ആയഞ്ചേരി: സ്വയംതൊഴിൽ രംഗത്ത് ഗ്രാമീണ മേഖലയിൽ പുത്തനുണർവ്വ്. ആയഞ്ചേരിയിൽ ഭക്ഷ്യധാന്യ പാക്കിങ് യൂണിറ്റ് പ്രവർത്തനമാരംഭിച്ചു.


ആയഞ്ചേരി ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിൽ പനയംകുളങ്ങര താഴെ ഭക്ഷ്യധാന്യ പാക്കിങ് യൂണിറ്റ് പ്രവർത്തനമാരംഭിച്ചു. ശുദ്ധമായി കഴുകി പൊടിച്ച മുളക്, മഞ്ഞൾ, മല്ലി, ഗോതമ്പ്, മുത്താറി, പുട്ടുപൊടികൾ തുടങ്ങിയ ഭക്ഷ്യധാന്യങ്ങളാണ് ഹോൾസെയിലായും, റീടൈലായും വിൽക്കപ്പെടുന്നത്.
'നക്ഷത്ര' എന്ന പേരിലുള്ള വനിതാ സ്വയം സഹായ സംഘമാണ് സംരംഭം ആരംഭിച്ചത്. ഗ്രാമീണ മേഖലയിൽ ചെറുകിട സംരംഭങ്ങൾ ആരംഭിച്ച് സ്വയം തൊഴിൽ കണ്ടെത്തി പരിപോഷിപ്പിക്കുന്ന സർക്കാർ പദ്ധതിയുടെ ഭാഗമായാണ് പാക്കിംഗ് യൂണിറ്റ് പ്രവർത്തനമാരംഭിച്ചത്.
പഞ്ചായത്തിൽ പ്രതേകമായി നിയോഗിച്ച ഉദ്യോഗസ്ഥൻ മുഖേന ആവശ്യമായ സഹായങ്ങൾ ഇത്തരം സംരംഭങ്ങൾക്ക് ലഭിക്കുന്നുണ്ട്. സംരംഭത്തിന്റെ ഉദ്ഘാടനം ആയഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കാട്ടിൽ മൊയ്തു മാസ്റ്റർ നിർവഹിച്ചു.
പഞ്ചായത്തിൽ ഇത്തരം ചെറുകിട സംരംഭകർ രംഗത്തുവന്നാൽ ആവശ്യമായ നിയമസാങ്കേതിക സഹായങ്ങൾ തുടർന്നും ചെയ്തു കൊടുക്കുമെന്നും പ്രസിഡണ്ട് പറഞ്ഞു. വാർഡ് മെമ്പർ ടി കെ ഹാരിസ് അധ്യക്ഷത വഹിച്ചു.
മീത്തലെ കാട്ടിൽ നാണു, കെ വി അഹമ്മദ്, കെ പി രാജൻ, ദാമോദരൻ കുനുത്തല, നന്തോത്ത് സുരേഷ് സംസാരിച്ചു. യൂണിറ്റ് അംഗങ്ങളായ സുമ പുതിയോട്ടിൽ സ്വാഗതവും റീജ പി.ടി.കെ നന്ദിയും പറഞ്ഞു.
Foodgrain parking unit at Ayanchery