Categories
Flash News

ഉദ്ഘാടനം കഴിഞ്ഞിട്ടും ധന്വന്തരി ഡയാലിസിസ് സെന്റര്‍ പഴയ കെട്ടിടത്തില്‍

വടകര : ഗവ.ജില്ലാ ആശുപത്രി ധന്വന്തരി ഡയാലിസിസ് സെന്ററിനായി നിര്‍മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം കഴിഞ്ഞ് ഒരു വര്ഷം പൂര്‍ത്തിയായിട്ടും പ്രവര്‍ത്തനം പോലും ആരംഭിക്കാന്‍ കഴിയാത്തതില്‍ പ്രതിഷേധം ശക്തമാകുന്നു.

2020 സെപ്റ്റംബര്‍ ഏഴിനാണ് അന്നത്തെ ആരോഗ്യമന്ത്രി കെ.കെ. ശൈലജ ആശുപത്രിക്ക് സമീപംതന്നെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തത്. തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് പ്രവൃത്തി പൂര്‍ത്തിയാക്കാതെ കെട്ടിടത്തിന്റെ ഉദ്ഘാടനം തിരക്കിട്ട് നടത്തിയതെന്ന് ആരോപണം ഉയര്‍ന്നിരുന്നു.

നിയമസഭാ തിരഞ്ഞെടുപ്പും കഴിഞ്ഞു. ഇനിയും പ്രവൃത്തികള്‍ ബാക്കിയുണ്ട്. എന്ന് പുതിയ കെട്ടിടത്തിലേക്ക് മാറാന്‍ കഴിയുമെന്ന് പറയാന്‍ അധികൃതര്‍ക്ക് സാധിക്കുന്നില്ല. ഒരു വര്‍ഷമായിട്ടും നിര്‍മ്മാണം പൂര്‍ത്തിയായില്ല. കോവിഡ് വ്യാപനം നിര്‍മ്മാണത്തെ സാരമായി ബാധിച്ചെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. നിര്‍മ്മാണം ഇഴഞ്ഞ് നീങ്ങുകയാണ്.
ആര്‍.ഒ. പ്ലാന്റിന്റെ നിര്‍മ്മാണവും എങ്ങുമെത്തിയിട്ടില്ല. ഡയാലിസിസ് ചെയ്യുമ്പോള്‍ ദിവസം ലക്ഷക്കണക്കിന് ലിറ്റര്‍ വെള്ളം സംസ്‌കരിക്കേണ്ടി വരും. അതും ഇഴഞ്ഞു നീങ്ങുകയാണ്.


:2013ല്‍ പ്രവര്‍ത്തനം തുടങ്ങിയതാണ് ധന്വന്തരി ഡയാലിസിസ് സെന്റര്‍. പിന്നീട് ജനകീയമായി രണ്ടരക്കോടി രൂപ പിരിച്ചെടുത്ത് ആ തുക ബാങ്കിലിട്ട് അതിന്റെ പലിശ ഉപയോഗിച്ച് എല്ലാവര്‍ക്കും സൗജന്യമായി ഡയാലിസിസ് ചെയ്തുകൊടുക്കുന്ന മാതൃകാപദ്ധതിയും ഇവിടെയുണ്ട്.
നിലവില്‍ 14 ഡയാലിസിസ് യന്ത്രങ്ങളിലായി 59 പേര്‍ക്ക് ഈ സൗജന്യസേവനം കിട്ടുന്നുണ്ട്.ആശുപത്രിയിലെതന്നെ പഴയ ഒരു കെട്ടിടത്തിലാണ് പ്രവര്‍ത്തനം. കൂടുതല്‍ സൗകര്യപ്രദമായ കെട്ടിടം വന്നാല്‍ കുറച്ചുകൂടി ഡയാലിസിസ് യന്ത്രങ്ങള്‍ സജ്ജമാക്കാം എന്ന പ്രതീക്ഷയിലാണ് ജില്ലാപഞ്ചായത്ത് കെട്ടിടത്തിന് ഒന്നരക്കോടിരൂപ അനുവദിച്ചത്. ഇതുപ്രകാരം ആശുപത്രിക്ക് തൊട്ടരികെയുള്ള സ്ഥലത്ത് കെട്ടിടം പണിയും തുടങ്ങി. 40 യന്ത്രങ്ങള്‍വരെ സ്ഥാപിക്കാനുള്ള സൗകര്യം ഇവിടെയുണ്ട്.

അങ്ങനെവരുമ്പോള്‍ 240 പേര്‍ക്ക് ഇതിന്റെഗുണം കിട്ടും. ഡയാലിസിസിനായി ഇവിടെ രജിസ്റ്റര്‍ചെയ്ത് കാത്തിരിക്കുന്ന ഒട്ടേറെപ്പേരുണ്ട്. നിലവില്‍ ഇവരെ ഉള്‍ക്കൊള്ളാന്‍ സൗകര്യമില്ല.

പുതിയ കെട്ടിടത്തിലേക്ക് കേന്ദ്രം മാറുമ്പോള്‍ കൂടുതല്‍ യന്ത്രം ലഭ്യമാക്കാന്‍ സാധിക്കും. ഒട്ടേറെപ്പേര്‍ക്ക് ഇതിലൂടെ ഉപകാരം കിട്ടും. ഉത്ഘാടനം കഴിഞ്ഞു വര്ഷം ഒന്ന് കഴിഞ്ഞിട്ടും പ്രവര്‍ത്തനം ആരംഭിക്കാത്തതില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട് . പെട്ടെന്നുതന്നെ പുതിയ കെട്ടിടത്തിലേക്ക് ഡയാലിസിസ് സെന്റര്‍ മാറ്റണമെന്ന ആവശ്യം ശക്തമാകുന്നുണ്ട്.

Spread the love
വടകര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Vatakaranews Live

RELATED NEWS

NEWS ROUND UP