#Vempayam #Bar Clash #Suicide #Thiruvananthapuram #Crime News #Nedumangad Police
തിരുവനന്തപുരം: ( https://truevisionnews.com/) തിരുവനന്തപുരം വെമ്പായം ബാറിലെ സംഘർഷത്തിനിടെ പൊള്ളലേറ്റ അരുണിന്റെ സുഹൃത്തിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പൊള്ളലേറ്റു ചികിത്സയിൽ കഴിയുന്ന അരുണിന്റെ സുഹൃത്ത് രതീഷ് (43) ആണ് വീടിനുള്ളിൽ തൂങ്ങിമരിച്ചത്. സംഭവത്തിൽ നെടുമങ്ങാട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന അനീഷ് മരിച്ചത്. ബാറിലുണ്ടായ അടിപിടിക്കും പെട്രോൾ ആക്രമണത്തിനും പിന്നാലെ ഇതുവരെ മൂന്നുപേർ മരണപ്പെട്ടിരുന്നു. സമീപത്തെ പമ്പിൽനിന്ന് പെട്രോൾ വാങ്ങി ബാറിലെത്തി തീകൊളുത്തിയ അനീഷ്, സംഘർഷത്തിനിടെ പൊള്ളലേറ്റ നവാസ്, അനീഷ് എന്നിവരാണ് ഇതിനോടകം മരിച്ചത്.
ഇവർക്ക് പുറമെ അരുൺ, നൗഫൽ, റിയാസ് എന്നിവരാണ് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നത്. സംഘർഷ സമയത്ത് രതീഷും അരുണിനൊപ്പം ബാറിലുണ്ടായിരുന്നെങ്കിലും രതീഷിന് പൊള്ളലേറ്റിരുന്നില്ല. ഈ സംഭവവുമായി ബന്ധപ്പെട്ട തുടർന്നുള്ള അന്വേഷണം പോലീസ് ഊർജിതമാക്കിയിട്ടുണ്ട്.
വെമ്പായം ഹോട്ടൽ ആൻഡ് റസിഡൻസിയിൽ കഴിഞ്ഞ ദിവസങ്ങളിൽ രാത്രി ഒമ്പത് മണിയോടെയാണ് നാടിനെ നടുക്കിയ ഈ സംഘർഷം ഉണ്ടായത്. ബാറിലെ എ.സി. മുറിയിൽ ഇരുന്ന് മദ്യപിച്ചിരുന്ന സംഘം തമ്മിലുണ്ടായ വാക്കുതർക്കമാണ് പിന്നീട് വലിയ ദുരന്തത്തിൽ കലാശിച്ചത്.

തർക്കത്തിനൊടുവിൽ ബാറിൽനിന്ന് പുറത്തുപോയ അനീഷ് സമീപത്തെ പമ്പിൽ നിന്നും കന്നാസിൽ പെട്രോൾ വാങ്ങി തിരിച്ചെത്തുകയായിരുന്നു. ബാറിലെ എസി ഹാളിൽ ഈ സമയം മുപ്പതോളം പേർ ഉണ്ടായിരുന്നു. ഇതിൽ എട്ടോളം പേർ അടങ്ങിയ മദ്യപാന സംഘത്തിന്റെ അടുത്തേക്ക് എത്തിയ അനീഷ് കുറച്ചുനേരം അവരുടെ കൂടെയിരുന്നു മദ്യപിച്ചു.
തുടർന്ന് വീണ്ടും ഇവരുമായി വാക്കേറ്റമുണ്ടാവുകയും ഇത് ചെറിയൊരു സംഘർഷത്തിൽ കലാശിക്കുകയുമായിരുന്നു. തുടർന്ന് പുറത്തുപോയി പെട്രോളുമായി മടങ്ങിയെത്തിയ അനീഷും മറ്റുള്ളവരും തമ്മിൽ ഉന്തുംതള്ളും പിടിവലിയും ഉണ്ടായി. ഈ പിടിവലിക്കിടെ കന്നാസിലുണ്ടായിരുന്ന പെട്രോൾ ബാറിലുണ്ടായിരുന്നവരുടെ ശരീരത്തിലേക്ക് ഒഴിയുകയും, തുടർന്ന് തീ ആളിപ്പടരുകയുമായിരുന്നു.
പെട്ടെന്ന് തീ ആളിപ്പടർന്നതോടെ ബാറിനുള്ളിൽ ഉണ്ടായിരുന്നവർ പുറത്തേക്ക് ഓടിരക്ഷപ്പെടുകയായിരുന്നു. മുറിയിലെ സോഫയിലും മറ്റും വ്യാപിച്ച തീ പിന്നീട് ഫയർഫോഴ്സ് സ്ഥലത്തെത്തിയാണ് പൂർണ്ണമായും അണച്ചത്
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക: 1056, 0471-2552056)
Content Highlight: Vempayam Bar Clash: Friend Of Injured Arun Dies By Suicide In Thiruvananthapuram
#Vempayam #Bar Clash #Suicide #Thiruvananthapuram #Crime News #Nedumangad Police














































