2.56 കോടി രൂപ ചെലവിൽ വടകര കുടുംബകോടതിക്ക് സ്വന്തം കെട്ടിടം പണിയുന്നു

By | Wednesday June 12th, 2019

SHARE NEWS

 

വടകര : അസൗകര്യങ്ങളാൽ വീർപ്പുമുട്ടുന്ന വടകര കുടുംബ കോടതിക്ക്‌ സ്വന്തം കെട്ടിടം യാഥാർഥ്യമാകുന്നു. സംസ്ഥാന സർക്കാരും ഹൈക്കോടതിയും കെട്ടിടം നിർമിക്കാനുള്ള അന്തിമ അനുമതി നൽകി. നിലവിൽ അഡ്വക്കറ്റ്‌സ്‌ അസോസിയേഷനും അഡ്വക്കറ്റ്‌ ക്ലാർക്ക്‌ അസോസിയേഷനും പ്രവർത്തിക്കുന്ന കെട്ടിടം പൊളിച്ച്‌ മാറ്റിയാണ്‌ പുതിയ കെട്ടിടം നിർമിക്കുക.

2.56 കോടി രൂപ ചെലവിൽ നിർമിക്കുന്ന കെട്ടിടം ഉടൻ പൂർത്തിയാക്കാനാണ്‌തീരുമാനം. വടകര ബാർ അസോസിയേഷൻ പ്രസിഡന്റ്‌ അഡ്വ. കെ എം രാംദാസ്‌, സെക്രട്ടറി ഇ വി ലിജീഷ്‌ എന്നിവരുടെ ഇടപെടലാണ്‌ കെട്ടിട നിർമാണ അനുമതിക്ക്‌ വേഗതകൂട്ടിയത്‌. കുടുംബകോടതി പ്രവർത്തിക്കുന്ന നിലവിലെ മുറി പരിമിതമായ സൗകര്യത്താൽ വീർപ്പ്‌ മുട്ടുകയാണ്‌. വർധിച്ച്‌ വരുന്ന കുടുംബ കേസുകളിലെ കക്ഷികളെയും അഭിഭാഷകരെയും ഉൾക്കൊള്ളാൻ കോടതി മുറിക്കില്ല.

വേനൽക്കാലത്ത്‌ കടുത്ത ചൂടിൽ തിങ്ങി നിറഞ്ഞാണ്‌ കോടതി പ്രവർത്തിക്കുന്നത്‌. 1200ഓളം കേസുകളും 240 അഭിഭാഷകരും അറുപതോളം ക്ലാർക്കുമാരും കുടുംബകോടതിയിൽ ഇടപഴകുന്നുണ്ട്‌. 150ഓളം കേസുകൾ ശരാശരി ഒരു ദിവസം കൈകാര്യം ചെയ്യുന്ന കോടതി മുറി അസൗകര്യങ്ങളുടെ നടുവിലാണ്‌. വടകര താലൂക്ക്‌ പരിധിയിലുള്ള കുടുംബ കോടതിയിൽ കൊയിലാണ്ടി താലൂക്കിന്റെ ചില ഭാഗങ്ങളിലെ കേസുകളുമുണ്ട്‌.

കോടതി സമുച്ചയത്തിൽ ഉണ്ടായിരുന്ന ബാർ അസോസിയേഷൻ ഹാൾ കുടുംബ കോടതി പ്രവർത്തിക്കുന്നതിനായി താൽക്കാലികമായി വിട്ട്‌ നൽകുകയായിരുന്നു. നിലവിൽ പ്രവർത്തിക്കുന്ന അഡ്വക്കറ്റ്‌സ്‌ അസോസിയേഷൻ കെട്ടിടം നേരത്തെ മുൻസിഫ്‌ കോടതിയായി പ്രവർത്തിച്ചിരുന്നു. കാലപ്പഴക്കത്താൽ കെട്ടിടം ജീർണാവസ്ഥയിലാണ്‌. നിർമിക്കാൻ പോകുന്ന കെട്ടിടം മൂന്ന്‌ നിലകളിലുള്ളതാണ്‌.

കുടുംബ കോടതിക്ക്‌ പുറമെ അഭിഭാഷകർക്കും ക്ലാർക്കുമാർക്കും പുതിയ കെട്ടിടത്തിൽ ഹാൾ അനുവദിച്ചിട്ടുണ്ട്‌. കുടുംബ കോടതിക്ക്‌ സ്വന്തം കെട്ടിടം നിർമിക്കണമെന്നാവശ്യപ്പെട്ട്‌ ബാർ അസോസിയേഷൻ നിരവധി നിവേദനങ്ങൾ നൽകിയിരുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്