വടകര: എസ്.വി. എന്ന രണ്ടക്ഷരത്തിന് വടകരക്കാര്‍ക്ക് ആമുഖം വേണ്ട . അതില്‍ എല്ലാമുണ്ട്. സംഘാടകമികവിന്റെയും കലാസാംസ്കാരികബോധത്തിന്റെയും രാഷ്ട്രീയഔന്നത്യത്തിന്റെയുമെല്ലാം മറ്റൊരു പേര്. കുറെയേറെ സ്വപ്നങ്ങള്‍ ബാക്കിയാക്കി എസ്.വി. എന്ന എസ്.വി. അബ്ദുള്ള മടങ്ങുമ്പോള്‍ വടകരയ്ക്കും പയ്യോളിക്കും മുസ്ലിംലീഗ് രാഷ്ട്രീയത്തിനുമെല്ലാം കനത്ത നഷ്ടമാണ്.

വടകരയിലെ അറിയപ്പെടുന്ന പത്രപ്രവര്ത്തകന് എ. മമ്മു മാസ്റ്ററുടെ മകനായിരുന്നു എസ്.വി. താഴെഅങ്ങാടിയും വടകരയുമായിരുന്നു ആദ്യപ്രവര്ത്തനകേന്ദ്രം. പയ്യോളിയിലേക്ക് താമസംമാറിയപ്പോള്‍ അവിടെയും സജീവസാന്നിധ്യമായി ഇദ്ദേഹം.

വളരെ ചെറിയ ചെറുപ്പത്തില്‍ത്തന്നെ എം.എസ്.എഫ്. രാഷ്ട്രീയത്തിന്റെ ഉന്നതങ്ങളിലെത്തി. 196970 കാലത്ത് എം.എസ്.എഫ്. സംസ്ഥാന പ്രസിഡന്റായിരുന്നു. അന്നത്തെ ഖജാന്‍ജിയാണ് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍സെക്രട്ടറി കെ.പി.എ. മജീദ്. പിന്നീട് എം.എസ്.എഫ്. പ്രവര്‍ത്തനം അഖിലേന്ത്യാതലത്തിലേക്ക് വ്യാപിപ്പിച്ചപ്പോള്‍ അതിന്റെ അഖിലേന്ത്യാ ഓര്‍ഗനൈസറായി. എന്നാല്‍, പിന്നീട് എസ്.വി. സ്ഥാനമാനങ്ങള്‍ക്കുപിന്നാലെ പോയില്ല. കലയിലും സംഗീതത്തിലും സാംസ്കാരികമേഖലയിലുമെല്ലാം തന്റേതായ ഇടങ്ങള്‍ തീര്‍ത്തു. കലാകാരന്മാരുടെ ഉറ്റസുഹൃത്തായി.


കെ. രാഘവന് മാഷ്, വി.ടി.കുമാരന് മാസ്റ്റര്‍ തുടങ്ങിയവരുമായെല്ലാം അടുത്ത ബന്ധമായിരുന്നു. ഗായകന് വി.ടി. മുരളിയുടെ സംഗീതജീവിതത്തിലും നിര്‍ണായകസ്വാധീനം ചെലുത്തി. ‘തേന്‍തുള്ളി’ എന്ന സിനിമയില്‍ പാടാന്‍ അവസരം ലഭിച്ചതിനുപിന്നില്‍ എസ്.വി.കൂടി ഉണ്ടായിരുന്നെന്ന് മുരളി ഓര്‍ക്കുന്നു. ജലഅതോറിറ്റിയില്‍ ജീവനക്കാരനായിരുന്നു അദ്ദേഹം മുഴുവന്‍സമയ പൊതുപ്രവര്‍ത്തനത്തിനായി സര്‍വീസില്‍നിന്ന് വി.ആര്.എസ്. വാങ്ങി വിരമിക്കുകയായിരുന്നു.
സംഘാടക മികവില്‍ എസ്.വി.യെ വെല്ലാന്‍ മുസ്ലീംലീഗില്ത്തന്നെ ആരുമില്ലായിരുന്നെന്ന് ഇന്നത്തെ നേതാക്കള്‍തന്നെ സാക്ഷ്യം പറയും. ലീഗ് ഉറങ്ങിക്കിടക്കുന്ന സിംഹമാണെന്ന സി.എച്ച്. മുഹമ്മദ് കോയയുടെ വാക്കുകളെ ‘ഉറങ്ങിക്കിടക്കുന്ന സിംഹ’മെന്ന ദൃശ്യവിരുന്നിലൂടെ എസ്.വി. അവതരിപ്പിച്ചപ്പോള്‍ അത് ഏറെ ശ്രദ്ധിക്കപ്പെട്ടു. കലാകാരന്മാര്ക്കുവേണ്ടി ഇക്കാമ എന്ന സംഘടന ഉണ്ടാക്കാനും മുന്നില്‍നിന്നു. പ്രവാസി ലീഗിന്റെ സംസ്ഥാന വൈസ് പ്രസിഡന്റ്, അഖിലേന്ത്യാ ഭാരവാഹി എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.
മുസ്ലിംലീഗിന്റെയും വിവിധ ക്ലബ്ബുകളുടെയും ഒട്ടേറെ പരിപാടികളുടെ മുഖ്യസംഘാടകനായിരുന്നു ഇദ്ദേഹം. ഒരു ദൗത്യം ഏറ്റെടുത്താല്‍ അത് ഏറ്റവുംഭംഗിയാക്കാന് അങ്ങേയറ്റം ശ്രമിച്ചിരുന്നു. പ്രളയസമയത്ത് വടകരയില്‍ ‘കലാകാരന്മാരുടെ കൈത്താങ്ങ്’ എന്ന പരിപാടി സംഘടിപ്പിച്ചപ്പോള്‍ അത് വിജയിപ്പിക്കാന്‍ എസ്.വി.യും മുന്നില്‍നിന്നു. ഏറ്റവുമൊടുവില്‍ നഗരസഭാ തിരഞ്ഞെടുപ്പില്‍ പയ്യോളി നഗരസഭയില്‍ യു.ഡി.എഫ്. കമ്മിറ്റിയുടെ ചെയര്‍മാനായിരുന്നു.

News from our Regional Network
RELATED NEWS
