വടകര : (vatakara.truevisionnews.com) കരകൗശല, കലാ മേഖലകളിലെ വിദഗ്ദ്ധർക്ക് വിനോദസഞ്ചാരവുമായി സമന്വയിപ്പിച്ച് വിപണിയും തൊഴിലും മെച്ചപ്പെട്ട വരുമാനവും ലഭ്യമാക്കി ഇന്ത്യക്കാകെ മാതൃകയായ നേട്ടങ്ങൾ കൈവരിച്ച സർഗാലയ കൂടുതൽ കരകൗശലവിദഗ്ദ്ധരെ ഉൾപ്പെടുത്തി വികസിപ്പിക്കുന്നു. ഇതിനായി 2025 ജൂലൈ 16-നു കരകൗശലവിദഗ്ധർക്കായി ശിൽപ്പശാല സംഘടിപ്പിക്കുന്നു.
നിലവിൽ നൂറിൽപ്പരം കരകൗശലവിദഗ്ദ്ധർ സർഗാലയയിൽ സ്ഥിരം ജോലി ചെയ്യുന്നു. വികസനത്തിന്റെ ഭാഗമായി കൂടുതൽ കരകൗശലവിദഗ്ധർക്ക് അവസരമൊരുക്കുകയാണ്. ദക്ഷിണന്ത്യയിലെ ഏറ്റവും മികച്ച കരകൗശലമേളയിലൂടെയും മറ്റു പ്രോത്സാഹനപരിപാടികളിലൂടെയും വേറെ ആയിരത്തിൽപ്പരം കരകൗശലവിദഗ്ദ്ധർക്കും സർഗാലയയിലൂടെ വിപണനാവസരം ഒരുക്കുന്നുണ്ട്.


കേരളസർക്കാർ ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തിൽ 2010ൽ ആർട്ടിസാന്മാർക്കായി ശിൽപ്പശാല നടത്തിയതിനു ശേഷമാണ് 2011ൽ സർഗാലയ ആരംഭിച്ചത്. അതിനുശേഷം ആദ്യമായാണ് ഇത്തരത്തിൽ ശിൽപ്പശാല സംഘടിപ്പിക്കുന്നത്. ശില്പശാലയിലേക്കു തെരഞ്ഞെടുക്കപ്പെടുന്നവർക്ക് സർഗാലയയുടെ ഭാഗമാവാൻ അവസരം ലഭിക്കും.
ഈ അവസരം പ്രയോജനപ്പെടുത്താൻ താത്പര്യമുള്ളവർ ഉടൻ പേര് രജിസ്റ്റർ ചെയ്യണം. പരമ്പരാഗതമേഖലയിലെ കരകൗശലക്കാർക്കു മുൻഗണന ലഭിക്കും. കരകൗശലമേഖലയിലെ വിശിഷ്ഠവ്യക്തികളടങ്ങിയ വിദഗ്ധപാനലാണ് ആർട്ടിസാന്മാരെ തെരഞ്ഞെടുക്കുക.
വിശദവിവരങ്ങൾക്ക് 8301070205, 9446304222 നമ്പറുകളിൽ വിളിക്കാം.
Workshop on 16th Artisans selected for Sargalaya