വടകര: വടകരയിലെ ഹോംഗാർഡിലെ ജനകീയൻ പടിയിറങ്ങുന്നു. നടുറോഡിൽ ഗതാഗത നിയന്ത്രണത്തിന് ഇറങ്ങുന്ന സുരേഷ് ബാബു ഹോം ഗാർഡിനെ മനസ്സുകൊണ്ട് അഭിനന്ദിക്കാത്തവർ ആരുമുണ്ടാവില്ല.


യാത്രക്കിടയിൽ തിരക്കേറിയ ജംഗ്ഷനിൽ ഉന്മേഷവും ചിട്ടയും അതിലേറെ ചടുലതയും നിറഞ്ഞ സേവനം ചെയ്യുന്ന ഇദ്ദേഹത്തെ ആരും ശ്രദ്ധിച്ചു പോകും. ഡ്രൈവർമാരും കാൽനടയാത്രക്കാരും ഈ ഹോം ഗാർഡിനെ അച്ചടക്കബോധത്തോടെ അനുസരിക്കുന്നത് കാണാം.
ചുട്ടുപൊള്ളുന്ന വെയിലും മഴയും അദ്ദേഹത്തിനു പ്രശ്നമല്ല. ഇതൊന്നും വകവെക്കാതെ ഏറ്റെടുത്ത ജോലി ഊർജ്ജസ്വലതയോടെ ചെയ്യുന്നു. സുരേഷ് ബാബു ഓടിച്ചാടി ജോലി ചെയ്യുമ്പോൾ ഗതാഗത കുരുക്കും ഓടിയൊളിക്കും. ഇന്ത്യയുടെ ഉജ്ജ്വല സൈനികനായിരുന്നു സുരേഷ് ബാബു.
രാജ്യത്തെ സേവിക്കുന്നതിനോടൊപ്പം മിന്നും വോളിബോൾ പ്ലെയർ ആയിരുന്നു. ഉഗ്രൻ വോളിബോൾ സ്മാഷർ. 20 കൊല്ലത്തെ സർവീസിനു ശേഷം പവിൽദാറായി രണ്ടായിരത്തിൽ വിരമിച്ചു.
2010ൽ കേരള പോലീസിലെ ഹോം ഗാർഡിൽ സേവനം പുനരാരംഭിച്ചു. 9 കൊല്ലം വടകരയിലും നാലുകൊല്ലം ചോമ്പാല പോലീസ് സ്റ്റേഷനിലും സ്തുത്യർഹമായ സേവനം. തിരക്കേറിയ റോഡിൽ സ്കൂൾ കുട്ടികളുടെയും വയോധികരുടെയും കാര്യത്തിൽ അതീവ ശ്രദ്ധ ചെലുത്താൻ സുരേഷ് ബാബു മറക്കാറില്ല.
റോട്ടറി, ലയൺസ്, വിവിധ യുവജന സംഘടനകൾ തുടങ്ങിയവയുടെ അംഗീകാരം സുരേഷ് ബാബുവിനെ തേടിയെത്തി. വടകര പോലീസിലെ ഹോം ഗാർഡ് സേവനത്തിൽ സ്വദേശമായ വടകര ചോളം വയലിൽ സ്നേഹാദരവ് ഒരുക്കുകയാണ്.
അഞ്ചാം തീയതി ഞായറാഴ്ച വൈകിട്ട് നാലിന് വസന്തം റെസിഡൻസ് അസോസിയേഷൻ സംഘടിപ്പിക്കുന്ന സ്നേഹാദരം വടകര സിഐ പി.എം. മനോജ് കുമാർ ഉദ്ഘാടനം ചെയ്യും.
Home Guard Suresh Babu is honored by the country