ആയഞ്ചേരി: (vatakara.truevisionnews.com)സൈബർ യുഗത്തിൽ മൊബൈൽ ബേങ്കായി പ്രവർത്തിക്കുന്ന കാലഘട്ടത്തിൽ സൈബർ ചതിക്കുഴികളിൽ വീഴാതിരിക്കാൻ പ്രത്യേക ശ്രദ്ധ വേണമെന്ന് കോഴിക്കോട് റൂറൽ സൈബർ പോലീസ് ഇൻസ്പെക്ടർ എച്ച്. ഷാജഹാൻ പറഞ്ഞു.
ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് മംഗലാട് 13-ാം വാർഡിലെ 'നല്ല മനുഷ്യനാവാൻ നല്ല മനസ് വേണം' എന്ന ബോധോദയ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയായിട്ടും കുട്ടികൾക്ക് സൈബർ സുരക്ഷയെ കുറിച്ചും, പൊതുസാമൂഹിക അറിവും സ്വായത്തമാക്കാൻ കഴിയുന്നില്ല എന്ന ദയനീയതയിലേക്ക് വിദ്യാഭ്യാസ നിലവാരം താഴ്ന്നു്‌പോയത് കൊണ്ടാണ് ഇന്ന് ഉന്നതപഠിതാക്കൾ ഭോപ്പാലിലെ ജയിലുകളിൽ കഴിയേണ്ട സാഹചര്യം ഉണ്ടായതെന്ന് അധ്യക്ഷ പ്രസംഗത്തിൽ വാർഡ് മെമ്പർ എ. സുരേന്ദ്രൻ സൂചിപ്പിച്ചു.
വളരെ വേഗത്തിൽ പണം നേടിയെടുക്കുക എന്ന ദുർബുദ്ധി വർദ്ധിച്ചു വരുന്നത് ഒഴിവാക്കേണ്ടിയിരിക്കുന്നു.
മൊബൈലും അക്കൗണ്ടുകളും കൈകാര്യം ചെയ്യുമ്പോൾ വളരെയധികം ശ്രദ്ധിക്കണമെന്ന പൊതുബോധം വളർത്തിയെടുക്കാനാണ് ഇത്തരം പരിപാടികളെന്ന് മെമ്പർ പറഞ്ഞു.
സരസമായ ഭാഷയിൽ ശ്രോതാക്കളുടെ ഉള്ളറകളിലേക്ക് വെളിച്ചം വീശിക്കൊണ്ട് രങ്കീഷ് കടവത്ത് ക്ലാസ് നയിച്ചു.
പനയുള്ളതിൽ അമ്മത് ഹാജി, കുളങ്ങരത്ത് നാരായണക്കുറുപ്പ്, മഞ്ചക്കണ്ടി ദാമോദരൻ, എം.എം മുഹമ്മദ്, സിവിൽ പോലീസ് ഓഫീസർ കെ.പി രതീഷ്, പറമ്പിൽ ഗവൺമെൻ്റ് എച്ച്.എം ആക്കായി നാസർ മാസ്റ്റർ, പി.ടി.എ പ്രസിഡണ്ട് തയ്യിൽ നൗഷാദ്, കുന്നിൽ രമേശൻ മാസ്റ്റർ, അച്ചുതൽ മലയിൽ, ബാലകൃഷ്ണൻ മാസ്റ്റർ അരീക്കര, വേദലക്ഷ്മി പട്ടേരിക്കുനി തുടങ്ങിയവർ ആശംസകൾ അർപ്പിച്ച ചടങ്ങിൽ വികസന സമിതി കൺവീനർ അക്കരോൽ അബ്‌ദുള്ള സ്വാഗതവും സി. ഡി എസ് മെമ്പർ മാലതി ഒന്തമ്മൽ നന്ദിയും പറഞ്ഞു.
#Be #careful #not #fall #into #cyber #scams #cyber #cell