ഇരിങ്ങൽ: (vatakaranews.in) യുഎൽസിസി ഇരിങ്ങൽ സർഗാലയയിൽ സംഘടിപ്പിച്ചുവരുന്ന അന്താരാഷ്ട്ര കലാ കരകൗശലമേളയിൽ ഇൻറർനാഷണൽ സ്റ്റോർ ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റുകയാണ്.
കടൽ കടന്നെത്തിയ ഈ ആഫ്രിക്കൻ സംഘം തങ്ങളുടെ കൈകളിൽ തീർത്ത കലാവിരുന്നിനാൽ സർഗാലയയിൽ എത്തുന്ന ഓരോരുത്തരെയും വിസ്മയം കൊള്ളുകയാണ്. ജെക്രാന്ത എന്ന പ്രത്യേക ഇനം തടി കൊണ്ടാണ് ഇവർ കൂടുതലായും കരകൗശല ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നത്.
വീട്ടിലെ അലങ്കാരത്തിന് ഉള്ള ഉൽപ്പന്നങ്ങൾ, മരങ്ങൾ ഉപയോഗിച്ച് ഉണ്ടാക്കുന്ന മാല, വള തുടങ്ങിയ ആഭരണങ്ങൾ, മരം കൊണ്ടും കല്ലുകൊണ്ടും നിർമ്മിച്ചെടുക്കുന്ന ആന, കുതിര, ജിറാഫ് തുടങ്ങിയ വിവിധതരത്തിലുള്ള കാഴ്ച വസ്തുക്കൾ എന്നിവയെല്ലാം ഇവരുടെ സ്റ്റോറിൽ കാണാം.
പരമ്പരാഗതമായി ചെയ്തു വരുന്ന രീതിയിൽ തന്നെയാണ് ഇന്നും ഇവർ ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നത്. ഇവർ നിർമ്മിക്കുന്ന ഉത്പന്നങ്ങൾ എല്ലാം തന്നെ ആഫ്രിക്കൻ സംസ്കാരവുമായി ചേർന്ന് നിൽക്കുന്നതാണ്. കൂടുതലായും ഇവർ മൂന്നു ട്രൈബൽ രാജ്യങ്ങളുടെ സംസ്കാരത്തെയാണ് തങ്ങളുടെ കലയിൽ പ്രകടമാക്കുന്നത്.
തസാനിയ, കെനിയ എന്നിവിടങ്ങളിലുള്ളവരും ഇവർക്കൊപ്പം ചേർന്ന് പ്രവർത്തിക്കുന്നുണ്ട്. ഈ ഗോത്ര വിഭാഗത്തിന്റെ പ്രധാന ഭക്ഷണമായ പഴം കൊണ്ടുപോകുന്ന ആളുകൾ, വേട്ടയ്ക്ക് പോകുന്ന ആദിവാസി സ്ത്രീകൾ എന്നങ്ങനെ പ്രകടമാക്കുന്ന രീതിയിലുള്ള ശില്പങ്ങൾ, ചുമരിൽ തൂക്കിയിടാൻ സാധിക്കുന്ന രീതിയിലുള്ള മാസ്ക്കുകൾ തുടങ്ങിയവയാണ് കൂടുതലായും ഇവരുടെ സ്റ്റാളിൽ ഉള്ളത്.
ആഫ്രിക്കയിൽ നിന്നും പ്ലെയിനിൽ മുംബൈ എയർപോർട്ടിൽ എത്തിയ ഇവർ പിന്നീട് ലോക്കൽ ട്രെയിനിൽ ആണ് വടകരയിലേക്ക് എത്തിയത്. ഇത്രയധികം സാധനങ്ങൾ പ്ലെയിനിലും പിന്നീട് ട്രെയിനിലുമായി കൊണ്ടുവന്നത് ഉൽപ്പന്നങ്ങൾ പൊട്ടിപ്പോവാനും നഷ്ടപ്പെടാനും കാരണമായി.
ലോകത്തിലെ മിക്ക രാജ്യങ്ങളിലും സന്ദർശിച്ചിട്ടുണ്ടെങ്കിലും ഇന്ത്യയിലാണ് കൂടുതൽ ഉൽപ്പന്നങ്ങൾ വിറ്റഴിക്കപ്പെടുന്നത് എന്നാണ് ഉഗാണ്ടയിലെ ഈ സംഘം പറയുന്നത്.
കൂടുതൽ വിപണനവും ഇവിടുത്തുകാരുടെ സ്നേഹപ്രകടനവുമാണ് വീണ്ടും സർഗാലയത്തിൽ എത്താൻ ഇവരെ പ്രേരിപ്പിക്കുന്നത് എന്നാണ് ഉഗാണ്ടയിൽ നിന്നും വന്നെത്തിയ മറിയം പറയുന്നത്.
#wonder #who #came #across #sea #Africanteam #InternationalCraftsFair