വരുമാനത്തില്‍ മാത്രമല്ല അവഗണനയിലും വടകര റെയില്‍വെ സ്റ്റേഷന്‍ മുന്നില്‍

By | Thursday October 3rd, 2019

SHARE NEWS

വടകര : മംഗളൂരു – രാമേശ്വരം എക്‌സ്പ്രസിന് സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യം ശക്തമായി നിലനില്‍ക്കെ വടകരയില്‍ മുപ്പതിലേറെ ട്രെയിനുകള്‍ക്ക് ഇപ്പോഴും സ്റ്റോപ്പില്ലെന്ന പരാതി.

വരുമാനത്തിലും യാത്രക്കാരുടെ എണ്ണത്തിലും സ്റ്റേഷന് എ ക്ലാസ് പദവിയുണ്ടെങ്കിലും വടകരക്കാരോട് റെയില്‍വേ അധികൃതരുടെ അവഗണന തുടരുകയാണ്.

തിരുവനന്തപുരം ജനശതാബ്ദി എക്‌സ്പ്രസ് കണ്ണൂര്‍ വരെ നീട്ടിയപ്പോഴും കോയമ്പത്തൂര്‍ -മംഗളൂരു ഇന്റര്‍സിറ്റി എക്‌സ്പ്രസ് അനുവദിച്ചപ്പോഴും ആദ്യഘട്ടത്തില്‍ സ്റ്റോപ്പ് ഉണ്ടായിരുന്നില്ല. ജനകീയ പ്രക്ഷോഭം ശക്തമായതിനെ തുടര്‍ന്നാണ് സ്റ്റോപ്പ് അനുവദിച്ചത്.

യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും കാസര്‍കോട്, കാഞ്ഞങ്ങാട്, ഒറ്റപ്പാലം, കുറ്റിപ്പുറം എന്നീ സ്റ്റേഷനുകള്‍ വടകരയ്ക്ക് പിന്നിലായിട്ടും വടകരയില്‍ സ്റ്റോപ്പില്ലാത്ത ട്രെയിനുകള്‍ ആ സ്റ്റേഷനുകളില്‍ നിര്‍ത്തുന്നുണ്ട്.

പുണെ എറണാകുളം, ദാദര്‍ തിരുനല്‍വേലി, ഡെറാഡൂണ്‍ കൊച്ചുവേളി, അമൃത്‌സര്‍ കൊച്ചുവേളി, മഡ്ഗാവ് എറണാകുളം, അജ്‌മേര്‍ എറണാകുളം എന്നീ സൂപ്പര്‍ ഫാസ്റ്റുകള്‍ക്ക് പുറമേ പോര്‍ബന്തര്‍ കൊച്ചുവേളി, ലോക്മാന്യതിലക് കൊച്ചുവേളി ശബരിനാഥ്, ബിക്കാനീര്‍ കൊച്ചുവേളി, മംഗളൂരു ജമ്മുതാവി, പുണെ എറണാകുളം, മംഗളൂരു യശ്വന്ത്പൂര്‍ എന്നീ എക്‌സ്പ്രസ് ട്രെയിനുകള്‍ക്കും ബിക്കാനീര്‍ കോയമ്പത്തൂര്‍ എസി എക്‌സ്പ്രസ്, നിസാമുദ്ദീന്‍ തിരുവനന്തപുരം രാജധാനി തുടങ്ങിയ ട്രെയിനുകളൊന്നും വടകരയില്‍ നിര്‍ത്തുന്നില്ല.

ആഴ്ചയില്‍ ഒന്നും രണ്ടും ദിവസങ്ങളിലായി സര്‍വീസ് നടത്തുന്നവയാണ് ഈ ട്രെയിനുകള്‍. ഇരു ഭാഗത്തേക്കും ഉള്ള സര്‍വീസ് പരിഗണിക്കുമ്പോള്‍ ട്രെയിനുകളുടെ എണ്ണം ഇരട്ടിയാകും. ഉത്സവ സീസണുകളില്‍ ഈ ട്രെയിനുകളില്‍ സീറ്റ് പോലും കിട്ടാനില്ലാത്ത അവസ്ഥയാണ്.

മറുനാടന്‍ മലയാളികള്‍ക്ക് വടകരയിലെത്താന്‍ തലശ്ശേരിയിലോ കോഴിക്കോട്ടോ ഇറങ്ങണം. രണ്ടും മൂന്നും ദിവസത്തെ യാത്ര കഴിഞ്ഞ് മറ്റൊരു സ്റ്റേഷനില്‍ ട്രെയിന്‍ ഇറങ്ങി വേണം വടകരയിലെ ഉള്‍നാടാന്‍ നാടുകളിലെത്താന്‍.

മറുനാടന്‍ മലയാളികളാണ് സ്റ്റോപ്പില്ലാത്തതിന്റെ ദുരിതമനുഭവിക്കുന്നവരില്‍ ഒരു വിഭാഗം. മലബാറിലുള്ളവര്‍ക്ക് ബെംഗളൂരുവിലേക്ക് പോകാനുള്ള ആശ്രയം കണ്ണൂര്‍ – യശ്വന്ത്പൂര്‍ എക്‌സ്പ്രസ് മാത്രമാണ്. ബെംഗളൂരുവിലേക്ക് ഈ ഒരു ട്രെയിന്‍ മാത്രമേയുള്ളു അതിനാല്‍ റിസര്‍വേഷന്‍ വേഗം തീരും. കണ്ണൂരില്‍ നിന്നു മൈസൂരു വഴി ബെംഗളൂരുവിലേക്ക് ഉള്ള ട്രെയിന്‍ കോഴിക്കോട്ടേക്ക് നീട്ടണമെന്ന ആവശ്യം ശക്തമാണ്.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്