വടകര: (vatakaranews.in) ദേശീയപാത വികസനം കുഞ്ഞിപ്പള്ളി ടൗൺ രണ്ടായി മുറിയും. പാത വികസനത്തിന്റെ ഭാഗമായി ദേശീയപാതയിൽ നിന്നും മേൽപ്പാലം റോഡ് തുടങ്ങുന്ന സ്ഥലത്ത് അടിപ്പാത നിർമ്മാണ പ്രാരംഭ പ്രവർത്തി തുടങ്ങിയതാണ് ഇതിന് കാരണം അടിപ്പാത വരുന്നതോടെ റോഡ് ഉയരും.


മണ്ണിട്ട് അടിപ്പാത വരുന്നതോടെ നഗരം രണ്ടായി മാറും. കുഞ്ഞിപ്പള്ളി ടൗൺ, പോലീസ് സ്റ്റേഷൻ, കൃഷിഭവൻ, പ്രാഥമിക ആരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലേക്ക് പോകാനും തിരിച്ച് കുഞ്ഞിപ്പള്ളി മസ്‌ജിദ്, സ്കൂൾ, കോളേജ് എന്നിവിടങ്ങളിലേക്ക് പോകാനും ഏറെ പ്രയാസം നേരിടും.
കുഞ്ഞിപ്പള്ളി ടൗണിലെ വ്യാപാര മേഖല തളർച്ചയിലേക്ക് നീങ്ങും. റെയിൽവേ ട്രാക്കിനും ദേശീയപാതയുടെയും ഇടയിലെ ടൗൺ എന്ന നിലയിൽ ഇതോടെ ഏറെ പ്രയാസം നേരിടും.
നേരത്തെ കുഞ്ഞിപ്പള്ളി പരിപാലന കമ്മിറ്റി കെ.മുരളീധരൻ എംപി യുടെ നേതൃത്വത്തിൽ കേന്ദ്രമന്ത്രി നിഥിൻ ഗഡ്കരിയെ കണ്ടിരുന്നു. തൂണിൻ മേലുള്ള ഉയരപ്പാത എംപിക്ക് നിഥിൻ ഗഡ്കരി ഉറപ്പ് തന്നുവെങ്കിലും അതിൽ നിന്നും പിറകോട്ട് പോയതായാണ് അടിപ്പാത നിർമ്മാണത്തോടെ ലഭിക്കുന്ന സൂചന.
എന്നാൽ ഉയരപ്പാതയുടെ കാര്യത്തിൽ ദേശീയപാത അതോറിറ്റി ഉരുണ്ടു കളി തുടരുകയാണ്. കുഞ്ഞിപ്പള്ളി ടൗണിൽ നടപ്പിലാക്കുന്ന പ്രവർത്തിയെ സംബന്ധിച്ച് യഥാർത്ഥ കാര്യങ്ങൾ പുറത്തേക്ക് വിടുന്നില്ല.
കുഞ്ഞിപ്പള്ളി ടൗണിനെ രക്ഷിക്കാൻ ദേശീയപാത അതോറിറ്റി പ്രഖ്യാപിച്ച ഉയരപ്പാത യാഥാർഥ്യമാക്കമെന്ന് മഹൽ കോർഡിനേഷൻ കമ്മിറ്റി ആവശ്യപ്പെട്ടു. ഉയരപ്പാതയ്ക്കായി വിവിധ സംഘടനകളുമായി ചേർന്ന് പ്രക്ഷോഭം സംഘടിപ്പിക്കുവാൻ തീരുമാനിച്ചു.
എം പിക്ക് നൽകിയ ഉറപ്പിൽ നിന്നും പിന്നോട്ട് പോയാൽ പ്രത്യക്ഷ സമര പരിപാടികൾ നടക്കും. കുഞ്ഞിപ്പള്ളി പരിപാലന കമ്മിറ്റി പ്രസിഡന്റ് ടി ജി നാസർ അധ്യക്ഷത വഹിച്ചു.
കെ അൻവർ ഹാജി, കെ പി ചെറിയകോയ തങ്ങൾ, എം കെ മഹമൂദ്, ഹുസ്സൻ കുട്ടി ഹാജി. ടി ജി ഇസ്മായിൽ, ഷഫീർ കല്ലാമല, എം കെ ഫസലു, ഗഫൂർ കുനിയിൽ, ഹമീദ് എരിക്കിൽ, എം ഇസ്മായിൽ, നസീർ വീരോളി, പി പി ഹമീദ്, എം മഷൂദ്, കെ സി ഇസ്മായിൽ, ടി അൻഫീർ എന്നിവർ സംസാരിച്ചു.
കുഞ്ഞിപ്പളളി ടൗണിനെ മുറിച്ചുമാറ്റി ഒറ്റപ്പെടുത്തുന്ന രീതി പുനരാലോചന നടത്തണമെന്ന് ദേശീയപാത കർമ്മസമിതി ജില്ലാ വൈസ് പ്രസിഡൻറ് പ്രദീപ് ചോമ്പാല ആവശ്യപ്പെട്ടു.
വരും ദിവസങ്ങളിൽ പ്രതിഷേധങ്ങൾ ശക്തമാകുമെന്ന് വിവിധ സംഘടനാ ഭാരവാഹികൾ അറിയിച്ചു. ദേശിയപാത വികസനത്തിൽ കുഞ്ഞിപ്പളളി ടൗൺ ഒറ്റപ്പെടുത്തരുത് എന്ന ആവശ്യം ഉന്നയിച്ച് വ്യാപാരികളും ഓട്ടോ തൊഴിലാളികളും കുഞ്ഞിപ്പളളി ടൗൺ , ചിറയിൽ പിടിക എന്നിവിടങ്ങളിൽ കഴിഞ്ഞ ദിവസം ഹർത്താൽ നടത്തിയിരുന്നു.
#National #Highway #Development #Kunjipalli #town #split #two #National #Highways #Authority #continues #play #game #matter #elevated #road