വടകര: സുദീർഘമായ 41 വർഷത്തെ സേവനത്തിനുശേഷം പോസ്റ്റ് മാസ്റ്റർ രാജൻ വിരമിക്കുന്നു.1982 ഫെബ്രുവരി 27ന് കേന്ദ്ര സർവീസിന്റെ ഭാഗമായ രാജന്റെ ഇത്രയും നാളത്തെ ഔദ്യോഗിക കൃത്യനിർവഹണമാണ് പൂർണ്ണമാവുന്നത്.


പോസ്റ്റൽ അസിസ്റ്റൻറ് ആയി ഔദ്യോഗിക ജീവിതം തുടങ്ങിയ രാജൻ ആദ്യ ഫാസ്റ്റ് ട്രാക്ക് പരീക്ഷ പാസായി കോഴിക്കോട് ഡിവിഷനിൽ എൽ.എസ്. ജി കേഡറിൽ പ്രവേശിച്ചു.
പിന്നീട് എച്ച് -എസ്-ജി 1 പോസ്റ്റ് മാസ്റ്ററായി കോഴിക്കോട് സിവിൽ സ്റ്റേഷൻ, കൊയിലാണ്ടി, വടകര ഹെഡ് പോസ്റ്റ് ഓഫീസുകളിൽ സേവനം ചെയ്തു.
ഏതു സംശയങ്ങൾക്കും ഞൊടിയിടയിൽ ഉത്തരം നൽകാൻ കഴിഞ്ഞിരുന്നു എന്നതാണ് രാജന്റെ പ്രത്യേകത. സർവീസ് ചട്ടങ്ങളിലും നിയമങ്ങളിലും ഏറെ അവഗാഹം ഉണ്ടായിരുന്നു.
പഴയ കമ്പി തപാൽ യുഗം പിന്നിട്ട്, തപാൽ മേഖല സ്വതന്ത്ര അസ്തിത്വം കൈവരിക്കുകയും പുതിയ സാങ്കേതിക വഴികളിലൂടെ മുന്നോട്ടു ചെയ്തപ്പോഴൊക്കെയും, അതിവേഗം ഡിപ്പാർട്ട്മെൻറ്നൊപ്പം സഞ്ചരിക്കാൻ കഴിഞ്ഞു എന്നത് അധികപേർക്കും അവകാശപ്പെടാൻ കഴിയാത്ത മികവാണ്.
ഐടി മോഡണൈസേഷന്റെ പ്രോജക്റ്റിന്റെ ഭാഗമായി കോർ ബാങ്കിംഗ്, സിഎസ്ഐ ഉൾപ്പെടെ തപാൽ വകുപ്പിൽ വിപ്ലവകരമായ സാങ്കേതിക പുരോഗതി കൈവരിച്ച ഘട്ടത്തിൽ പോലും പുതു തലമുറയിലെ ചെറുപ്പക്കാരെ തോൽപ്പിക്കും വിധം അതിവേഗം അപ്ഡേറ്റ് ചെയ്യാൻ കഴിഞ്ഞു രാജന്.
പോസ്റ്റ് മാസ്റ്റർ എന്ന നിലയിൽ സങ്കീർണ പ്രശ്നങ്ങൾ എളുപ്പം കുരുക്കഴിക്കാൻ കഴിയുന്ന നയ തന്ത്രജ്ഞത കൂടി കൈമുതലായി ഉണ്ടായിരുന്നു.
അതുകൊണ്ടുതന്നെ ജീവനക്കാർക്കെന്നപോലെ വിവിധ ആവശ്യങ്ങളുമായി ഓഫീസിൽ എത്തുന്ന ഉപഭോക്താക്കൾക്കും സുപരിചിതനായിരുന്നു രാജൻ. ദീർഘകാലം കോഴിക്കോട് ഡിവിഷനിൽ എഫ് .എൻ .പി.ഒ യൂണിയൻ സെക്രട്ടറിയായിരുന്നു.
സർക്കിൾ അസിസ്റ്റൻറ് സെക്രട്ടറി, വൈസ് പ്രസിഡണ്ട് സ്ഥാനങ്ങളും വഹിച്ചു. അഞ്ചുവർഷമായി കോഴിക്കോട് ജില്ലാ പോസ്റ്റൽ എംപ്ലോയീസ് ഹൗസിംഗ് സൊസൈറ്റി പ്രസിഡൻറ് കൂടിയാണ് രാജൻ.
കൊയിലാണ്ടിക്കടുത്ത് കന്നൂരാണ് സ്വദേശം. കഴിഞ്ഞവർഷം സർവീസിൽ നിന്ന് വിരമിച്ച ഭാര്യയോടും രണ്ടുമക്കൾ അടങ്ങുന്ന കുടുംബത്തോടൊപ്പം ബാലുശ്ശേരിയിലാണ് ഇപ്പോൾ താമസം.
Postmaster Rajan retires