വടകര: (vatakara.truevisionnews.com)തിരുവള്ളൂർ പഞ്ചായത്തിലെ ഉപ്പിലാറമല ഇടിച്ച് മണ്ണെടുക്കാൻ ശ്രമം നടക്കുന്നതായി ആരോപണം. കഴിഞ്ഞ ദിവസങ്ങളിലായി മലയുടെ താഴെ റോഡ് വെട്ടുന്നത് നാട്ടുകാർ തടഞ്ഞു.
ദേശീയപാത നവീകരണത്തിന് വേണ്ടിയുള്ള മണ്ണെടുക്കാൻ കരാർ കമ്പനിയുടെ പ്രതിനിധികൾ അടുത്തിടെ മല സന്ദർശിച്ചിരുന്നു.
തുടർന്നാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കനാൽ പരിസരത്ത് നിന്നും മലയുടെ മുകളിലേക്ക് റോഡ് വെട്ടാൻ കമ്പനി തുടങ്ങിയത്. ഇതോടെ നാട്ടുകാർ പ്രവൃത്തി തടയുകയായിരുന്നു.
തുടർന്ന് വില്ലേജ് ഓഫീസിൽ വിളിച്ച് കാര്യങ്ങൾ പറഞ്ഞതിനെ തുടർന്ന് കോട്ടപ്പള്ളി വില്ലേജ് ഓഫീസർ സ്ഥലം സന്ദർശിക്കുകയും റോഡ് വെട്ടുന്നത് നിർത്തിവെക്കാൻ നിർദ്ദേശം കൊടുക്കുകയും ചെയ്‌തു.
നിലവിൽ സ്വകാര്യ വ്യക്തികളുടെ കൈവശമാണ് മല. മണ്ണിടിച്ച് ഇവിടെ വലിയ കെട്ടിടം പണിയാനുള്ള ശ്രമത്തിലാണ് കമ്പനിയെന്നാണ് നാട്ടുകാരുടെ ആരോപണം.
പഞ്ചായത്തിലെ മീങ്കണ്ടിക്ക് സമീപമാണ് ഉപ്പിലാറമല. കടവത്ത് വയൽ, കിഴക്കയിൽ സ്ക്കൂൾ ഭാഗം, അണിയാരി തുടങ്ങി മൂന്ന് ഭാഗങ്ങൾ മലയുടെ താഴെയാണ്. ഇവിടങ്ങളിലെല്ലാം കൂടി മുന്നൂറിലധികം കുടുംബങ്ങളാണ് കഴിയുന്നത്.
മലയിടിച്ചാൽ വീണ്ടുമൊരു ചൂരൽമലയോ മുണ്ടെക്കെയോ പോലെയോ ഉപ്പിലാറമലയുടെ പ്രദേശങ്ങൾ ആവുമെന്നാണ് നാട്ടുകാരുടെ ആശങ്ക.മലയുടെ താഴെയായി രണ്ട് കുടിവെള്ള പദ്ധതികളുണ്ട്.
മലയിൽ നിന്നുള്ള നീർച്ചാൽ കേന്ദ്രമാക്കിയുള്ള കുടിവെള്ള സൗകര്യമാണ് ഒന്ന്. മറ്റൊന്ന് കിഴക്കയിൽ സ്ക്കൂളിന് സമീപമുള്ള കിണറാണ്.
മലയിടിച്ചാൽ ഈ പ്രദേശങ്ങളിലെ കിണറുകൾ വറ്റുന്നതിന് കാരണമാകുമെന്നാണ് നാട്ടുകാർ പറയുന്നത്. മലയാണ് കിണറുകളിലെ വെള്ളത്തിന്റെ പ്രധാന സ്രോതസ്സ്.
മാത്രമല്ല മലയിലെ മണ്ണെടുത്താൻ ശക്തമായ മണ്ണൊലിപ്പ് സംഭവിക്കുമെന്ന പേടിയും നാട്ടുകാർക്കുണ്ട്. വർഷങ്ങൾക്ക് മുമ്പ് മലയുടെ ചില ഭാഗങ്ങളിൽ മണ്ണെടുത്തിരുന്നു. ഇതിന്റെ ചില ഭാഗങ്ങൾ ഇടിയാൻ പാകത്തിലാണ് നിലവിലുള്ളത്. മാത്രമല്ല ചെറിയ തോതിൽ മണ്ണിടിച്ചിലും ഈ പ്രദേശത്തുണ്ട്.
നാട്ടുകാരുടെ കൂട്ടായ്‌മയിൽ ഉപ്പിലാറമലയിലെ മണ്ണിടിച്ചിൽ തടയാനായി ഉപ്പിലാറമല സംരക്ഷണ സമിതി എന്ന പേരിൽ കൂട്ടായ്‌മ രൂപീകരിച്ചിട്ടുണ്ട്.
മല ഇടിക്കുന്നതിനെതിരെ നാട്ടുകാരുടെ മുഴുവൻ ഒപ്പുകൾ ശേഖരിച്ച് ജില്ലാ കളക്‌ടർക്ക് നേരിട്ട് പരാതി കൊടുക്കാനുള്ള പ്രവൃത്തികൾ പ്രദേശത്ത് നടക്കുകയാണെന്ന് ഉപ്പിലാറമല സംരക്ഷണ സമിതി അംഗങ്ങൾ പറഞ്ഞു.
ഉപ്പിലാറമല ഇടിച്ച് മണ്ണെടുക്കാനുള്ള ഏതുശ്രമത്തെയും ശക്തമായി എതിർക്കുമെന്നാണ് സംരക്ഷണ സമിതി പറയുന്നത്.
#attempt #take #soil #demolishing #uppilaramala #tiruvallur