ഇരിങ്ങൽ: (vatakaranews.in) കലയുടെയും കരവിരുതിന്റെയും വർണ, രൂപ, ശബ്ദ സൗകുമാര്യങ്ങളുടെ വസന്തോദ്യാനമായിരുന്നു സർഗാലയ രാജ്യാന്തര കല-കരകൗശലമേള. ജനപങ്കാളിത്തവും സന്ദർശകത്തിരക്കുമൊഴിയാതെ ഇരിങ്ങൽ സർഗാലയ അന്താരാഷ്ട്ര കരകൗശലമേള.
കരകൗശലവിദഗ്ധരുടെ ഉത്‌പന്നങ്ങൾക്ക് രാജകീയമായ സ്വീകാര്യതയും മതിയായ മൂല്യവും സർഗാലയമേള ഉറപ്പുനൽകുന്നു. അതുകൊണ്ട് തന്നെ മേളയ്ക്കായി കാത്തിരുന്ന കലാകാരന്മാർ ഏറെ. ഈരംഗത്ത് പ്രവർത്തിക്കുന്ന പലരുടെയും ഒരുവർഷത്തെ വരുമാനസ്രോതസ്സ് കൂടിയാണ് മേള.
ആറന്മുള കണ്ണാടി ഉൾപ്പെടെ, ഇരുപത് പരമ്പരാഗത കരകൗശലഗ്രാമങ്ങളുടെ ഉത്പന്ന വൈവിധ്യം മേളയെ വേറിട്ടതാക്കുന്നു. സർഗാലയവഴി വടക്കൻ കേരളത്തിൽ വിനോദസഞ്ചാര സർക്യൂട്ടും രൂപപ്പെട്ടു. ഇരിങ്ങൽ സർഗാലയ അന്താരാഷ്ട കരകൗശലമേള നടക്കുന്നത് ജർമൻ ടെന്റ്റിലാണ്.
മേളയുടെ 11-ാമത് എഡിഷനിൽ സ്ഥിരം ടെന്റിലേക്ക് കരകൗശല മേള മാറുന്നതാണ് ഇത്തവണത്തെ പ്രത്യേകത. താത്കാലികമായി നിർമിക്കുന്നതിനെക്കാൾ സ്ഥലസൗകര്യവും നീളത്തിലും വീതിയിലും ഉയരത്തിലുമുള്ളതാണ് ഈ ടെന്റ്.
ഓരോ സ്റ്റാളും ക്യൂ ബിക് മോഡലിലായതിനാൽ സന്ദർശകരുടെ കണ്ണിൽപ്പെടാതെ ഒന്നും ഒഴിവാകില്ലെന്ന പ്രത്യേകതയുമുണ്ട്. ഒരു ഹട്ടിൽ നാല് സ്റ്റാൾ ഉണ്ട്. ഓരോ സ്റ്റാളിനും രണ്ടുമുഖമുണ്ട്. വലുപ്പവുമുണ്ട്. ഇത്തരത്തിലുള്ള 112 സ്റ്റാളുകളാണ് ജർമൻ ടെൻ്റിലുള്ളത്. തീർത്തും ഗ്രീൻ പ്രോട്ടക്കോൾ പാലിച്ചാണ് നിർമാണം.
1.47 കോടി രൂപയാണ് നിർമാണ ചിലവ്. കരവിരുതിലെ വൈവിധ്യം കലാരംഗത്തെ സാംസ്കാരികവിനിമയം പോലെ കരവിരുതിലെ കൈമാറ്റത്തിന് ക്രാഫ്റ്റ് എക്സ്ചേഞ്ച് എന്നൊരു പദം സർഗാലയ സംഭാവനചെയ്തു. ഗ്രാമീണരായ കരകൗശല വിദഗ്ധർക്ക് അന്താരാഷ്ട്ര മേളയിൽ പങ്കെടുക്കാനുള്ള അവസരമാണ് മേളതുറന്നത്.
അവർക്ക് വിദേശരാജ്യങ്ങളിൽനിന്നെത്തുന്ന കരകൗശലവിദഗ്ധരുമായുള്ള പരിചയവും പങ്കുവെക്കലും മേള സാധ്യമാക്കുന്നു. ഉത്‌പന്നങ്ങൾക്ക് പരമാവധി വിപണിലഭ്യത ഉറപ്പാക്കുന്നതിനൊപ്പം കൂട്ടത്താടെ അത് കൈമാറാനുള്ള തട്ടകവുമാണ് സൃഷ്ടിക്കപ്പെടുന്നത്.
കാർബൺരഹിതമെന്ന് ഉറപ്പുവരുത്തിയുള്ള സംഘാടനത്തിനൊപ്പം ഫ്ലക്സ്, ബലൂൺ, പ്ലാസ്റ്റിക് നിർമിത അലങ്കാരങ്ങൾ എന്നിവയ്ക്കെല്ലാം മേള വിലക്ക് കല്പിച്ചിട്ടുണ്ട്. മേള നടക്കുന്ന 21 ഏക്കർ സ്ഥലം പൂർണമായും ഹരിതമാർഗനിർദേശം പാലിച്ചാണ് ഒരുക്കിയിരിക്കുന്നത്. ഭക്ഷണസാധനങ്ങൾ നൽകുന്നത് സ്റ്റീൽ പാത്രങ്ങളിലാണ്.
കേരളീയഭക്ഷണരീതിക്ക് പ്രാധാന്യം കൊടുക്കുന്നതോടൊപ്പം വിദേശഭക്ഷണവും മേള പരിചയപ്പെടുത്തുന്നു. വാണിജ്യാടിസ്ഥാനത്തിൽ പങ്കാളിത്തമുള്ള സംരഭങ്ങളൊന്നും മേളയിലില്ല. നഗരസഭാപരിധിയിലെ ഒട്ടേറെപ്പേർക്ക് മേള തൊഴിൽ ഉറപ്പാക്കുന്നു.
ജി.എസ്.ടി. വഴിയും മറ്റ് ലൈസൻസുകൾ മുഖേനെയും നഗരസഭയ്ക്കും കേന്ദ്ര-സംസ്ഥാനങ്ങൾക്കും സാമ്പത്തികനേട്ടമുണ്ടാകുന്നു. നാട്ടിൻപുറത്തെ കലാകാരമാരുടെ കലാപരിപാടികൾക്കാണ് മേള പ്രാമുഖ്യം നൽകുന്നത്. അന്യം നിന്നുപോകുന്ന പൈതൃകകലാരൂപങ്ങൾക്ക് ഇങ്ങനെ അന്താരാഷ്ട്രവേദി ലഭിക്കുന്നു.
#Sargalaya #home #global #handicraft #wonders