വടകര: (vatakara.truevisionnews.com) അത്യാഡംബര കാറുകളുപയോഗിച്ചുള്ള പ്രമോഷന്‍ വീഡിയോ ചിത്രീകരണത്തിനിടെ ഛായാഗ്രാഹകനും പ്രമോഷനല്‍ വീഡിയോ നിര്‍മാതാവുമായ ടി.കെ. ആല്‍വിന്‍ മരിച്ച കേസില്‍ നടപടിയുമായി മോട്ടോര്‍ വാഹനവകുപ്പ്.
പരസ്യ ചിത്രീകരണത്തിന് ഉപയോഗിച്ച രണ്ടു വാഹനങ്ങളും ഓടിച്ചിരുന്ന ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദാക്കി. ആല്‍വിനെ ഇടിച്ച ബെന്‍സ് ഓടിച്ചിരുന്ന സാബിത്ത് റഹ്‌മാന്റെ ഡ്രൈവിങ് ലൈസന്‍സ് ഒരു വര്‍ഷത്തേക്കും ഡിഫന്‍ഡര്‍ ഓടിച്ച മുഹമ്മദ് റൈസിന്റെ ലൈസന്‍സ് ആറ് മാസത്തേക്കുമാണ് റദ്ദാക്കിയത്.
അപകടമുണ്ടാക്കിയ ബെന്‍സ് കാറിന്റെ രജിസ്‌ട്രേഷന്‍ റാദ്ദാക്കുമെന്നും എം.വി.ഡി. അറിയിച്ചിട്ടുണ്ട്.
തൊണ്ടയാട് ബൈപ്പാസിലെ ട്രിപ്പിള്‍ നയണ്‍ ഓട്ടോമോട്ടീവ് എന്ന സ്ഥാപനത്തിനായി പ്രമോഷന്‍ വീഡിയോ ചിത്രീകരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
അത്യാഡംബര എസ്.യു.വികളായ ഡിഫന്‍ഡര്‍, ബെന്‍സ് എന്നീ വാഹനങ്ങള്‍ ഉപയോഗിച്ചായിരുന്നു വീഡിയോ ചിത്രീകരണം. ഇതിനിടയില്‍ അതിവേഗം പാഞ്ഞെത്തിയ ബെന്‍സ് ആല്‍വിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.
ഗുരുതരമായ പരിക്കേറ്റ ആല്‍വിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇതിനുപിന്നാലെ കാറോടിച്ച കാര്‍ ഡീറ്റെയ്ലിങ് സ്ഥാപനയുടമ സാബിത്ത് റഹ്‌മാനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
മനപ്പൂര്‍വമല്ലാത്ത നരഹത്യ, അശ്രദ്ധമായ ഡ്രൈവിങ്, ഇന്‍ഷുറന്‍സ് ഇല്ലാത്ത വാഹനം ഓടിച്ചു എന്നീ വകുപ്പുകളാണ് ഇയാള്‍ക്കെതിരേ ചുമത്തിയത്. പിന്നാലെ ജാമ്യത്തില്‍വിട്ടു.
ചൊവ്വാഴ്ച രാവിലെ ഏഴരയോടെ ബീച്ച് റോഡില്‍ വെള്ളയില്‍ പോലീസ് സ്റ്റേഷനു മുന്നിലെ സീബ്രാലൈനിലാണ് അപകടം. തെലങ്കാന രജിസ്‌ട്രേഷനിലുള്ള വാഹനം സാബിത്തും ഒപ്പമുണ്ടായിരുന്ന കേരള രജിസ്‌ട്രേഷന്‍ കാര്‍ സാബിത്തിന്റെ സ്ഥാപനത്തിലെ ജീവനക്കാരന്‍ തലക്കുളത്തൂര്‍ സ്വദേശി മുഹമ്മദ് റൈസുമായിരുന്നു ഓടിച്ചിരുന്നത്.
തെലങ്കാന രജിസ്‌ട്രേഷന്‍ കാര്‍, കേരള രജിസ്‌ട്രേഷന്‍ വാഹനത്തെ പെട്ടെന്ന് മറികടന്നെത്തി ആല്‍വിനെ ഇടിക്കുകയായിരുന്നു.
ആല്‍വിനെ ഇടിച്ചുതെറിപ്പിച്ച ആഡംബരക്കാറിന് ഇന്‍ഷുറന്‍സില്ലെന്ന് മോട്ടോര്‍വാഹനവകുപ്പ് കണ്ടെത്തിയിരുന്നു. അതുകൊണ്ടുതന്നെ കൂടെയുണ്ടായിരുന്നു രണ്ടാമത്തെ വാഹനത്തിന്റെ വിവരമാണ് സാബിത്ത് പോലീസിന് നല്‍കിയത്.
തെലങ്കാന രജിസ്‌ട്രേഷനുള്ള വാഹനം അവിടെനിന്ന് കൊണ്ടുവന്നെങ്കിലും ഇന്‍ഷുറന്‍സ് മറ്റൊരാളുടെ പേരിലായതിനാല്‍ നിയമസാധുതയില്ല.
#Car #accident #filming #advertisement #video #Driving #license #two #persons #canceled #MVD