനുള്ള യുവജനങ്ങളുടെ വിമുഖതയായിരുന്ന ചിത്രീകരിച്ചിരിക്കുന്നത്. എന്നാല്‍ ഇന്ന് ഗാനം തിരുത്തി ഏഴുതേണ്ട് അവസ്ഥയിലാണ്.

കോവിഡ് കാലത്ത് തൊഴിലുറപ്പ് പദ്ധതിയിലേക്ക് കടന്ന് വരുന്ന ഉന്നത ബിരുദധാരികളുടെ എണ്ണം വര്‍ദ്ധിക്കുന്നു. പഠനം കഴിഞ്ഞവരും പഠനം തുടരുന്നവരുമായി നിരവധി പേരാണ് തൊഴിലുറപ്പ് പദ്ധതിയില്‍ രജിസ്ട്രര്‍ ചെയ്യുന്നത്. രക്ഷിതാക്കളുടെ വരുമാനം കുറയുന്നതും പഠനത്തിനും മറ്റ് ആവശ്യങ്ങള്‍ക്കും പണം കണ്ടെത്താന്‍ പല വിദ്യാര്‍ത്ഥികളും തൊഴിലുറപ്പ് പദ്ധതിയെ ആശ്രയിക്കുകയാണ് .
തൊഴിലുറപ്പ് പദ്ധതിയില്‍ സജീവമായി അഴിയൂരിലെ നിയമ വിദ്യാര്‍ത്ഥിനിയെ പരിചയപെടാം.

തൊഴിലുറപ്പ് പദ്ധതിയില്‍ സജീവമായ അഴിയൂരിലെ നിയമ വിദ്യാര്‍ത്ഥിനിയെ പരിചയപെടാം.

അധ്വാനത്തിന്റെയും വിശപ്പിന്റെയും വില
മനസ്സിലാക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്ന്
ശ്രീനിത്യ

ഞാന്‍ പാലയാട് ക്യാമ്പസ്സിലെ ഏഴാം സെമസ്റ്റര്‍ ബിഎ എല്‍എല്‍ബി വിദ്യാര്‍ത്ഥിനിയാണ്. 2005ല്‍ അന്ന് രാജ്യം ഭരിച്ചിരുന്ന യുപിഎ ഗവണ്‍മെന്റ് ദാരിദ്ര്യനിര്‍മാര്‍ജനം ലക്ഷ്യമിട്ടുകൊണ്ട് ഇന്ത്യയുടെ ഗ്രാമങ്ങളില്‍ നടപ്പിലാക്കിയ പദ്ധതിയാണ് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി.

18 വയസ്സിന് മുകളിലുള്ള തൊഴില്‍രഹിതരായ ആളുകള്‍ക്ക് വേണ്ടിയുള്ള ഒരു പദ്ധതിയാണിത്. നിലവില്‍ ക്ലാസ്സ് ഇല്ലാത്തതിനാല്‍ ഒരുപാട് സമയം വെറുതെ കിട്ടുന്നതിനാലാണ് തൊഴിലുറപ്പ് പദ്ധതിയില്‍ ചേര്‍ന്ന് പണിക്കിറങ്ങിയത്.

കോവിഡ് മഹാമാരിയില്‍ പെട്ട് നമ്മളെല്ലാവരും എല്ലാ സന്തോഷങ്ങളും സൗഹൃദങ്ങളും മാറ്റിവച്ചു സാമൂഹിക അകലം പാലിക്കാന്‍ നിര്‍ബന്ധിതരായി നമ്മളിലേക്ക് ഒതുങ്ങി ജീവിക്കുകയാണല്ലോ, കോളേജില്‍ സഹപാഠികളോടൊപ്പമുള്ള കുറെ നല്ല നിമിഷങ്ങളാണ് ഈ കാരണത്താല്‍ നഷ്ടപ്പെട്ടത്.

