വടകര: (vatakara.truevisionnews.com)ആധുനിക റോഡ് ഒരുങ്ങുകയാണ്. വില്ല്യാപ്പള്ളിയിൽ നിന്നും ആയഞ്ചേരിയിലേക്ക് ഇനി സുഖയാത്ര. കുറ്റ്യാടി നിയോജക മണ്ഡലത്തിലെ രണ്ട് പ്രധാന ടൗണുകളാണ് വില്യാപ്പള്ളിയും ആയഞ്ചേരിയും.
വില്ല്യാപ്പള്ളി , തിരുവള്ളൂർ,ആയഞ്ചേരി എന്നീ ഗ്രാമപഞ്ചായത്തുകളിലൂടെ കടന്നുപോകുന്നതും, വില്ല്യാപ്പള്ളിയെയും, ആയഞ്ചേരിയും തമ്മിൽ ബന്ധിപ്പിക്കുന്നതുമായ വളരെ പ്രധാനപ്പെട്ട റോഡാണ് വില്യാപ്പള്ളി ആയഞ്ചേരി റോഡ് .
പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ വലിയ മാറ്റമാണ് വില്ല്യാപ്പള്ളി ആയഞ്ചേരി റോഡിൽ ഉണ്ടായിരിക്കുന്നത്.
വില്ല്യാപ്പള്ളി -ആയഞ്ചേരി റോഡ് മുഴുവനായി ഉന്നത നിലവാരത്തിൽ എത്തിക്കാൻ വേണ്ടി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിനോട് എംഎൽഎ അഭ്യർത്ഥിച്ചിരുന്നു .
വില്ല്യാപ്പള്ളിയിൽ നിന്നും ആരംഭിക്കുന്ന ആദ്യ റീച്ചിലെ 1.25 കോടി രൂപയുടെ ബിസി ഓവർ ലേ പ്രവർത്തിയുടെ ഭാഗമായുള്ള ഐറിഷ് ഡ്രൈനേജ് നിർമ്മാണം ഉൾപ്പെടെ ഭൂരിഭാഗം പ്രവൃത്തികളും പൂർത്തിയാകാൻ പോവുകയാണ്.
താന്നി മുക്കു വരെയുള്ള 1.65 കി മി ഭാഗമാണ് ഈ പ്രവർത്തിയിൽ ഉൾപ്പെടുക . ബി .സി.ഓവർ ലേ പ്രവൃത്തി പൂർത്തിയായതോടെ പറമ്പിൽ പാലത്തിനു മുകളിലായി വളരെക്കാലമായി നിലനിന്നിരുന്ന നിരപ്പ് വ്യത്യാസം പരിഹരിക്കപ്പെട്ടു.
വില്ല്യാപ്പള്ളി ആയഞ്ചേരി റോഡിൽ അരയാക്കൂൽ താഴെമുതൽ വള്ളിയാട് വരെ വയലുകൾ വരുന്ന റോഡിന്റെ ഭാഗങ്ങൾ അരികുകെട്ടി സുരക്ഷിതമാക്കുന്നതിന് 25 ലക്ഷം രൂപയുടെ അനുമതി ലഭിച്ച പ്രവൃത്തിയും പുരോഗമിക്കുകയാണ്.
രണ്ടാം റീച്ചിലെ 2.27 കോടി രൂപയുടെ പ്രവൃത്തി പൂർത്തിയായിരിക്കുകയാണ് . ആയഞ്ചേരിയിൽ എത്തുന്ന അവസാന റീച്ചിലെ 2 കോടി രൂപയുടെ പ്രവൃത്തിയും പൂർത്തീകരണ ഘട്ടത്തിലാണ്.
വിവിധ ഘട്ടങ്ങളിലായി ഭൂവുടമകൾ സൗജന്യമായി ഭൂമി വിട്ടു തന്നതിന്റെ അടിസ്ഥാനത്തിലാണ് 5.77 കോടി രൂപയുടെ റോഡ് വികസനം യാഥാർത്ഥ്യമായത് .
പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ നടത്തിയ ഇടപെടലുകളാണ് പദ്ധതിക്ക് ഇത്രയും പണം ലഭിക്കാനിടയായത് .
അനുമതി ലഭിച്ച് വളരെ ചുരുങ്ങിയ കാലത്തിനുള്ളിൽ തന്നെ പൂർത്തീകരണത്തിലേക്ക് എത്തിക്കുന്നതിന് പരിശ്രമം നടത്തിയ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ, കരാറുകാർ, ജനപ്രതിനിധികൾ , സഹകരിച്ച നാട്ടുകാർ എല്ലാവർക്കും നന്ദി രേഖപ്പെടുത്തുന്നതായി
കെ പി കുഞ്ഞമ്മത്കുട്ടി മാസ്റ്റർ എംഎൽഎ പറഞ്ഞു.
#Modern #Road #ready #From #Villyapalli #Ayanchery #pleasant #journey