വീടിന്റെ ഏകാന്തതയില്‍ ഓണ്‍ലൈന്‍ ക്ലാസ്സിനിടയിലെ മടുപ്പ് മാറ്റാനും അമ്മമാരും സഹോദരിമാരും അവരുടെ കുടുംബം പോറ്റാന്‍ തൊഴിലുറപ്പ് പണിയെടുക്കുമ്പോള്‍ അവരോടൊപ്പം പണിയെടുക്കാനും ആ കഷ്ടപ്പാട് നേരിട്ടറിയാനും വേണ്ടിയാണു ഞാനും പണിക്കിറങ്ങിയത്, അതോടൊപ്പം പഠനത്തിനിടയില്‍ വീട്ടുകാരെ അധികം ബുദ്ധിമുട്ടിക്കാതെ ചെറിയൊരു വരുമാനമാര്‍ഗ്ഗം കണ്ടെത്തുക എന്ന ഉദ്ദേശ്യത്തോടുകൂടിയാണ് ഇതിനോട് ചേര്‍ന്നത്.

ഒപ്പം തൊഴിലുറപ്പ് പദ്ധതിയോട് വിമുഖത കാണിക്കുന്ന തൊഴില്‍രഹിതരായ യുവാക്കള്‍ക്കും എന്നെപ്പോലെ മറ്റ് വിദ്യാര്‍ത്ഥികള്‍ക്കും പ്രചോദനം നല്‍കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് നിയമ വിദ്യാര്‍ത്ഥിനിയായ ഞാന്‍ ഇതില്‍ ചേര്‍ന്നത്.

കൃഷിയും കൃഷിയിടങ്ങളും പരിചയപ്പെടാനും വേണ്ടിയായിരുന്നു അത്, ജോലി ചെയ്തപ്പോ അധ്വാനത്തിന്റെയും വിശപ്പിന്റെയും വേദന മനസ്സിലാക്കാനും കഴിഞ്ഞു , അധ്വാനിച്ചു ആഹാരം കഴിക്കുമ്പോള്‍ ഭക്ഷണത്തിനു സ്വാദ് കൂടുതലാണെന്നും തിരിച്ചറിഞ്ഞു. മഹാത്മാഗാന്ധി മുന്നോട്ടുവെച്ച ഒരു ആശയമായിരുന്നു തൊഴിലധിഷ്ഠിത വിദ്യാഭ്യാസം എന്നുള്ളത്.

അതുകൊണ്ടുതന്നെ മഹാത്മാ ഗാന്ധിയുടെ പേരില്‍ അറിയപ്പെടുന്ന ഈ തൊഴിലില്‍ ഒരു വിദ്യാര്‍ത്ഥിനിയെന്ന രീതിയില്‍ ഏര്‍പ്പെടാന്‍ കഴിഞ്ഞതില്‍ അഭിമാനം കൊള്ളുന്നു. – ശ്രീനിത്യ

ശ്രീനിത്യക്ക് പഞ്ചായത്തിന്റെ അനുമോദനം

അഴിയൂര്‍: തൊഴിലുറപ്പ് പദ്ധതിയിലേക്ക് കടന്ന് വന്ന നിയമ വിദ്യാര്‍ത്ഥിനിയെ പഞ്ചായത്ത് ഭരണ സമിതി അനുമോദിച്ചു. പഞ്ചായത്തിന്റെ ഉപഹാരം പഞ്ചായത്ത് പ്രസിഡണ്ട് വി. പി ജയന്‍ നല്‍കി.

അഭ്യസ്ഥരായ 5 പുരുഷന്‍മാര്‍ കഴിഞ്ഞ ദിവസം തൊഴില്‍ ചെയ്യാന്‍ മുന്നോട്ട് വന്നിരുന്നു. വിദ്യാര്‍ത്ഥികളുടെ കടന്ന് വരവ് മറ്റ് തൊഴിലാളികള്‍ക്കും വലിയ ആവേശമായി. പ്രതിദിനം 291 രൂപയാണ് നിലവില്‍ തൊഴിലുറപ്പ് പദ്ധതിയിലെ കൂലി.

പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷീബ അനില്‍, ആരോഗ്യസ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ ജാസ്മിന കല്ലേരി, പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുല്‍ ഹമീദ് വാര്‍ഡ് മെമ്പറായ ശൂഭ മുരളീധരന്‍ , പി. പി ശ്രീധരന്‍, ഓവര്‍സിയര്‍ കെ.രഞ്ജിത്ത്, അധ്യാപകന്‍മാരായ ദീപ് രാജ്, പി.പി പ്രീജിത്ത്കുമാര്‍, സജീഷ്, സലേഷ് കുമാര്‍, റിയാസ് ,രാഹുല്‍ ശിവ എന്നിവര്‍ പങ്കെടുത്തു.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Leave a Reply

Your email address will not be published. Required fields are marked *